Sorry, you need to enable JavaScript to visit this website.

വാട്‌സ്ആപ്പില്‍ വലിയ മാറ്റം വരുന്നു; ഇതര ആപ്പുകളുടെ ചാറ്റും അനുവദിക്കും

ന്യൂദല്‍ഹി-മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ മറ്റു മെസേജിംഗ് ആപ്പുകളെ കൂടി അനുവദിക്കാന്‍ ഒരുങ്ങുന്നു. മാര്‍ച്ചില്‍ ആരംഭിക്കുന്ന യൂറോപ്യന്‍ യൂണിയന്റെ ഡിജിറ്റല്‍ മാര്‍ക്കറ്റ്‌സ് ആക്ടിന് (ഡിഎംഎ) മുന്നോടിയായാണ് ഈ തീരുമാനം. ഡിജിറ്റല്‍ വിപണികളില്‍ ന്യായമായ മത്സരം ഉറപ്പാക്കുകയാണ് ഡി.എം.എ ലക്ഷ്യമിടുന്നത്.
200 കോടിയിലധികം ഉപയോക്താക്കളുമായി പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ പ്ലാറ്റ്‌ഫോം സജ്ജമാണെന്ന് വാട്‌സ്ആപ്പിലെ എഞ്ചിനീയറിംഗ് ഡയറക്ടര്‍ ഡിക്ക് ബ്രൗവര്‍ പറഞ്ഞു. ഇതിനര്‍ത്ഥം വാട്‌സ്ആപ്പ് ഉപയോഗിക്കുന്ന ആളുകള്‍ക്ക് മറ്റ് മെസേജിംഗ് ആപ്പുകള്‍ ഉപയോഗിച്ചും സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യാമെന്നാണ്.
മൂന്നാം കക്ഷി ആപ്പുകള്‍ കണക്റ്റുചെയ്യുന്നത് എളുപ്പമാക്കുമെങ്കിലും വാട്‌സ്ആപ്പ് തുടര്‍ന്നും സ്വകാര്യത സംരക്ഷിക്കുമെന്നും സുരക്ഷിതമായിരിക്കുമെന്നും ബ്രൗവര്‍ സൂചിപ്പിച്ചു. രണ്ടും സന്തുലിതമാക്കുക എന്നത് വലിയ വെല്ലുവിളിയാണെങ്കിലും സജ്ജീകരണത്തില്‍ കമ്പനി തൃപ്തരാണ്.
ഉപയോക്താക്കള്‍ക്ക് വ്യത്യസ്ത ആപ്പുകളിലുടനീളം ടെക്‌സ്റ്റ് സന്ദേശങ്ങള്‍, ചിത്രങ്ങള്‍, വോയ്‌സ് സന്ദേശങ്ങള്‍, വീഡിയോകള്‍, ഫയലുകള്‍ എന്നിവ അയക്കാന്‍ കഴിയും. അതേസമയം, കോളുകളും ഗ്രൂപ്പ് ചാറ്റുകളും പോലുള്ള ഫീച്ചറുകള്‍ക്ക് സമയമെടുക്കും.  
പുതിയ ഫീച്ചര്‍ ആവശ്യമാണെങ്കില്‍ ഉപയോക്താക്കള്‍ തീരുമാനിക്കണം. സ്പാമുകളും തട്ടിപ്പുകളും തടയാനാണിത്. ഉപയോക്താവ് തെരഞ്ഞെടുക്കുകയാണെങ്കില്‍ മറ്റ് ആപ്പുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ വാട്‌സ്ആപ്പ് ഇന്‍ബോക്‌സില്‍ ഒരു പ്രത്യേക വിഭാഗത്തില്‍ ദൃശ്യമാകും.
ഒരു വര്‍ഷത്തിലേറെയായി വാട്‌സ്ആപ്പ് ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും, മറ്റ് ആപ്പുകളില്‍ സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യുന്നതിന് കുറച്ച് കൂടി സമയമെടുക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
യൂറോപ്യന്‍ യൂനിയന്റെ ഡി.എം.എ നിയമങ്ങള്‍ പാലിക്കാത്തത് പിഴ ശിക്ഷകളിലേക്ക് നയിച്ചേക്കാം. ആവര്‍ത്തിച്ചുള്ള ലംഘനങ്ങള്‍ക്ക് കമ്പനികള്‍ക്ക് അവരുടെ വാര്‍ഷിക വരുമാനത്തിന്റെ 10 ശതമാനം വരെ നല്‍കേണ്ടിയും വന്നേക്കാം.
ടെലിഗ്രാം പോലുള്ള ആപ്പുകളും വാട്‌സ്ആപ്പ് ഉപയോക്താക്കളുമായി ചാറ്റ് ചെയ്യാന്‍ അനുവദിക്കുമോ എന്ന് വ്യക്തമല്ല. വാട്‌സ്ആപ്പിന്റെ മാതൃ കമ്പനിയായ മെറ്റ മെസഞ്ചറിനെ മറ്റ് ചാറ്റ് ആപ്പുകളുമായി ബന്ധിപ്പിക്കാന്‍ ഒരുങ്ങുകയാണ്.

 

Latest News