നിറഞ്ഞുപെയ്യും വര്‍ഷം, ശക്തമായ കാറ്റടിക്കും- തിങ്കള്‍ മഴ നേരിടാന്‍ തയാറെടുത്ത് യു.എ.ഇ

അബുദാബി - ഇടി, മിന്നല്‍, ആലിപ്പഴം എന്നിവക്കൊപ്പം മിതമായതോ കനത്തതോ ആയ മഴ രാജ്യത്തുടനീളം തിങ്കളാഴ്ച പെയ്യുമെന്ന  മുന്നറിയിപ്പിനെ തുടര്‍ന്ന് യു.എ.ഇ നിവാസികള്‍  ജാഗ്രതയില്‍. ശക്തമായ കാറ്റിനേയും മഴയേയും  നേരിടാന്‍ തയ്യാറെടുക്കുകയാണ് അവര്‍. ദേശീയ കാലാവസ്ഥാ കേന്ദ്രം ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പുറപ്പെടുവിച്ചു,  അപകടകരമായ കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കായി ജാഗ്രത പാലിക്കാന്‍ കേന്ദ്രം അഭ്യര്‍ഥിച്ചു.
ജീവനക്കാരുടെയും വിദ്യാര്‍ഥികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ സ്‌കൂളുകളും ഓഫീസുകളും വര്‍ക് ഫ്രം ഹോം രീതിയിലായിരിക്കും.

ഏഴ് എമിറേറ്റുകളില്‍ ആറിലും മിന്നലോടും ഇടിയോടും കൂടി സാമാന്യം ശക്തമായ മഴ ഇന്നും പെയ്തു. അബുദാബി, ദുബായ്, ഷാര്‍ജ, ഫുജൈറ, അജ്മാന്‍, റാസല്‍ഖൈമ എന്നിവിടങ്ങളിലാണ് യുഎഇയുടെ ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍സിഎം) മഴ രേഖപ്പെടുത്തിയത്.

ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ അധികൃതരും തയാറായിക്കഴിഞ്ഞു. എമര്‍ജന്‍സി സര്‍വീസുകളെല്ലാം ജാഗ്രതയിലാണ്.
ദുബായ് നിവാസിയായ മുഹമ്മദ് താരിഖ് നാളെ വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിന്റെ ആശ്വാസത്തിലാണ്. ഒരു പിതാവെന്ന നിലയില്‍, ഇടിമിന്നലുള്ള സമയത്ത് കുട്ടികളോടൊപ്പം സമയം ചെലവഴിക്കാനും അവരെ സുരക്ഷിതരാക്കാനുമുള്ള അവസരം ലഭിച്ചതില്‍ അദ്ദേഹം സന്തോഷവാനാണ്.
'എന്റെ 6 വയസ്സുകാരന്‍ മകന്‍ ഇടിമിന്നലിനെ ശരിക്കും ഭയപ്പെടുന്നു, ഞാന്‍ വീട്ടിലിരിക്കുന്നതിനാല്‍ അവന് ആശ്വാസം ലഭിക്കും,' മുഹമ്മദ് പറഞ്ഞു.
ട്രാഫിക്കും മോശം കാലാവസ്ഥയും ഒഴിവാക്കുന്നതിന്റെ അധിക നേട്ടത്തോടെ, തന്റെ കുട്ടികളെ വീടിനുള്ളില്‍ നിര്‍ത്തിയും ജനാലകള്‍ അടച്ചും അവരുടെ സുരക്ഷ ഉറപ്പാക്കിയും ദിവസം പരമാവധി പ്രയോജനപ്പെടുത്താന്‍ മുഹമ്മദ് പദ്ധതിയിടുന്നു.
കാലാവസ്ഥാ പ്രവചനത്തെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കുന്നതിനും പ്രതികൂല കാലാവസ്ഥയെ മികച്ച രീതിയില്‍ നേരിടാന്‍ സഹായിക്കുന്നതിനും സംവിധാനം ഏര്‍പ്പെടുത്തിയതിന് യു.എ.ഇ അധികൃതരെ നിവാസികള്‍ പ്രശംസിച്ചു.

 

Latest News