സൽമാൻ അസ്ഹരിയുടെ അറസ്റ്റ്; ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം

ന്യൂദൽഹി- വിദ്വേഷ പ്രസംഗം നടത്തിയന്ന് ആരോപിച്ച് ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്ത മുഫ്തി സൽമാൻ അസ്ഹരിയെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കനത്ത പ്രതിഷേധം. രാജസ്ഥൻ, ബിഹാർ, മഹാരാഷ്ട്ര എന്നിവടങ്ങളിൽ പ്രതിഷേധം അരങ്ങേറുകയാണ്. 
 മുംബൈ ആസ്ഥാനമായുള്ള ഇസ്ലാമിക പണ്ഡിതനും മതപ്രഭാഷകനുമാണ് അസ്ഹരി.  ഗുജറാത്തിലെ ജുനഗഢിൽ വിദ്വേഷം ജനിപ്പിക്കുന്ന തരത്തിൽ പ്രസംഗിച്ചുവെന്ന് ആരോപിച്ചാണ് അൻസാരിയെ മുംബൈയിലെത്തി അറസ്റ്റ് ചെയ്തത്. അതിനിടെ അസ്ഹരിക്കെതിരെ രണ്ടാമത്തെ എഫ്.ഐ.ആറും ഗുജറാത്ത് പോലീസ് രജിസ്റ്റർ ചെയ്തു. കച്ച് ജില്ലയിലെ സമഖിയാരിയിൽ ഒരു മതപരമായ ചടങ്ങിൽ അദ്ദേഹം നടത്തിയ മറ്റൊരു പ്രസംഗവുമായി ബന്ധപ്പെട്ടണ് ഗുജറാത്ത് പോലീസ് രണ്ടാമത്തെ എഫ്.ഐ.ആർ ചുമത്തിയത്. 
ഇന്ത്യൻ ശിക്ഷാനിയമത്തിലെ (ഐപിസി) 153 ബി (വിവിധ മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ), 505 (2) (പൊതു ജനദ്രോഹത്തിന് സഹായകമായ പ്രസ്താവനകൾ നടത്തൽ) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഞായറാഴ്ച മുംബൈയിൽ നിന്ന് അറസ്റ്റ് ചെയ്ത ശേഷമാണ് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ (എ.ടി.എസ്) സംഘം അസ്ഹരിയെ അഹമ്മദാബാദിലേക്ക് കൊണ്ടുവന്നു. അവിടെ നിന്ന് ജുനാഗഡിലേക്ക് കൊണ്ടുപോയി.

ഞാനൊരു കുറ്റവാളിയല്ല. കുറ്റകൃത്യം ചെയ്തതിനല്ല എന്നെ അറസ്റ്റ് ചെയ്തത്. പോലീസ് ആവശ്യമായ അന്വേഷണം നടത്തുന്നു. ഞാൻ അവരുമായി സഹകരിക്കുന്നുണ്ടെന്നും അറസ്റ്റിനെതിരെ പ്രതിഷേധിച്ചവരോട് അസ്ഹരി പറഞ്ഞിരുന്നു. ജനക്കൂട്ടത്തിന് നേരെ മുംബൈ പോലീസ് ലാത്തി ചാർജ് നടത്തിയതിനെ തുടർന്ന് നിരവധി പ്രതിഷേധക്കാർക്ക് പരിക്കേറ്റിരുന്നു. 

ഈജിപ്തിലെ അൽ അസ്ഹർ യൂണിവേഴ്‌സിറ്റിയിലെ പൂർവ വിദ്യാർത്ഥിയായ മുഫ്തി സൽമാൻ അസ്ഹരി ജനുവരി 31ന് രാത്രി ജുനഗഡിലെ 'ബി' ഡിവിഷൻ പോലീസ് സ്‌റ്റേഷനു സമീപമുള്ള ഒരു പരിപാടിയിൽ പ്രകോപന പ്രസംഗം നടത്തി എന്നാണ് ആരോപണം.  വീഡിയോ വൈറലായതോടെ അൻസാരിക്കെതിരെയും പ്രാദേശിക സംഘാടകരായ മുഹമ്മദ് യൂസഫ് മാലിക്, അസിം ഹബീബ് ഒഡേദര എന്നിവരെയും പോലീസ് കേസെടുക്കുകയായിരുന്നു.  മാലിക്കിനെയും ഹബീബിനെയും ശനിയാഴ്ച അറസ്റ്റ് ചെയ്തു. സൽമാൻ അസ്ഹരി പിറ്റേന്ന് അറസ്റ്റിലായി. അസ്ഹരിയെ നിയമവിരുദ്ധമായി തടങ്കലിൽ വച്ചിരിക്കുകയാണെന്നും നിയമപ്രകാരം ഞങ്ങൾക്ക് നൽകേണ്ട നോട്ടീസ് അറസ്റ്റിന് മുമ്പ് നൽകിയിട്ടില്ലെന്നും അസ്ഹരിയുടെ അഭിഭാഷകൻ ആരിഫ് സിദ്ദിഖി പറഞ്ഞു. പ്രസംഗത്തിലെ ഒരു ഭാഗം അടർത്തിയെടുത്ത് വ്യാജമായി പ്രചരിപ്പിക്കുകയായിരുന്നുവെന്നും അഭിഭാഷകൻ ആരോപിച്ചു. 
ഫലസ്തീൻ, സിറിയ, യെമൻ തുടങ്ങി ലോകത്തെവിടെയും മുസ്ലീങ്ങൾ നേരിടുന്ന അടിച്ചമർത്തലുകളെക്കുറിച്ചാണ് അസ്ഹരി പ്രസംഗിച്ചത്. 'ഇപ്പോൾ നായ്ക്കളുടെ സമയമാണ്, നമ്മുടെ സമയം വരും' എന്നാണ് അടിച്ചമർത്തുന്നവരെ ലക്ഷ്യമിട്ട് അസ്ഹരി പറഞ്ഞത്. എന്നാൽ ഹിന്ദുത്വ വാദികൾ 'നായ്ക്കൾ' എന്നതുകൊണ്ട് അദ്ദേഹം ഹിന്ദുക്കളെ ഉദ്ദേശിച്ചുവെന്ന് എന്നാരോപിച്ച് പോലീസിൽ പരാതി നൽകുകയായിരുന്നു.
 

Latest News