കഥകൾ കേൾക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. കൂട്ടുകുടുംബ സംവിധാനം നിലനിന്നിരുന്ന കാലത്ത് കഥ പറയുന്ന മുത്തശ്ശിമാർ കേരളീയ സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു. ന്യൂക്ളിയർ കുടുംബങ്ങൾ, നഗരവൽക്കരണം, ഫ്ളാറ്റ് സംസ്‌കാരം, സാമൂഹിക മാധ്യമങ്ങളുടെ അതിപ്രസരം തുടങ്ങിയ വിവിധ കാരണങ്ങളാൽ കുടുംബാന്തരീക്ഷങ്ങൾ മാറിയിരിക്കുന്നു. ഇന്ന് നമുക്ക് കഥ പറയുന്ന മുത്തശ്ശിമാരില്ല. യുവ രക്ഷിതാക്കൾക്കാകട്ടെ ഒന്നുകിൽ പറയാൻ പറ്റുന്ന കഥകളറിയില്ല, അല്ലെങ്കിൽ അതിനുള്ള സമയവും സന്ദർഭവുമില്ല . അങ്ങനെ പലപ്പോഴും കുടുംബാംഗങ്ങൾ തമ്മിലുള്ള ആശയവിനിമയം ഒന്നോ രണ്ടോ വാക്കുകളിലൊതുങ്ങുന്നു. പരസ്പരം സംസാരിക്കുവാൻ വിഷയങ്ങളില്ലാത്തതിനാലോ താൽപര്യമില്ലാത്തതിനാലോ ഓരോരുത്തരും മൊബൈൽ ഫോണിന്റെയും ഇന്റർനെറ്റിന്റേയും മായികലോകത്ത് അഭിരമിക്കുകയും ജീവിതം യാന്ത്രികമായി മാറുകയും ചെയ്യുന്നു. പങ്കുവെക്കേണ്ട വികാരങ്ങളും ആശയങ്ങളും ശരിയായ രീതിയിൽ ലഭിക്കാത്തതിന്റെ പ്രയാസങ്ങൾ എല്ലാ രംഗത്തും പ്രകടമാണ് .ഈ പശ്ചാത്തലത്തിലാണ് പ്രശസ്ത ട്രെയിനറും കഥ പറച്ചിൽകാരനുമായ നിസാർ പട്ടുവത്തിന്റെ 'ഒരു കഥ സൊല്ലട്ടുമാ' എന്ന സവിശേഷ പ്രോഗ്രാം ശ്രദ്ധേയമാകുന്നത്. ഒരു മണിക്കൂറുകൊണ്ട് പത്ത് മുപ്പത് കഥകൾ ആറ്റിക്കുറുക്കി സഹൃദയ സമക്ഷം അദ്ദേഹം സമർപ്പിക്കുമ്പോൾ ആരും കാത് കൂർപ്പിച്ചിരിക്കും.
സദസ്സിനനുസരിച്ച കഥകൾ കോർത്തിണക്കി ഏറെ വൈകാരിക തലങ്ങളോടെ നിസാർ പറയുന്ന ഓരോ കഥയും കേൾവിക്കാരന്റെ കാതുകളിലല്ല ഹൃദയങ്ങളിലാണ് സ്ഥാനം പിടിക്കുന്നത്. വലിയ ഉദ്ബോധനങ്ങളും പ്രഭാഷണങ്ങളുമൊന്നുമില്ലാതെ മികച്ച ആശയങ്ങളും ചിന്തകളും ഓരോരുത്തരിലും സന്നിവേശിപ്പിക്കുന്നു എന്നിടത്താണ് നിസാറിന്റെ കഥ പറച്ചിൽ സാർഥകമാകുന്നത്. വായിച്ച കഥകളും നിരീക്ഷിച്ച ജീവിത യാഥാർഥ്യങ്ങളും അനുഭവങ്ങളും മാത്രമല്ല ജീവിത കഥകളും സാഹിത്യ കഥകളുമൊക്കെ കോർത്തിണക്കുന്ന കഥ പറച്ചിൽ വൈവിധ്യമാർന്ന തലങ്ങളിലേക്കാണ് ആസ്വാദകരെ കൊണ്ടുപോകുന്നത്. ആയിരത്തൊന്ന് രാവുകളും ഈസോപ്പ് കഥകളുമൊക്കെ ഇന്നും വായനക്കാരേയും കേൾവിക്കാരേയും വിസ്മയിപ്പിക്കുന്നത് കഥയുടെ കരുത്താണ് അടയാളപ്പെടുത്തുന്നത്.
കഥ പറച്ചിൽ പുതുതലമുക്ക് കൈമോശം വന്ന കലയാണെന്നും സ്നേഹവും ചേർത്ത് വെക്കലും അതിലൂടെ അനായാസം സാദ്ധ്യമാണെന്നുമാണ് കഴിഞ്ഞ നാലു വർഷത്തെ കഥ പറച്ചിൽ അനുഭവത്തിന്റെ വെളിച്ചത്തിൽ നിസാർ പറയുന്നത്. പലപ്പോഴും ജീവിതത്തിന്റെ വ്യത്യസ്തമായ വൈകാരിക തലങ്ങൾ അനുഭവിക്കാനാവുക കഥകളിലൂടെയാണ് . മനുഷ്യനിലെ വൈകാരികമായ എല്ലാ ഹോർമോണുകളേയും ഉത്തേജിപ്പിക്കാനാകുന്ന സവിശേഷമായ ഒരു കലയാണ് കഥ.
ഉപദേശങ്ങൾ മിക്കവർക്കും ഇഷ്ടമായെന്ന് വരില്ല. എന്നാൽ മൂല്യാധിഷ്ഠിതമായ കഥകൾ പ്രചോദിപ്പിക്കുകയും നവീകരിക്കുകയും ചെയ്യുമെന്നതിൽ സംശയമില്ല. കുട്ടികളെ മാറ്റുവാനും നല്ല ശീലമുള്ളവരാക്കി തീർക്കുവാനും ഏറ്റവും ഫലപ്രദമായ മാർഗം നല്ല കഥകൾ പറഞ്ഞു കൊടുക്കുകയാണെന്ന് വടകര തിരുവള്ളൂർ പഞ്ചായത്തിലുണ്ടായ ഒരനുഭവം വിവരിച്ച് നിസാർ പറഞ്ഞു. നിത്യവും ഓരോ കഥ എന്ന ഒരു പ്രൊജക്ട് നടപ്പാക്കിയ സ്‌കൂളുകളിൽ ഫുഡ് വേസ്റ്റ് പൂർണമായും ഒഴിവാക്കാനായത് കഥകളിലൂടെയായിരുന്നു. വിശപ്പിന്റെ വിവിധ തലങ്ങളെ അനാവരണം ചെയ്യുന്ന ഏതാനും കഥകളിലൂടെ കുട്ടികൾ ഭക്ഷണം പാഴാക്കുന്നത് നിർത്തുക മാത്രമല്ല അതിനെതിരെയുള്ള പോരാളികളായി മാറുകയും ചെയ്തു. നാം പാഴാക്കുന്ന ഭക്ഷണം മറ്റാരുടെയൊക്കെയോ വിശപ്പ് മാറ്റാനുള്ള വകയാണെന്ന തിരിച്ചറിവ് കുട്ടികളിലുണ്ടാക്കിയ മാറ്റം അത്ഭുതകരമായിരുന്നു.
സ്നേഹം, ആർദ്രത, കാരുണ്യം, ദയ, വിനയം, സഹകരണം തുടങ്ങി നിരവധി വികാരങ്ങളെ പ്രായോഗികമായി ബോധ്യപ്പെടുത്താൻ കഥകൾക്കാകും. ജീവിതത്തിന്റെ ശരിയായ അർഥം തിരിച്ചറിയാനും ദൗത്യം പിന്തുടരാനും കഥകൾ പ്രചോദനമാകും. മലയാളി കുടുംബങ്ങൾക്ക് മൂല്യവത്തായ കഥകളിലൂടെ ക്രിയാത്മക മേഖലകളിലും കുടുംബാന്തരീക്ഷത്തിലും വലിയ മാറ്റമുണ്ടാക്കാനാകുമെന്ന തിരിച്ചറിവാണ് ഇങ്ങനെയൊരു ദൗത്യവുമായി ഇറങ്ങിത്തിരിക്കുവാൻ പ്രേരകമായതെന്ന് നിസാർ പട്ടുവം പറഞ്ഞു.
വിവിധ തരത്തിലുള്ള പരിശീലന പരിപാടികളുമായി നിരക്കിലായിരുന്ന നിസാർ കോവിഡ് കാലത്താണ് കഥകളുടെ സ്വാധീനവും സാമൂഹ്യ പ്രസക്തിയും തിരിച്ചറിയുന്നത്. തുടർന്ന് രൂപീകരിച്ച സ്റ്റോറി ടെല്ലേർസ് ക്‌ളബ്ബിന് വമ്പിച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഓൺ ലൈൻ പരിപാടിയിൽ പങ്കെടുത്ത നിരവധി പ്രവാസികളിൽ നിന്നാണ് പ്രവാസ ലോകത്ത് കഥ പറച്ചിലിന് വലിയ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞത്.
കഥകൾ കേവലം വിനോദമെന്നതിലുപരി കുട്ടികളെ നവീകരിക്കുന്നതിനും മൂല്യാധിഷ്ഠിത ജീവിതം പരിശീലിപ്പിക്കുന്നതിനും ഏറെ സഹായകമാകുമെന്നതാണ് അനുഭവം.
കഥകൾ പല തരത്തിലുണ്ട്. തെരഞ്ഞെടുക്കുന്ന കഥകൾ ആശയ തലത്തിലും മൂല്യത്തിലും മികച്ചതാകുമ്പോൾ മനുഷ്യരെ മാറ്റിമറിക്കുന്ന വിസ്മയമാണ് കഥകളിലൂടെ സംഭവിക്കുക. കുട്ടികളിൽ ഉണ്ടാവണമെന്നാഗ്രഹിക്കുന്ന എല്ലാ നല്ല ഗുണങ്ങളും കഥകളിലൂടെ പകർന്ന് നൽകാനാകും.
കുടുംബം നാട്ടിലുള്ള പ്രവാസികൾക്കാണ് കഥകൾ ഏറെ ഫലം ചെയ്യുക. പലപ്പോഴും ഫോൺ ചെയ്യുമ്പോൾ രക്ഷിതാക്കൾക്കും മക്കൾക്കും വിഷയ ദാരിദ്ര്യമുണ്ടായേക്കാം. എന്നാൽ നിത്യവും ഓരോ കഥകൾ പങ്ക് വെക്കുമ്പോൾ വിഷയ ദാരിദ്ര്യമുണ്ടാവില്ലെന്ന് മാത്രമല്ല ആശയവിനിമയം കൂടുതൽ ഹൃദ്യമാവുകയും ചെയ്യും. ഏത് രംഗത്തുള്ളവർക്കും പരീക്ഷിക്കാവുന്ന ഒന്നാണ് കഥ പറച്ചിൽ. സ്വന്തം വളർച്ചക്കും സമൂഹത്തിന്റെ വളർച്ചക്കും സഹായകമാകുന്ന സർഗസഞ്ചാരമാണ് കഥകൾ അനായാസമാക്കുക.
സ്റ്റോറി ടെല്ലിങ് എക്‌സ്പീരിയൻസ് ചെയ്യുന്നതിനോടൊപ്പം ക്ലാസ് മുറികളും, സംസാരവും, പ്രസംഗങ്ങളുമൊക്കെ കഥ കൊണ്ട് അലങ്കരിക്കാവുന്ന നൂതനമായ പദ്ധതിയാണ് നിസാർ പട്ടുവം മുന്നോട്ടുവെക്കുന്നത്. കഥ മാത്രം പറഞ്ഞ് കുട്ടികളുടെ ഭാവനയും ചിന്തയും വികസിപ്പിക്കാനവസരം നൽകുന്ന പദ്ധതിയാണ് നിസാർ നടപ്പാക്കുന്നത്.
കഥകളുടെ കഥയും കുഞ്ഞു കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുന്ന ജീവിതങ്ങളുടെ കഥയുമൊക്കെ പറയുന്നതിലൂടെ വലിയൊരു സാംസ്‌കാരിക പ്രവർത്തനമാണ് സംഭവിക്കുകയെന്നാണ് സ്റ്റോറി ടെല്ലിംഗ് ക്ളബ്ബ് അടിവരയിടുന്നത്.
പാശ്ചാത്യ രാജ്യങ്ങളിലൊക്കെ സ്റ്റോറി ടെല്ലിംഗ് എന്നത് അംഗീകൃതമായ ഒരു പ്രൊഫഷനാണ് . കഥ പറച്ചിലുകാർ പാർക്കുകളിലും കടലോരങ്ങളിലും ലൈബ്രറികളിലുമൊക്കെ കാണാം. എന്നാൽ മലയാളി സമൂഹത്തിൽ ഈ രീതിക്ക്് വലിയ സാധ്യതയുണ്ടെന്ന കാര്യം ഇതുവരേയും സമൂഹം തിരിച്ചറിഞ്ഞിട്ടില്ല.
കുട്ടികൾക്ക് മാത്രമല്ല കുടുംബങ്ങൾക്കും ബിസിനസുകാർക്കുമൊക്കെ കഥകൾ വളരെ ഗുണം ചെയ്യും. കാര്യങ്ങൾ ലളിതമായും വ്യക്തമായും അവതരിപ്പിക്കാനാകുമെന്നതാണ് കഥ പറച്ചിലിന്റെ ഗുണം. പേഴ്‌സണൽ ബ്രാൻഡിംഗിനും കമ്പനി ബ്രാൻഡിംഗിനുമൊക്കെ കഥ പറച്ചിൽ ഗുണം ചെയ്യും.
ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ ജീവിത കഥകൾ എല്ലാതരം ആളുകൾക്കും ഒരു പോലെ പ്രചോദനമാണ് . വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും സാധാരണക്കാരുമൊക്കെ അദ്ദേഹത്തിന്റെ ജീവിത കഥകളിൽ കടന്നുവരുന്നു. ജീവിതത്തിൽ ഓരോരുത്തർക്കും സവിശേഷമായ നിയോഗമുണ്ടെന്നും ആ നിയോഗങ്ങൾ കാര്യക്ഷമമായി നിർവഹിക്കുന്നതിലൂടെ ജീവിതവിജയം കണ്ടെത്താമെന്നുമാണ് ആ കഥകൾ നമ്മോട് പറയുന്നത്.
ജീവിതം ധന്യമാകുന്നത് നമ്മെ കൊണ്ട് മറ്റാർക്കെങ്കിലുമൊക്കെ എന്തെങ്കിലും പ്രയോജനമുണ്ടാകുമ്പോഴാണ്. എന്നും സന്തോഷമുണ്ടാവണമെങ്കിൽ മറ്റുള്ളവരെ സഹായിക്കണമെന്ന് പറയുന്നത് ഈ അർഥത്തിലാണ് . മറ്റാർക്കൊക്കെയോ വേണ്ടി ജീവിക്കാൻ കുറേ ആളുകളുള്ളതുകൊണ്ടാണ് ഈ ലോകം തന്നെ നിലനിൽക്കുന്നത്. ഇത്തരം സുപ്രധാനമായ സന്ദേശങ്ങളൊക്കെ ലളിതമായ കഥകളിലൂടെ ബോധ്യപ്പെടുത്താനാകുമെന്ന് വിവിധ സ്ഥലങ്ങളിലെ തന്റെ അനുഭവം വിശദീകരിച്ച് നിസാർ പറയുന്നു.
ജീവിതത്തിൽ എന്നും പുതിയ പരീക്ഷണങ്ങൾ നടത്തിയാണ് നിസാർ പട്ടുവം ശ്രദ്ധേയനായത്. കേവലം 18 വയസ്സിൽ തന്നെ ചെറിയ പരിശീലന പരിപാടികൾ അവതരിപ്പിച്ച അദ്ദേഹം ഏകദേശം ആയിരത്തി ഇരുനൂറോളം പരിശീലന പരിപാടികൾ പൂർത്തിയാക്കി കഴിഞ്ഞു. ട്രെയിനിംഗും കഥ പറച്ചിലും പാഷനായി കൊണ്ടുനടക്കുന്ന ഈ ചെറുപ്പക്കാരന്റെ ഓൺ ലൈൻ കഥ പറച്ചിൽ പരിപാടികൾ ഏറെ പ്രചാരം നേടിക്കഴിഞ്ഞു.
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിനടുത്ത് പട്ടുവം സ്വദേശിയായ നിസാർ പ്രവാസ ലോകത്തേക്ക് വരുന്നത് പ്രവാസികൾക്കാവശ്യമായ നൂറുക്കണക്കിന് കഥകളുമായാണ്. കഥകളും ആശയങ്ങളും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും നവീകരിക്കുകയും ചെയ്യുന്ന ശ്രദ്ധേയമായ ഒരു പദ്ധതിയാണ് അദ്ദേഹം മുന്നോട്ട് വെക്കുന്നത്. നുസൈബയാണ് ഭാര്യ. 4 വയസ്സുകാരൻ സിയാൻ അഹമ്മദ് മകനാണ്.