മുംബൈ- സിനിമാ അഭിനയത്തിന്റെ ആറരപ്പതിറ്റാണ്ട് പൂര്‍ത്തിയാകാനിരിക്കെ പേരില്‍ ചെറിയൊരു മാറ്റം വരുത്തി ധര്‍മേന്ദ്ര. പുതിയ ചിത്രമായ 'തേരി ബാത്തോം മേം ഏസാ ഉല്‍ഝാ ജിയാ'യിലാണ് ധര്‍മേന്ദ്രയുടെ പേരില്‍ മാറ്റം വരുത്തി സ്‌ക്രീനില്‍ തെളിഞ്ഞത്.
ധര്‍മേന്ദ്ര സിംഗ് ഡിയോള്‍ എന്ന പേരാണ് പുതുതായി കാണിച്ചിരിക്കുന്നത്. ശരിയായ പേര് ധരം സിംഗ് ഡിയോള്‍ എന്നാണെങ്കിലും ധര്‍മേന്ദ്രയെന്ന സിനിമാ പേര് അദ്ദേഹം നിലനിര്‍ത്തിയിട്ടുണ്ട്. ധര്‍മേന്ദ്രയുടെ മക്കളായ സണ്ണിയും ബോബിയും തങ്ങളുടെ പേരിനൊപ്പം ഡിയോള്‍ എന്ന സര്‍നെയിം ആദ്യകാലം മുതല്‍ ഉപയോഗിക്കുന്നുണ്ട്. 1935ല്‍ ജനിച്ച അദ്ദേഹം 1960ലാണ് സിനിമയിലെത്തിയത്.
ശ്രീറാം രാഘവന്‍ സംവിധാനംചെയ്യുന്ന ഇക്കീസ് എന്ന ചിത്രമാണ് ധര്‍മേന്ദ്രയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളിലൊന്ന്. അമിതാഭ് ബച്ചന്റെ കൊച്ചുമകന്‍ അഗസ്ത്യ നന്ദയാണ് ചിത്രത്തിലെ നായകന്‍. 'അപ്‌നേ 2' ആണ് ധര്‍മേന്ദ്രയുടെ വരാനിരിക്കുന്ന മറ്റൊരു ചിത്രം. മകന്‍ സണ്ണി ഡിയോളും അദ്ദേഹത്തിനൊപ്പം ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്.