സ്‌കൂള്‍ ബസുകളെ ഗൗനിച്ചില്ലെങ്കില്‍ വലിയ പിഴ; 1000 ദിര്‍ഹമും 10 ബ്ലാക്ക് പോയിന്റും

അബുദബി- സ്‌കൂള്‍ ബസുകളെ ഗൗനിക്കാതെ ട്രാഫിക് നിയമ ലംഘനം നടത്തുന്നവര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി അബുദബി പോലീസ്. സ്‌കൂള്‍ ബസുകളിലെ 'സ്റ്റോപ്' അടയാളം ഗൗനിക്കാതെ വാഹനമോടിച്ച് പിടികൂടിയാല്‍ 1000 ദിര്‍ഹം പിഴ ഈടാക്കുമെന്നാണ് മുന്നറിയിപ്പ്. കുടാതെ ലൈസന്‍സില്‍ 10 കറുത്ത പുള്ളികളും വീഴും. അഞ്ചു മീറ്ററില്‍ കുറയാത്ത അകലത്തില്‍ സ്‌കൂള്‍ ബസ് നിര്‍ത്തിയതായി 'സ്‌റ്റോപ്' അടയാളം കണ്ടാല്‍ മറ്റു വാഹനങ്ങള്‍ അവിടെ നിര്‍ത്തിയിരിക്കണമെന്നും ഒരിക്കലും മുന്നോട്ടെടുക്കരുതെന്നും അബുദബി പോലീസ് ട്രാഫിക് പട്രോള്‍സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ അഹ്മദ് അല്‍ ശെഹ്ഹി വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവരോട് ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്ക് മുന്തിയ പരിഗണനയാണ് നല്‍കുന്നതും ഇതുറപ്പു വരുത്താനാണ് ചട്ടം കര്‍ശനമാക്കിയതെന്നും അദ്ദേഹം അറിയിച്ചു.  ഇതു ലംഘിച്ചാല്‍ 1000 ദിര്‍ഹം പിഴ ഈടാക്കാനും 10 ബ്ലാക്ക് പോയിന്റുകള്‍ നല്‍കാനും യുഎഇയിലെ ഫെഡറല്‍ ട്രാഫിക് നിയമത്തിലെ നടപടി ചട്ടങ്ങള്‍ അനുശാസിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. സ്‌കൂള്‍ ബസ് നിര്‍ത്തുമ്പോള്‍ 'സ്റ്റോപ്' അടയാളം കാണിക്കുന്നതില്‍ വീഴ്ച വരുത്തുന്ന സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് 500 ദിര്‍ഹം പിഴയും ആറ് ബ്ലാക് പോയിന്റുകളും ശിക്ഷയായി നല്‍കുമെന്നും പോലീസ് വ്യക്തമാക്കി. ഇതു സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ അബുദബ് പോലീസ് നടത്തിയ അഭിപ്രായ സര്‍വേയില്‍ പങ്കെടുത്ത 93.3 ശതമാനം പേരും പുതിയ കര്‍ശന ട്രാഫിക് ചട്ടങ്ങളെ പിന്തുണച്ചു.

Latest News