VIDEO ആടു ജീവിതത്തിനുമുമ്പേ അണിയറ പ്രവര്‍ത്തകരുടെ അതിജീവനം കാണാം

കൊച്ചി- ആടു ജീവിതം സിനിമ റിലീസിന് ഒരുങ്ങിയിരിക്കെ, അണിയറ പ്രവര്‍ത്തകര്‍ ജോര്‍ദാനിലെ മരുഭൂമിയില്‍ അനുഭവിച്ചുതീര്‍ത്ത കോവിഡ് കാലത്തെ കുറിച്ചുള്ള ഡോക്യുമെന്ററി പുറത്ത്.
പൃഥ്വിരാജിനെ നായകനാക്കി ബ്ലസ്സി സംവിധാനം ചെയ്യുന്ന ആടു ജീവിതം ഏറെ കാത്തിരിപ്പിനൊടുവിലാണ് റിലീസിനൊരുങ്ങിയിരിക്കുന്നത്. ബെന്യാമിന്‍ എഴുതിയ ഏറെ ശ്രദ്ധേയമായ ആടു ജീവിതം എന്ന നോവലാണ്  അതേ പേരില്‍ സിനിമയാകുന്നത്.
ചിത്രത്തിന്റെ ഒരു ഭാഗം ജോര്‍ദാനിലെ മരുഭൂമിയിലാണ് ചിത്രീകരിച്ചത്. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് ആറുപതു ദിവസത്തോളമാണ് അണിയറ പ്രവര്‍ത്തകര്‍ ജോര്‍ദാനില്‍ കുടുങ്ങിയത്. സംഘത്തിന്റെ കോവിഡ് കാല അതിജീവനമാണ് ഡോക്യുമെന്ററിയിലുള്ളത്.
കോവിഡ് കാലത്ത് നേരിട്ട വെല്ലുവിളികളും പ്രയാസങ്ങളും പിന്നീട് അതെല്ലാം തരണം ചെയ്തതടക്കമുള്ള ടീം അംഗങ്ങളുടെ ഓര്‍മ്മകളിലൂടെയുള്ള യാത്രയാണ് കൊറോണ ഡേയ്‌സ്.
ചിത്രത്തിന് വേണ്ടി 30 കിലോയോളം പൃഥ്വിരാജ് ഭാരം കുറച്ചിരുന്നു. അതിനാല്‍ ചിത്രീകരണം മാറ്റുന്നതും നീട്ടിവെക്കുന്നതും വെല്ലുവിളിയായിരുന്നു. കോവിഡ് കാലത്ത് ഒന്നിനും ഒരു വ്യക്തത ഇല്ലായിരുന്നുവെന്ന് സംവിധായകന്‍ ബ്ലസി പറയുന്നത്.
ഓരോ ദിവസം കഴിയന്തോറും ആളുകള്‍ മാനസികമായി തളരുകയായിരുന്നു. പിന്നീട് എല്ലാവരും കുടുംബം പോലെ മാറുകയും ആ സന്ദര്‍ഭങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുകയുമായിരുന്നു. ഈസ്റ്ററും വിഷവുമൊക്കെ അവിടെ ആഘോഷിച്ചു. മരുഭൂമിയില്‍ ലുഡോ ബോര്‍ഡും ചീട്ടും കളിച്ച് സമയം ചെലവഴിക്കുന്ന വീഡിയോകളും ഡോക്യൂമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
2018ല്‍ ആരംഭിച്ച ആടു ജീവിതത്തിന്റെ ചിത്രീകരണം എട്ട് വര്‍ഷത്തോളമാണ് തുടര്‍ന്നത്.  ഏപ്രില്‍ 10ന് ചിത്രം റിലീസ് ചെയ്യും. പൃഥ്വിരാജിനെ കൂടാതെ അമല പോള്‍, ജിമ്മി ജീന്‍ ലൂയിസ്, റിക് അബി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിഷ്വല്‍ റൊമാന്‍സ് പ്രൊഡക്ഷന്‍സ് ആണ് നിര്‍മാണം.

 

Latest News