മോര്‍ച്ചക്കാരെ മോര്‍ച്ചറിയിലയക്കും; വസീഫിനെതിരെ പോലീസില്‍ പരാതി നല്‍കി മഹിളാ മോര്‍ച്ച

കോഴിക്കോട്- കോഴിക്കോടിന്റെ സ്വാഭാവികജീവിതത്തെ തടസ്സപ്പെടുത്തിയാല്‍ മോര്‍ച്ചക്കാരെ മോര്‍ച്ചറിയിലേക്കയക്കുമെന്ന് പറഞ്ഞ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫിനെതിരെ മഹിളാ മോര്‍ച്ച പോലീസില്‍ പരാതി നല്‍കി. ഡി.വൈ.എഫ്.ഐ. കോന്നാട് ബീച്ചില്‍ മഹിളാമോര്‍ച്ചയുടെ സദാചാര ഗുണ്ടായിസത്തിനെതിരേ എന്ന മുദ്രാവാക്യവുമായി നടത്തിയ പ്രതിഷേധസായാഹ്നത്തില്‍ സംസാരിക്കുന്നതിനിടെയായിരുന്നു വസീഫിന്റെ പരാമര്‍ശം. പ്രസംഗത്തിനിടെ ഭീഷണിപ്പെടുത്തിയതായി മഹിളാമോര്‍ച്ച ജില്ലാപ്രസിഡന്റ് രമ്യ മുരളിയാണ് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്.
കോന്നാട് കടപ്പുറത്ത് ശക്തമാവുന്ന ലഹരിമാഫിയക്കെതിരെ പ്രദേശവാസികളായ സ്ത്രീകള്‍ പ്രതീകാത്മക സമരം നടത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെ പ്രദേശത്തിനു പുറത്തുനിന്നുവന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധസമരം നടത്തുന്നതിനിടെ വസീഫ് വെല്ലുവിളിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. സ്ത്രീസംഘടനയായ മഹിളാമോര്‍ച്ചയുടെ അംഗങ്ങളായ സ്ത്രീകള്‍ക്കു ജീവന് ഭീഷണിയുയര്‍ത്തി പ്രസംഗിച്ചതിനെതിരെ നടപടിയെടുക്കണമെന്ന് രമ്യ മുരളി ആവശ്യപ്പെട്ടു.

സംഭവത്തില്‍ അന്വേഷണം നടത്താന്‍ കമ്മിഷണര്‍ പരാതി ടൗണ്‍ എ.സി.പി കെ.ജി.സുരേഷിനു കൈമാറി. കോന്നാട് കടപ്പുറത്തു സമരം ചെയ്ത വനിതകളെ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ജുബിന്‍ ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. വെള്ളയില്‍ എസ്‌ഐ എ.വി.ബവീഷ് അടക്കമുള്ള പോലീസുകാരുമായും ചര്‍ച്ച നടത്തി.ബിജെപി നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ. ഷൈബു, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അതുല്‍ പെരുവട്ടൂര്‍, വിഷ്ണു പയ്യാനക്കല്‍, വൈസ് പ്രസിഡന്റ് വിസ്മയ പിലാശ്ശേരി തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.

 

Latest News