Sorry, you need to enable JavaScript to visit this website.

ആർക്കാണ് പരീക്ഷകളെ പേടി?


ജീവിതത്തിൽ കുറഞ്ഞത് ഒരു തവണയെങ്കിലും ഏതെങ്കിലും പരീക്ഷ എഴുതിയവരാണല്ലോ നാം  ഓരോരുത്തരും. അപ്പോഴൊക്കെ പല വിധ സമ്മർദ്ദവും നമ്മളിൽ പലരും അനുഭവിച്ചിട്ടുണ്ടാകണം. നമുക്കോരോരുത്തർക്കും നിരവധി കയ്‌പേറിയതും രസകരങ്ങളുമായ കഥകൾ പറയാനുണ്ടാവും അതൊക്കെ ഓർക്കുമ്പോൾ. ആദ്യകാലങ്ങളിൽ തോറ്റ് തൊപ്പിയിട്ടവർ പിൽക്കാലത്ത് കഠിനമായ പരിശ്രമത്തിലൂടെ ഉന്നത വിജയങ്ങൾ കരസ്ഥമാക്കിയതും ,
പുതിയ കാല പദാവലി ഉപയോഗിച്ച് പറഞ്ഞാൽ ക്ലാസിലെ വലിയ പഠിപ്പിസ്റ്റുകൾ , ഏതാനും ചില അധ്യാപകരുടെ കണ്ണിലുണ്ണികൾ ആയിരുന്നവർ പഠനത്തോടൊപ്പം നേടേണ്ട ജീവിതനൈപുണികൾ വേണ്ടത്ര ആർജ്ജിക്കാത്തതിനാൽ  പ്രതീക്ഷിച്ചത്ര ഉയരങ്ങളിൽ എത്താത്തതിന്റെയും കഥകളും അക്കൂട്ടത്തിൽ കാണും.
സ്‌കൂൾവിദ്യാർത്ഥികളെ സംബന്ധിച്ചേടത്തോളം മറ്റൊരു പരീക്ഷാകാലം കൂടി ആഗതമാവുകയാണ്. ഹൈസ്‌ക്കൂൾ, ഹയർ സെക്കണ്ടറി ക്ലാസുകളിൽ പൊതുപരീക്ഷയെഴുതുന്ന  ഭൂരിഭാഗം വിദ്യാർത്ഥികളും പരീക്ഷയ്ക്ക് മുമ്പോ പരീക്ഷാസമയത്തോ പൊതുവായ ഉത്കണ്ഠ അനുഭവിക്കുന്ന കാലമാണിത്.
ചിലർക്കിത് 'പരീക്ഷാ പനി'യുടെ കാലം. പല വിദ്യാർത്ഥികളേയും ഇത് മാനസികമായും ശാരീരികമായും  വൈകാരികമായും ഏറെ അസ്വസ്ഥതപ്പെടുത്തുന്ന കാലം കൂടിയാണ്. ചുരുക്കം ചിലരെ  ഈ പരീക്ഷാപേടി  വളരെയധികം പ്രതികൂലമായി ബാധിക്കുന്നുവെന്നത് ഒരു യാഥാർത്ഥ്യമാണ്.
വിദ്യാർത്ഥികൾ പരീക്ഷയെ ഭയപ്പെടുന്നതിന് ചില കാരണങ്ങൾ ഉണ്ട്. അപര്യാപ്തമായ തയ്യാറെടുപ്പാണ് അതിലൊന്ന്. ഏതൊരു ക്ലാസിൽ പഠിക്കുമ്പോഴും മികച്ച മാർക്ക് വാങ്ങണമെങ്കിൽ പരീക്ഷയുടെ ഘടനയും ചോദ്യങ്ങളുടെ ശൈലിയും മാർക്ക് വിന്യാസവും തുടക്കത്തിലേ പരിചയിക്കണം. പാഠങ്ങൾ അതിനനുസരിച്ച് വായിച്ച് ഓർത്ത് എഴുതി നോക്കി ആദ്യം  മുതലേ ചിട്ടയോടെ പരിശീലിച്ചാൽ  പരീക്ഷാകാലങ്ങളിൽ അനാവശ്യ ഉത്കണ്ഠ കുറയ്ക്കാവുന്നതാണ്.  പരീക്ഷയ്ക്ക് കാലേകൂട്ടി ഇങ്ങിനെ തയ്യാറാകാത്തവർക്ക്  പരീക്ഷാ സമയത്ത് ഒരു പാട് പഠിക്കാനുള്ളതായി  അനുഭവപ്പെടുന്നു. അക്കാരണത്താൽ കാര്യങ്ങൾ ഓർമ്മയിൽ സൂക്ഷിക്കാൻ കഴിയാതെ വരികയും പഠിച്ചകാര്യങ്ങൾ എളുപ്പത്തിൽ മറന്നു പോവുന്നതായും അവർക്ക് അനുഭവപ്പെടുന്നതും സ്വാഭാവികമാണ്. അത്തരക്കാരിലാണ് പരീക്ഷയുമായി ബന്ധപ്പെട്ട സമ്മർദ്ദം കൂടുതലായി കാണപ്പെടുന്നത്.
താരതമ്യേന നല്ല തയ്യാറെടുപ്പ് നടത്തുന്ന  ചിലരെ അസ്വസ്ഥമാക്കുന്നത്  തെറ്റായ ചില കാഴ്ചപ്പാടുകളാണ്. അകാരണമായ  ഉത്കണ്ഠകൾ സ്വന്തം കഴിവുകളിലുള്ള വിശ്വാസം നഷ്ടപ്പെടുത്തിയേക്കാം.നൂറുശതമാനം മാർക്ക് ലഭിച്ചില്ലെങ്കിൽ മറ്റുള്ളവരുമായി മത്സരിക്കാൻ കഴിയില്ലെന്നും നാണക്കേടാണെന്നും അവർ കരുതുന്നു. അത്തരം തെറ്റായ ആശയങ്ങൾ വിദ്യാർത്ഥികളിൽ അനാവശ്യമായ സമ്മർദ്ദം സൃഷ്ടിക്കുന്നു. തുടർന്ന് മൊത്തത്തിൽ പരീക്ഷകളോടുള്ള ഭയം അവരിൽ ഉളവാകുന്നു. മാതാപിതാക്കൾ, അധ്യാപകർ അല്ലെങ്കിൽ സമപ്രായക്കാർ എന്നിവരുടെ അമിത പ്രതീക്ഷകളും അശാസ്ത്രീയമായ  സമീപനങ്ങളും  താരതമ്യങ്ങളും കാരണം, ചില കുട്ടികൾക്ക് താങ്ങാനാവാത്ത  സമ്മർദ്ദം അനുഭവപ്പെടാം. ഇത് അവരിൽ പഠനത്തിലുള്ള ശ്രദ്ധയും താൽപര്യവും കുറയുന്നതിനു മാത്രമല്ല  മാനസികവും വൈകാരികവുമായ താളപ്പിഴകളിലേക്കും  വെപ്രാളത്തിലേക്കും നയിച്ചേക്കാം.
ചിലരിൽ നൂറ് ശതമാനം വാങ്ങുന്നതിനെകുറിച്ചുള്ള ഉത്കണ്ഠയാണെങ്കിൽ മറ്റു ചിലരിൽ പരാജയത്തെ കുറിച്ചുള്ള ഉത്കണ്ഠയാണ് കൂടുതൽ. അത്തരം വിദ്യാർത്ഥികൾക്ക് അക്ഷരാർത്ഥത്തിൽ പരീക്ഷയെ പേടിയാണ്. മിനിമം പാസിംഗ് സ്‌കോർ നേടാൻ പോലും ഈ ഭയം കാരണം അവർക്ക് താൽപ്പര്യമില്ല. അതായത് താൻ പരാജയപ്പെടും എന്ന ചിന്ത എങ്ങിനേയോ അത്തരം കുട്ടികളിൽ നേരത്തേ തന്നെ  രൂപപ്പെട്ടിട്ടുണ്ടാവും. തത്ഫലമായി  ഒരു നിഷേധാത്മക മനോഭാവം അവരുടെ പഠനത്തെ ബാധിക്കുകയും പരീക്ഷയുമായി ബന്ധപ്പെട്ട ഉത്കണ്ഠ അവരെ പൊതുവെ ശാസ്ത്രീയമായ തയ്യാറെടുപ്പുകളിൽ നിന്ന് അകറ്റുകയും ചെയ്യുന്നു.
വേറെ ചിലരുണ്ട്. ക്ലാസിലെ ചെറു കുസൃതികളുടെ പേരിൽ പിടിക്കപ്പെട്ട മിടുക്കരാണവർ. ക്ലാസ് മാനേജ്‌മെൻറ് വേണ്ടത്ര വശമില്ലാത്തതിനാൽ  വികലമായ പല അച്ചടക്ക നടപടികളും  സ്വീകരിച്ച്  കുട്ടികളെ നിസ്സാരമായ കാരണങ്ങൾക്ക് പോലും ക്രൂരമായ ശിക്ഷകളും പരിഹാസവും നൽകി തളർത്തിക്കളയുന്ന അധ്യാപികാധ്യാപകൻമാരുടെ ദുസ്സ്വാധീനത്താൽ പഠനം വെറുത്തു പോകുന്നവർ. അത്തരം ആളുകൾ കൈകാര്യം
ചെയ്യുന്ന  വിഷയങ്ങളുടെ പഠനത്തിൽ പാടെ വിമുഖത കാട്ടുന്നവരാണവർ. പോറലേറ്റ  ആത്മവിശ്വാസവും ക്ഷതമേറ്റ ആത്മാഭിമാനവും അത്തരം  വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് തയ്യാറെടുക്കാനുള്ള അവരുടെ കഴിവിനെ ചോർത്തികളയുന്നു.  മുഴുവൻ പരീക്ഷകളേയും പാടെ അവഗണിക്കാനും പഠനത്തിൽ തീരെ താൽപര്യമില്ലാത്തവരാകാനും അവരിലെ നിഷേധാത്മക  ചിന്തകൾ ഇടയാക്കിയേക്കാം. - എന്താണ് പ്രയോജനം? ഞാൻ എന്തായാലും കൊള്ളരുതാത്തതായല്ലോ എന്നായിരിക്കും അവരിലെ ചിന്ത. പരീക്ഷാറിസൾട്ട് വരുമ്പോൾ തന്റെ വിഷയത്തിലേ എ പ്ലസ്  കൊട്ടിഘോഷിക്കുന്ന ചിലർ  പരസ്യമായും പരോക്ഷമായും തകർത്ത് കളയുന്ന അത്തരം ചില കൗമാരമനസ്സുകളേ കൂടി ഒരു വേള ഓർക്കുന്നത് നന്നായിരിക്കും.
പ്രിയപ്പെട്ട വിദ്യാർത്ഥികളേ  ഒരു പരീക്ഷയും അവസാനവാക്കോ ലോകാവസാനമോ അല്ലെന്നറിയുക. നിങ്ങളുടെ ജീവിത ദൗത്യം തിരിച്ചറിഞ്ഞ് പരമാവധി തയ്യാറെടുപ്പ് നടത്തി പരീക്ഷകളെ അഭിമുഖീകരിക്കുക. ഇനിയുള്ള ദിനങ്ങൾ പാഴാക്കാതെ നിങ്ങളുടെ പരീക്ഷാ തയ്യാറെടുപ്പ് നേരത്തേ  തന്നെ പൂർത്തിയാക്കുക. സിലബസിലെ ഓരോ വിഷയങ്ങളും ആകാവുന്നത്ര റിവിഷൻ  ചെയ്യാൻ സമയം കണ്ടെത്തുണം.
ഓരോ വിദ്യാർത്ഥിക്കും ഓരോ  പ്രത്യേക പഠന രീതിയുണ്ട്. അതിനാൽ നിങ്ങളുടെ ആവശ്യങ്ങൾക്കും അഭിരുചികൾക്കും അനുയോജ്യമായ ഒരു ടൈം ടേബിൾ ഉണ്ടാക്കി വേണം നിങ്ങൾ പഠിക്കാനും റിവിഷൻ നടത്താനും. ശ്രദ്ധാശൈഥില്യങ്ങളായ വീഡിയോ ഗേം, സോഷ്യൽ മീഡിയ റീലുകൾ തുടങ്ങിയവ പരമാവധി  ഒഴിവാക്കണം.
കൂടുതൽ നന്നായി ഓർത്ത് വെക്കാൻ നിങ്ങൾക്ക് യോജിച്ച  ഏത് രീതികളാണ് ഉപയോഗപ്പെടുത്തേണ്ടത് എന്ന് സ്വയം കണ്ടെത്തി പഠനത്തിൽ അനുദിനം മുന്നേറണം. കേട്ട് പഠിക്കുന്നതിൽ താൽപര്യമുള്ള ആളാണെങ്കിൽ ഉച്ചത്തിൽ വായനയാവാം. കണ്ട് പഠിക്കുന്ന ആളാണെങ്കിൽ  ഗ്രാഫുകൾ, ഫ്‌ളാഷ്‌കാർഡുകൾ ഹൈലറ്റുകൾ എന്നിവയും പരിഗണിക്കാം. നിങ്ങളുടെ വളർച്ചയ്ക്ക് ഒരു പഠനസമയക്രമം  രൂപീകരിച്ച് അത് കണിശമായി പിന്തുടരുക. സുപ്രധാന ഭാഗങ്ങൾ വായനയ്ക്ക് ശേഷം ഓർത്ത് എഴുതി നോക്കാൻ മറക്കരുത്. നിങ്ങളുടെ ഉത്കണ്ഠയുടെ അളവ് അപ്പോൾ വളരെ കുറയുന്നതായി  നിങ്ങൾ കണ്ടെത്തും.
എല്ലാ വിഷയവും ശ്രദ്ധിക്കണം. ഒരു വിഷയം എത്ര വെല്ലുവിളി നിറഞ്ഞതോ ലളിതമോ ആണെങ്കിലും, അത് പഠിച്ച് റിവിഷൻ  ചെയ്യാൻ ഒരു നിശ്ചിത സമയം നീക്കിവെക്കണം. പഠിക്കാനിരിക്കുമ്പോൾ ,  ഓരോ അധ്യായത്തിലൂടെയും ജാഗ്രതയോടെ കടന്നുപോകണം . തീയതികൾ, വ്യക്തികൾ, സംഭവങ്ങൾ, സൂത്രവാക്യങ്ങൾ , ഉദാഹരണങ്ങൾ തുടങ്ങിയവയുടെ അവശ്യ വിശദാംശങ്ങൾ രേഖപ്പെടുത്തി കുറിപ്പുണ്ടാക്കുന്നത് ഏറെ ഫലപ്രദമായിരിക്കും.
ദീർഘനേരം പഠിക്കുമ്പോൾ മനസ്സും ശരീരവും ക്ഷീണിക്കാനിടയുണ്ട്. ഇത് ഏകാഗ്രത  നഷ്ടപ്പെടുന്നതിനും ശ്രദ്ധ  കുറയുന്നതിനും  കാരണമായേക്കാം. അതിനാൽ ക്രിയാത്മകമായ ചെറു ഇടവേളകൾ നല്ലതായിരിക്കും. അത്  നിങ്ങൾക്ക് കൂടുതൽ ഊർജവും ശ്രദ്ധയും ലഭ്യമാക്കുമെന്നറിയുക.
ശാരീരികവും മാനസികവുമായ ക്ഷേമത്തിന് നല്ല ഉറക്കം കൂടിയേ തീരൂ. എല്ലാ ദിവസവും നിങ്ങൾക്ക് ആവശ്യമായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.രാത്രി മുഴുവൻ ഉറങ്ങരുത്! പകരം, നേരത്തെ ഉറങ്ങുകയും നേരത്തെ എഴുന്നേൽക്കുകയും ചെയ്യുന്നതാണുത്തമം. അതിലൂടെ നിങ്ങൾക്ക് ഒരു പുതിയ മനസ്സോടെ രാവിലെ പഠിക്കാൻ കഴിയും.
വല്ല കാരണവശാലും ഏതെങ്കിലും ഒരു പരീക്ഷയിൽ വിചാരിച്ചത്ര മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ലെങ്കിൽ, നിരുത്സാഹപ്പെടരുത്; പകരം  ശരിയായ മനോഭാവത്തോടെ അതിനെ നേരിടുക. വരാനുള്ള   പരീക്ഷകളിൽ കൂടുതൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ നിങ്ങൾക്ക് കഴിയുമെന്നറിയുക.പരീക്ഷകൾക്കപ്പുറത്തും മനോഹരമായ ഒരു ജീവിതം നിങ്ങളെ കാത്തിരിപ്പുണ്ടെന്നറിയുക.

Latest News