ഇനി കാലുമാറില്ലെന്ന് നിതീഷിന്റെ പ്രതിജ്ഞ, എന്‍.ഡി.എയില്‍ ഉറച്ചുനില്‍ക്കും

ന്യൂദല്‍ഹി - എന്‍.ഡി.എയിലേക്ക് തിരികെയെത്തിയ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ദല്‍ഹിയിലെത്തി സന്ദര്‍ശിച്ചു. ഇനിയൊരിക്കലും എന്‍.ഡി.എ വിട്ടുപോകില്ലെന്ന് സന്ദര്‍ശനത്തിനുശേഷം നിതീഷ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സമര്‍ത്ഥമായ നേതൃത്വത്തിന് കീഴില്‍ സംസ്ഥാനത്തെ എന്‍.ഡി.എ സര്‍ക്കാര്‍ വികസനത്തിന്റെ പുതിയ ഉയരങ്ങള്‍ കീഴടക്കുമെന്ന് എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. എന്‍.ഡി.എ സഖ്യത്തില്‍ ബീഹാറില്‍ പുതിയ സര്‍ക്കാര്‍ രൂപപ്പെട്ടിരിക്കുകയാണ്. പൊതുജനമാണ് യജമാനന്‍. അവരെ സേവിക്കുകയെന്നതാണ് ഞങ്ങളുടെ ഏറ്റവും വലിയ ലക്ഷ്യം. എന്‍.ഡി.എയുമായുള്ള സഖ്യത്തില്‍ സംസ്ഥാനത്ത് വികസന പുരോഗതിയുണ്ടാവും. ജനങ്ങളുടെ ജീവിതം മെച്ചപ്പെട്ടതാവും. ഇനിയൊരിക്കലും എന്‍.ഡി.എയെ വിടില്ല. ഇവിടെതന്നെ തുടരും- മോഡിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ നിതീഷ് കുമാര്‍ വ്യക്തമാക്കി.
മോഡിക്ക് പുറമെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ എന്നിവരുമായും നിതീഷ് കുമാര്‍ കൂടിക്കാഴ്ച നടത്തി. ഫെബ്രുവരി 12ന് നിതീഷ് കുമാറിന്റെ പുതിയ സര്‍ക്കാര്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനിരിക്കെയാണ് ബി.ജെ.പി നേതാക്കളുമായുള്ള സന്ദര്‍ശനം.

 

Latest News