പൊതുവേദിയില്‍ അസഭ്യം പറഞ്ഞ നടന്‍ ഭീമന്‍ രഘുവിന്റെ വീഡിയേയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി. മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രമായ 'നരസിംഹ'ത്തില്‍ താന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഡയലോഗ് ആണ് ഭീമന്‍ രഘു പറഞ്ഞത്. 'വരണം വരണം മിസ്റ്റര്‍ ഇന്ദുചൂടന്‍..' എന്ന് ഉദ്ദേശിച്ചാണ് തുടങ്ങിയത്. എന്നാല്‍ എത്തിച്ചേര്‍ന്നതാകട്ടെ തെറിയിലേക്കും.
വിമര്‍ശനങ്ങളും ട്രോളുകളും എത്തിയതോടെ വിശദീകരണവുമായി ഭീമന്‍ രഘു രംഗത്തെത്തി. അത് ഒരു 'റി' വരുത്തി വച്ച വിന എന്നാണ് ഭീമന്‍ പറയുന്നത്. ആ സിനിമയിലെ ഡയലോഗ് പറയുക മാത്രമാണ് താന്‍ ചെയ്തതെന്നും വേഗത്തില്‍ പറയുന്നതിനിടെ ഒരു വാക്ക് നാക്കുപിഴയായി കയറിക്കൂടിയതാണ് എന്നുമാണ് ഭീമന്‍ രഘുവിന്റെ വിശദീകരണം.
പാലക്കാട് പമ്പാനിധി എന്ന ഫിനാന്‍സ് സ്ഥാപനത്തിന്റെ ഓഫീസ് ഉദ്ഘാടനത്തിന് പോയപ്പോള്‍ ആരോ എടുത്ത വീഡിയോ ആണത്. നരസിംഹത്തിലെ തന്റെ കഥാപാത്രം പറയുന്ന ഡയലോഗ്. പറയുന്നതിനിടെ ഒരു അക്ഷരം വിഴുങ്ങിയാണ് സിനിമയില്‍ പറഞ്ഞത്. എങ്കിലും ഉദേശിച്ചത് ആ വാക്ക് തന്നെ ആണല്ലോ. ആ പരിപാടിക്ക് ചെന്നപ്പോള്‍ നാട്ടുകാര്‍ ആ ഡയലോഗ് നേരിട്ട് പറയാന്‍ നിര്‍ബന്ധിച്ചു.
ഡയലോഗ് പറഞ്ഞു വന്നപ്പോള്‍ ആ മുഴുവന്‍ വാക്ക് വായില്‍ നിന്നു വീണുപോയി. സ്പീഡില്‍ പറഞ്ഞു വന്നപ്പോ ഒരു 'റി' കൂടി അതില്‍ കയറിക്കൂടി. അതൊരു നാക്കുപിഴയാണ്. അത് പറയാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ല. വീഡിയോ കണ്ട് ആര്‍ക്കെങ്കിലും വിഷമം തോന്നുന്നെങ്കില്‍ അവരോടെല്ലാം ക്ഷമ ചോദിക്കുന്നു എന്നാണ് ഭീമന്‍ രഘു പ്രതികരിച്ചിരിക്കുന്നത്.