ദോഹ- മികച്ച സാമൂഹ്യ പ്രവർത്തകനുള്ള ബാബാ സാഹിബ് സ്റ്റേറ്റ് അവാർഡ് ദീർഘകാല ഖത്തർ പ്രവാസിയും സാമൂഹ്യ സാംസ്‌കാരിക നായകനുമായ ഡോ. എം.പി. ഷാഫി ഹാജിക്ക്. ആറ് പതിറ്റാണ്ടിലേറെ കാലം പ്രവാസ ലോകത്ത് മികച്ച സംരംഭകനായും സാമൂഹ്യ സാംസ്‌കാരിക നേതാവായും ചെയ്ത സേവനങ്ങൾ പരിഗണിച്ചാണ് ന്യൂദൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോ. ബി.ആർ. അംബേദ്കർ ഇന്റർനാഷനൽ ഫൗണ്ടേഷന്റെ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള ബാബാ സാഹിബ് സ്റ്റേറ്റ് അവാർഡ് ഡോ. എം.പി. ഷാഫി ഹാജിയെ തെരഞ്ഞെടുത്തത്.
കഴിഞ്ഞ 62 വർഷമായി ഖത്തറിലെ പ്രവാസി സമൂഹത്തിൽ വിജയകരമായ സംരംഭകനായും പൊതുപ്രവർത്തകനായും നിറഞ്ഞുനിൽക്കുന്ന എം.പി. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറായ ഡോ. എം.പി. ഷാഫി ഹാജി നിരവധി പൊതുവേദികളുടെ ഭാരവാഹിയും രക്ഷാധികാരിയുമാണ്. കാസർകോട് എം.പി ഇന്റർനാഷനൽ സ്‌കൂൾ ചെയർമാനായ അദ്ദേഹം വിദ്യാഭ്യാസ രംഗത്തും ജനസേവന രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
തിരുവനന്തപുരം താജ് വിവന്ത ഹോട്ടലിൽ നടന്ന ചടങ്ങിൽ പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദ ബോസ് അവാർഡ് സമ്മാനിച്ചു. ഡോ. ബി.ആർ. അംബേദ്കർ ഇന്റർനാഷനൽ ഫൗണ്ടേഷൻ ചെയർപേർസൺ ഉഷ കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. ദേശീയ അധ്യക്ഷൻ ഗോപാല കൃഷ്ണൻ സ്വാഗതവും സംസ്ഥാന പ്രസിഡന്റ് കെ.വി. പത്മനാഭൻ നന്ദിയും പറഞ്ഞു.






