മുംബൈ- ശരീഅത്ത് നിയമവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ച ഷാബാനു ബീഗം കേസ് ആസ്പദമാക്കി സിനിമ വരുന്നു. ദേശീയ പുരസ്‌ക്കാര ജേതാവായ സംവിധായകന്‍ സുപര്‍ണ്‍ എസ്. വര്‍മയാണ് തിരക്കഥയെഴുതി കോര്‍ട്ട് റൂം ഡ്രാമ സംവിധാനം നിര്‍വഹിക്കുന്നത്.
അഭിനേതാക്കളേയും അണിയറ പ്രവര്‍ത്തകരേയും തീരുമാനിക്കാനിക്കുന്നേയുള്ളുവെങ്കിലും ഇതിനകം തിരക്കഥ പൂര്‍ത്തിയായിട്ടുണ്ട്. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുള്ളതാണ് സിനിമയെന്ന് സംവിധായകന്‍ പറഞ്ഞു.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ നാഴികക്കല്ലായി കണക്കാക്കപ്പെടുന്ന കേസാണ് ഷാബാനൂ ബീഗം കേസ്. 1978-ല്‍ 62 വയസ്സുള്ള ഷാബാനുവാണ് തന്റെ ഭര്‍ത്താവ് അഹമ്മദ് ഖാനെതിരെ കേസ് ഫയല്‍ ചെയ്തത്. അഹമ്മദ് ഖാന്‍ അവരെ വിവാഹമോചനം ചെയ്തതിനെ തുടര്‍ന്ന് 1973ലെ ക്രിമിനല്‍ നടപടി ചട്ടത്തിലെ സെക്ഷന്‍ 123 പ്രകാരം തനിക്കും അഞ്ച് മക്കള്‍ക്കും ജീവനാംശം ആവശ്യപ്പെട്ടാണ് ഷാബാനു കേസ് നല്‍കിയത്. കേസിലവര്‍ വിജയിക്കുകയും ചെയ്തു. എന്നാല്‍ വിധി ഇസ്ലാമിക ശരീഅത്തിന് വിരുദ്ധമാണെന്ന വാദം ഉയര്‍ന്നതോടെ വിവാദമുണ്ടാവുകയായിരുന്നു.
റാണാ നായിഡു, സുല്‍ത്താന്‍ ഓഫ് ഡല്‍ഹി തുടങ്ങി വെബ്‌സീരിസുകള്‍ സംവിധാനം നിര്‍വഹിക്കുകയും ദി ട്രയല്‍ നിര്‍മിക്കുകയും ചെയ്തിട്ടുണ്ട് സുപര്‍ണ്‍ എസ്. വര്‍മ.