ഇടുക്കി- ക്ഷേമപെന്ഷന് മുടങ്ങിയതില്‍ വീണ്ടും പ്രതിഷേധം. 'ദയാവധത്തിന് തയ്യാര്‍' എന്ന ബോര്‍ഡ് സ്ഥാപിച്ചാണ് വൃദ്ധ ദമ്പതികള്‍ പ്രതിഷേധവുമായി രംഗത്തുവന്നത്.
അടിമാലി അമ്പലപ്പടിയില്‍ പെട്ടിക്കട നടത്തുന്ന ഭിന്നശേഷിക്കാരിയായ ഓമനയും (73) ഭര്‍ത്താവ് ശിവദാസുമാണ് (82) പെട്ടിക്കടക്ക് മുന്നില്‍ ബോര്‍ഡ് സ്ഥാപിച്ചത്. പെന്ഷന് മുടങ്ങിയതോടെ ജീവിതം ദുരിതത്തിലാണെന്ന് വൃദ്ധ ദമ്പതികള്‍ പറഞ്ഞു. പിന്നീട് സി. പി. എം നേതാക്കള്‍ ഇടപെട്ട് സമരം അവസാനിപ്പിച്ചു.
അടിമാലി ഗ്രാമപഞ്ചായത്തില്‍ ഇരുപതാം വാര്‍ഡില്‍ കുളമാംകുഴിക്കുടിയില് താമസിച്ചിരുന്ന
വാളിപ്ലാക്കല്‍ ശിവദാസനും ഭാര്യ ഓമനക്കും പട്ടികവര്‍ഗ വകുപ്പാണ് കാട്ടുവിഭവങ്ങള്‍ ശേഖരിച്ച് വില്‍പ്പന നടത്തുന്ന പെട്ടിക്കട നല്‍കിയത്. എന്നാല്‍ വനത്തില്‍ പോയി വിഭവങ്ങള്‍ ശേഖരിക്കുന്നതിന് വന്യമൃഗം ശല്യം മൂലം സാധിക്കാതെ വരുന്നതിനാല്‍ വരുമാനം നിലച്ചതായും ഇവര്‍ പറയുന്നു.
പെന്ഷന് ലഭിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് സി. പി. എം. നേതാക്കള്‍ ഉറപ്പു നല്‍കിയതോടെയാണ് സമരം അവസാനിപ്പിച്ചത്. പെന്ഷന് ലഭിച്ചില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്നും ശിവദാസനും ഓമനയും പറഞ്ഞു.
സി. പി. എം. നേതാക്കള്‍ എത്തി ദമ്പതികള്‍ക്ക് ആയിരം രൂപ കൈമാറി. മുടങ്ങിയ പെന്ഷന് കിട്ടുന്നത് വരെ മാസം തോറും 1600 രൂപ വീതം നല്‍കുമെന്നാണ് യൂത്ത് കോണ്‍ഗ്രസ് വാഗ്ദാനം. ബി. ജെ. പി പ്രവര്‍ത്തകര്‍ ഒരു മാസത്തെ പെന്‍ഷനും അവശ്യ സാധനങ്ങള്‍ അടങ്ങിയ കിറ്റും നല്കി.






