ഇസ്‌ലാമാബാദ്- വോട്ടവകാശം വിനിയോഗിക്കുന്നതില്‍ പാകിസ്ഥാന്‍ ജനതയുടെ സ്വതന്ത്രവും തടസ്സമില്ലാത്തതുമായ പങ്കാളിത്തം ജനാധിപത്യത്തോടുള്ള പ്രതിബദ്ധതയുടെ തെളിവാണെന്ന് ആര്‍മി ചീഫ് ജനറല്‍ അസിം മുനീര്‍ പറഞ്ഞു.
'പ്രതിസന്ധികള്‍ക്കിടയിലും തിരഞ്ഞെടുപ്പ് പ്രക്രിയക്ക് സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിച്ചതിന് നിയമ നിര്‍വ്വഹണ ഏജന്‍സികളുടെ നേതൃത്വവും ഉദ്യോഗസ്ഥരും വലിയ പ്രശംസ അര്‍ഹിക്കുന്നു,' അദ്ദേഹം പറഞ്ഞു.
രാഷ്ട്രത്തെയും കാവല്‍ സര്‍ക്കാരിനെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും രാഷ്ട്രീയ പാര്‍ട്ടികളെയും വിജയിച്ച എല്ലാ സ്ഥാനാര്‍ത്ഥികളെയും അദ്ദേഹം അഭിനന്ദിച്ചു.
മാധ്യമങ്ങള്‍, സിവില്‍ സമൂഹം, സിവില്‍ അഡ്മിനിസ്‌ട്രേഷന്‍, ജുഡീഷ്യറി അംഗങ്ങള്‍ എന്നിവരുടെ ക്രിയാത്മകമായ പങ്കാണ് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് അഭ്യാസത്തിന്റെ വിജയകരമായ നടത്തിപ്പ് സാധ്യമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ജനാധിപത്യ ശക്തികളുടെയും പ്രതിനിധിയായ ഒരു ഐക്യ സര്‍ക്കാര്‍, ദേശീയ ലക്ഷ്യത്തോടെ പാക്കിസ്ഥാന്റെ വൈവിധ്യമാര്‍ന്ന രാഷ്ട്രീയത്തെയും ബഹുസ്വരതയെയും മികച്ച രീതിയില്‍ പ്രതിനിധീകരിക്കും. രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും ഈയവസരത്തില്‍ പക്വത കാണിക്കണമെന്നും തിരഞ്ഞെടുപ്പും ജനാധിപത്യവും പാക്കിസ്ഥാനിലെ ജനങ്ങളെ സേവിക്കാനുള്ള മാര്‍ഗമാണെന്നും ജനറല്‍ അസിം മുനീര്‍ പറഞ്ഞു.