നിങ്ങള്‍ വി.പി.എന്‍ ഉപയോഗിക്കുന്നുണ്ട്, അതിന്റെ ഇരുണ്ട വശം ചിന്തിച്ചിട്ടുണ്ടോ?

സൗജന്യ വി.പി.എന്‍ ഉപയോഗിക്കുന്നവരും ഫ്രീ വി.പി.എന്‍ കണ്ടെത്താന്‍ ഇന്റര്‍നെറ്റില്‍ തെരയാത്തവരും വളരെ കുറവായിരിക്കും. പലരും ഇതിന്റെ ഇരുണ്ട വശം ചിന്തിക്കാതെയാണ് ഫ്രീ വി.പി.എന്നുകള്‍ക്കു പിന്നാലെ പോകുന്നത്.
പണമടച്ചുള്ള വി.പിഎന്‍ കമ്പനികള്‍ പോലും ഉപയോക്തൃ സ്വകാര്യത സംരക്ഷിക്കുന്നതില്‍ പരാജയപ്പെടുമ്പോള്‍ 100 ശതമാനം സൗജന്യമായി നല്‍കുന്ന വി.പിഎന്നുകളില്‍നിന്ന് പൂര്‍ണ സംരക്ഷണം പ്രതീക്ഷിക്കുന്നത് പരിഹാസ്യമാണ്.
പല ആവശ്യങ്ങള്‍ക്കാണ് പലരും സൗജന്യ വി.പി.എന്‍ തെരഞ്ഞെടുക്കുന്നത്. ബ്ലോക്ക് ചെയ്ത കോളിംഗ് പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കാന്‍ മാത്രമല്ല, നിരോധിത അശ്ലീല വെബ് സൈറ്റുകളില്‍ കയറാനും സ്വന്തം ഐ.പി മറച്ചുവെക്കാനും ആളുകള്‍ ഈ സേവനം ഉപയോഗപ്പെടത്തുന്നു.
രാജ്യത്ത് നിരോധിച്ച വെബ്‌സൈറ്റുകളുടെ അന്തര്‍ദേശീയ പതിപ്പുകള്‍ പരിശോധിക്കാനും  പൊതുവായ സെര്‍ച്ചുകള്‍ക്കുമാണ് ചിലര്‍ വി.പി.എന്‍ ഉപയോഗിക്കുന്നത്.
നിങ്ങള്‍ക്ക് അല്‍പമെങ്കിലും ഉണ്ടായിരുന്ന ഡാറ്റ സുരക്ഷയാണ് വി.പി.എന്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റിലേക്ക് ലോഗിന്‍ ചെയ്യുന്ന നിമിഷം തന്നെ നഷ്ടപ്പെടുന്നത്. 100 ശതമാനം സ്വകാര്യത എന്നത് ഒരു മിഥ്യാ സങ്കല്‍പമാണെന്നിരിക്കെ, സൗജന്യമായി ഒന്നോ രണ്ടോ പരസ്യം മാത്രം കാണിച്ച് നിങ്ങള്‍ക്ക് നല്‍കുന്ന വി.പി.എന്‍ എങ്ങനെ സുരക്ഷിതമാകുമെന്ന് ആലോചിച്ചാല്‍ മതി.
വി.പി.എന്‍ ഉപയോഗം നമ്മള്‍ ബോധപൂര്‍വം തീരുമാനിക്കുന്നതാണ്. ഏതെങ്കിലും തരത്തിലുള്ള ഡാറ്റ പങ്കിടല്‍ അതില്‍ എല്ലായ്‌പ്പോഴും ഉണ്ടെന്ന്  അറിഞ്ഞിരിക്കണം. വി.പി.എന്‍ ഉപയോഗിക്കാനുള്ള ധിറുതിയില്‍ ഇക്കാര്യം മറന്നു പോകാന്‍ പാടില്ല. അവരുടെ സ്വകാര്യതാ നയങ്ങളില്‍ വിശദാംശങ്ങളൊക്കെ പറഞ്ഞിട്ടുണ്ടാകും.
ഇന്റര്‍നെറ്റ് സേവന ദാതാവും ഗവണ്‍മെന്റുമൊന്നും അറിയാതെ  നമ്മള്‍ ഒരു വിദേശ രാജ്യത്തുള്ള വി.പി.എന്‍ ദാതാവിനെ വിശ്വസിക്കുകയാണ്. ലോഗിന്‍ ചെയ്യുമ്പോഴും ലോഗ് ഔട്ട് ചെയ്യുമ്പോഴും കാണിക്കുന്ന ഏതാനും പരസ്യങ്ങള്‍ മാത്രം പോരാ വി.പി.എന്‍ കമ്പനികള്‍ക്ക്.
ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാത്തതുകൊണ്ടുതന്നെ ഭയപ്പെടേണ്ടതില്ല എന്നു വിശ്വസിക്കുമ്പോഴും പ്രൈവസി ചോര്‍ച്ചയെന്ന ഭീഷണി നിലനില്‍ക്കുന്നുണ്ട്. സുരക്ഷാ കാര്യങ്ങള്‍ക്കടക്കം വി.പി.എന്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതമാകുന്ന സാഹചര്യങ്ങളുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ അനയോജ്യമായ വി.പി.എന്‍ കണ്ടെത്തുകയാണ് പ്രധാനം.  
സൗജന്യ സേവനം നല്‍കുന്നതിന് വിപി.എന്‍ ദാതാക്കള്‍ മൂന്നാം കക്ഷി ഏജന്‍സികളുമായി (മിക്കവാറും പരസ്യദാതാക്കള്‍) വ്യക്തിഗത വിശദാംശങ്ങള്‍ പങ്കിടുകയോ ഡാര്‍ക്ക് വെബില്‍ വില്‍ക്കുകയോ ചെയ്യാനുള്ള സാധ്യത നിലനില്‍ക്കുന്നു.  ഉപയോക്താക്കള്‍ക്ക് 100 ശതമാനം സൗജന്യ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന കമ്പനികള്‍ക്ക് വിദഗ്ധരായ ഡെവലപ്പര്‍മാരെ നിയമിക്കാനും സുരക്ഷ ഒരുക്കാനും എങ്ങനെ കഴിയും? ഇത് നിലവാരമില്ലാത്ത സുരക്ഷാ പ്രോട്ടോക്കോളുകളിലേക്കാണ് നയിക്കുക. മാല്‍വെയര്‍ സ്വീകരിക്കുക എന്നത് സൗജന്യ വി.പി.എന്‍ സേവനം ഉപയോഗിക്കുന്നതിന്റെ ഗുരുതരമായ പാര്‍ശ്വഫലമാണ്. നിങ്ങളുടെ ഫോണുകളേയും മറ്റു ഉപകരണങ്ങളേയും  മാല്‍വെയറും സ്‌പൈവെയറും ബാധിക്കുകയും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും.  
സൗജന്യ വി.പി.എന്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ അവരുടെ പണമടച്ചുള്ള ഉപയോക്താക്കളുമായോ മൂന്നാം കക്ഷി സേവനങ്ങളുമായോ പങ്കിടുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കാറുണ്ട്. കമ്പനികള്‍ അത്തരം ദുരുപയോഗത്തിന്റെ വിശദാംശങ്ങള്‍ അവരുടെ നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും ഉള്ളില്‍ മറച്ചുവെച്ചിട്ടുമുണ്ടാകും. ഇത് ഒരു സാധാരണ ഉപയോക്താവ് ഒരിക്കലും വായിക്കാനിടയില്ല. പരസ്യങ്ങളാല്‍ നിറഞ്ഞതാണ്   സൗജന്യ വിപിഎന്‍ സേവനം.  ഈ പരസ്യങ്ങള്‍ ഉപയോക്തൃ ഇന്റര്‍ഫേസിലോ ബ്രൗസറിലോ ഉണ്ടാകാം. അല്ലെങ്കില്‍ ഉപയോക്താക്കളെ തികച്ചും വ്യത്യസ്തമായ വെബ്‌സൈറ്റുകളിലേക്ക് റീഡയറക്ട് ചെയ്യാം.
പണമടച്ചുകൊണ്ടുള്ള ദീര്‍ഘകാല ഉപയോക്താവാക്കി മാറ്റാമെന്ന പ്രതീക്ഷയിലാണ് പല സൗജന്യ വി.പി.എന്‍ ദാതാക്കളും തുടക്കത്തില്‍ സൗജന്യം വാഗ്ദാനം ചെയ്യുന്നത്. പണമടച്ചാലും സൗജന്യമായാലും സേവനങ്ങളുടെ പിന്നാമ്പുറത്ത് പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ചുള്ള ബോധ്യത്തോടെ വേണം വി.പി.എന്‍ ഉപയോഗിക്കാന്‍.
വി.പി.എന്‍ ഇല്ലാതെ ആവശ്യമായ ഇന്റര്‍നെറ്റ് സേവനം എങ്ങനെ ലഭിക്കുമെന്ന് ചോദിക്കുമ്പോള്‍ തന്നെ അതിന്റെ അപകട സാധ്യതകള്‍ കൂടി മനസ്സിലാക്കിയിരിക്കണമെന്നു മാത്രം.

വാട്‌സ്ആപ്പില്‍ വലിയ മാറ്റം വരുന്നു; ഇതര ആപ്പുകളുടെ ചാറ്റും അനുവദിക്കും

പ്രവാസികളും പറയാൻ പഠിക്കണം; പുച്ഛിക്കുന്നവരോട് പോയി പണി നോക്കാന്‍ പറയണം

മദീന പള്ളിയില്‍ നമസ്‌കരിക്കുന്നതിനിടെ കുഴഞ്ഞുവീണ കൊല്ലം സ്വദേശി നിര്യാതനായി

 

Latest News