ജിസാൻ വിന്റർ 2024 ഫെസ്റ്റിവലിന്റെ ഭാഗമായി ജിസാൻ പൈതൃക ഗ്രാമത്തിൽ വേറിട്ട ചിത്രകലാ പ്രദർശനമൊരുക്കി ശ്രദ്ധേയനാവുകയാണ് സൗദി ചിത്രകാരനായ അഹ്മദീനി മഗ്ബർ. ജിസാൻ സൗത്ത് കോർണിഷിൽ അൽമർജ്ജാൻ ബീച്ചിനു സമീപമുള്ള ജിസാൻ പൈതൃകഗ്രാമത്തിലെ പ്രദർശന ഹാളിൽ ഒരുക്കിയിട്ടുള്ള ചിത്രപ്രദർശനം ഇതിനകം ആയിരങ്ങൾ കണ്ടു കഴിഞ്ഞു. പ്രകൃതി രമണീയമായ ജിസാൻ ഗ്രാമങ്ങളുടെ സൗന്ദര്യവും കാർഷിക സമൃദ്ധിയും ജനജീവിതത്തിന്റെ നേർക്കാഴ്ചകളും പകർത്തിയ അഹ്മദീനിയുടെ വേറിട്ട രചനാശൈലിയിലുള്ള ചിത്രങ്ങൾ ആസ്വാദകരെ ഏറെ ആകർഷിക്കുന്നു.
ജിസാനിൽ പരമ്പരാഗതമായി കരകൗശല വസ്തുക്കളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന പനയോലയുടെ ഡിസൈനിൽ പ്രത്യേകമായ രീതിയിലാണ് അഹ്മദീനി ചിത്രങ്ങൾ വരയ്ക്കുന്നത്. ഒറ്റനോട്ടത്തിൽ പനയോലപ്പായിൽ വരച്ചവയാണെന്ന് തോന്നുമെങ്കിലും ചിത്രങ്ങൾ പൂർണ്ണമായും ക്യാൻവാസിൽ എണ്ണച്ചായവും അക്രിലിക്കും ഉപയോഗിച്ചാണ് വരച്ചിട്ടുള്ളത്. ജിസാനിലെ പൈതൃക കരകൗശല വസ്തുക്കളുടെ സൗന്ദര്യമാണ് തന്റെ ചിത്രരചനാ ശൈലിയുടെ പ്രചോദനമെന്ന് അഹ്മദീനി പറയുന്നു. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ജൈവബന്ധവും പ്രകൃതിസൗന്ദര്യവുമാണ് കലാസൃഷ്ടികളിലൂടെ ആവിഷ്‌കരിക്കുന്നതെന്നും അദ്ദേഹം മലയാളം ന്യൂസിനോട് പറഞ്ഞു. കലാസ്വാദകരുടെ മനം കവരുന്ന ഈ ചിത്രപ്രദർശനത്തിന് പൈതൃകം എന്ന അർഥം വരുന്ന 'ഇർഥ്' എന്നാണ് അറബിയിൽ പേര് നൽകിയിരിക്കുന്നത്. അഹ്മദീനിയുടെ കരവിരുതിൽ ജിസാനിലെ പ്രകൃതി സൗന്ദര്യവും ജനജീവിതവും സൗദി രാജാക്കന്മാരുടെ പോർെ്രെടറ്റുകളും ക്യാൻവാസിൽ വിരിയുന്ന സുന്ദര കലാസൃഷ്ടികളായി മാറുന്നു.
മനുഷ്യനും പ്രകൃതിയും ഇഴചേരുന്ന സുന്ദരമായ ദൃശ്യങ്ങൾ അഹ്മദീനി ക്യാൻവാസിൽ അനായാസം കോറിയിടുന്നു. പ്രദർശനം കാണാനെത്തുന്ന സന്ദർശകരുടെ അഭിരുചിയനുസരിച്ച് ഇദ്ദേഹം തത്സമയം ചിത്രങ്ങൾ വരച്ചുനൽകുകയും ചെയ്യുന്നുണ്ട്. ജിസാൻ വിന്റർ 2024 ഫെസ്റ്റിവലിന്റെ പ്രധാന വേദിയായ ജിസാൻ പൈതൃകഗ്രാമത്തിലൊരുക്കിയിരിക്കുന്ന ചിത്രപ്രദർശനം സ്വദേശികളും വിദേശികളുമായ കലാസ്വാദകരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാണ്.
രാജാരവിവർമ്മയുടെയും എം.എഫ് ഹുസൈന്റേയും ചിത്രങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന അഹ്മദീനിക്ക് ഇന്ത്യയിലെ ചിത്രകാരന്മാരായ സയ്യിദ് ഹൈദർ റെദ, മഖ്ബൂൽ വിദ ഹുസൈൻ എന്നിവരുമായി അടുത്ത സൗഹൃദബന്ധവുമുണ്ട്. 2004 ൽ റിയാദിലെ ജനാദ്രിയ ഫെസ്റ്റിവലിലായിരുന്നു അഹ്മദീനിയുടെ ആദ്യ ചിത്രപ്രദർശനം. സൗദിയിലെ വിവിധ നഗരങ്ങളിലും ഈജിപ്ത്, മൊറോക്കോ, കാസബ്ലങ്ക എന്നീ വിദേശരാജ്യങ്ങളിലും ഇദ്ദേഹം ചിത്രകലാ പ്രദർശനം നടത്തിയിട്ടുണ്ട്. സൗദിയിലെ നിരവധി ഫെസ്റ്റിവലുകൾക്കും കാർണിവലുകൾക്കും പ്രാദേശിക ആഘോഷങ്ങൾക്കും കലാ സംവിധാനവും നിർവഹിച്ചിട്ടുണ്ട്. ചിത്രകലയിലെ നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള ഡിജിറ്റൽ ചിത്രരചനാ രംഗത്തും അഹ്മദീനി സജീവമാണ്. ജനാദ്രിയ ഫെസ്റ്റിവലിലെ പൈതൃകഗ്രാമത്തിൽ ഡിജിറ്റൽ ചിത്രങ്ങളുടെ പ്രത്യേക പ്രദർശനവും അഹ്മദീനി നടത്തിയിട്ടുണ്ട്. ദേശീയവും അന്തർദേശീയവുമായ നിരവധി പുരസ്‌കാരങ്ങളും ഈ ചിത്രകാരനെ തേടിയെത്തിയിട്ടുണ്ട്. ജിസാൻ സർവകലാശാലയിൽ നിന്ന് ജേർണലിസത്തിൽ ബിരുദവും റിയാദ് ഫൈൻ ആർട്ട്‌സ് ഇൻസ്റ്റിറ്റിയൂട്ടിൽ നിന്ന് ചിത്രകലയിൽ ഡിപ്ലോമയും നേടിയിട്ടുള്ള അഹ്മദീനി സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള അബൂഅരീഷ് മിഡിൽ സ്‌കൂളിലെ ചിത്രകലാ അധ്യാപകനാണ്.
കഴിഞ്ഞ മാസം 19 ന് ജിസാൻ ഗവർണറേറ്റിന്റെ പ്രത്യേക പ്രതിനിധി ഡോ. ഈസ യഹ്യ അൽബനാവിയാണ് ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തത്. പ്രദർശന സമയം എല്ലാ ദിവസവും വൈകുന്നേരം അഞ്ചു മുതൽ രാത്രി 12 മണി വരെയാണ്. ചിത്രപ്രദർശനം മാർച്ച് നാലിന് സമാപിക്കും.