Sorry, you need to enable JavaScript to visit this website.

മലയാള സിനിമകൾക്ക് സ്‌ക്രീനുകൾ വർധിപ്പിക്കണം -ടോവിനോ

ദോഹയിൽ നടന്ന വാർത്താസമ്മേളനത്തിൽ ടോവിനോ തോമസ് സംസാരിക്കുന്നു

 

  • മോളിവുഡ് മാജിക് മാർച്ച് 7 ന് 

ദോഹ - മലയാള സിനിമകൾ ഇന്ന് നേരിടുന്ന വെല്ലുവിളി പരിമിതമായ തിയേറ്ററുകളിൽ ഒതുങ്ങിപ്പോകുന്നു എന്നുള്ളതാണെന്നും കൂടുതൽ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ അവസരം ഒരുക്കണമെന്നും നടനും അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ടോവിനോ തോമസ് അഭിപ്രായപ്പെട്ടു. കേരള ഫിലിം പ്രൊഡ്യൂസസ് അസോസിയേഷന്റെയും അമ്മയുടെയും ഖത്തറിലെ 91 ഇവന്റ്‌സിന്റെയും സംയുക്താഭിമുഖ്യത്തിൽ മാർച്ച് ഏഴിന് ദോഹയിൽ നടക്കുന്ന മോളിവുഡ് മാജിക് എന്ന സ്‌റ്റേജ് ഷോയുടെ ഭാഗമായി നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

700ൽ പരം സ്‌ക്രീനുകളാണ് കേരളത്തിലുള്ളത്. വൻകിട സിനിമകൾ വരെ 200 ഓളം സ്‌ക്രീനുകളിൽ മാത്രമാണ് പ്രദർശിപ്പിക്കുന്നത് . കേരളത്തിന് പുറത്തും ഇന്ത്യക്ക് പുറത്തുമുള്ള തീയേറ്ററുകളിൽ മലയാള സിനിമകൾക്ക് പ്രദർശനത്തിന് അവസരം ഒരുക്കിയാൽ മലയാള സിനിമാ രംഗത്ത് വൻ മുന്നേറ്റം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി മലയാള സിനിമയുടെ വിതരണം കാര്യക്ഷമമായി പുറത്തേക്ക് വ്യാപിപ്പിക്കണമെന്നും ടോവിനോ ആവശ്യപ്പെട്ടു. കേരളത്തിന് പുറത്തുള്ള നിലവാരമുള്ള തിയേറ്ററുകളിൽ റിലീസ് ദിവസങ്ങളിൽ തന്നെ പ്രദർശിപ്പിക്കാൻ അവസരം ഉണ്ടാകണം.

ഭാഷാ പരിമിതി എന്ന് പറയുന്നത് സിനിമക്ക് ബാധകമല്ല. സിനിമക്കൊരു വിഷ്വൽ ലാംഗ്വേജ് ഉണ്ട്. അത് ആർക്കും ആസ്വദിക്കാൻ സാധിക്കും. ലോകത്തുള്ള ഏതാണ്ട് എല്ലാ ഭാഷകളിലും സിനിമകൾ കാണുന്നവരാണ് മലയാളികൾ. സിനിമകൾ വിജയിക്കുന്നതിൽ പ്രമോഷൻ ഒരു പ്രധാന ഘടകമാണ്. സിനിമകൾ നന്നായതുകൊണ്ട് മാത്രം കാര്യമില്ല. അത് ജനങ്ങളിൽ എത്തിക്കാൻ സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ചെറിയ സിനിമകൾക്ക് തിയേറ്റർ കിട്ടുന്നില്ല എന്നതല്ല പ്രശ്‌നം. പ്രേക്ഷകരുടെ ചോയിസ് ആയി അത് മാറുന്നില്ല എന്നതാണ് പ്രശ്‌നം. ബിഗ് ബജറ്റ് ചിത്രങ്ങൾക്കാണ് ഇന്ന് പ്രേക്ഷകരിൽ ഏറെ സ്വീകാര്യതയുള്ളത്. ഒപ്പം മലയാളികൾ നിരവധി അന്യഭാഷാ ചിത്രങ്ങൾ കൂടി കാണുന്നവരാണ്. ഓസ്‌കാർ പോലുള്ള അവാർഡുകളിലേക്ക് മലയാള സിനിമകൾ എത്തിപ്പെടുക എന്നുള്ളത് മലയാള സിനിമയുടെ ശക്തിയാണ് കാണിക്കുന്നത്. അന്താരാഷ്ട്ര അവാർഡുകൾ ലഭിക്കുന്നതിൽ സിനിമയുടെ പ്രമോഷനും മാർക്കറ്റിംഗും ഒരു പ്രധാന ഘടകമാണ്. വോട്ടിങ്ങാണ് പലപ്പോഴും ഇതിന്റെ പ്രധാന മാനദണ്ഡം. എന്നാൽ വോട്ട് ചെയ്യേണ്ടവർ സിനിമ കാണുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് അവാർഡിനായി അപേക്ഷിക്കുന്നവരുടെ ഉത്തരവാദിത്തമാണ് -ടോവിനോ പറഞ്ഞു.

വർഷങ്ങൾക്ക് ശേഷമാണ് കേരളത്തിന് പുറത്ത് ഒരു വിപുലമായ സ്‌റ്റേജ് ഷോ സംഘടിപ്പിക്കുന്നതെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി സന്ദീപ് പറഞ്ഞു. മലയാളത്തിലെ മെഗാസ്റ്റാറുകൾ മുതൽ പുതുമുഖ നടന്മാർ വരെ അണിനിരക്കുന്ന പരിപാടി, ഫിഫ വേൾഡ് കപ്പ് നടന്ന 974 സ്‌റ്റേഡിയത്തിൽ നടക്കുന്നു എന്നതും പരിപാടിക്ക് മാറ്റുകൂട്ടുമെന്ന് അദ്ദേഹം പറഞ്ഞു. സിനിമാതാരങ്ങൾക്ക് പുറമേ പ്രശസ്തരായ ഗായകരും പരിപാടിയിൽ അണിനിരക്കും. പ്രശസ്ത ഗായകൻ എം ജി ശ്രീകുമാറിനുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് പരിപാടിയിൽ വിതരണം ചെയ്യും. മൂന്ന് മുതൽ നാലു മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന ഷോ ഒരു സിനിമ പോലെ കണ്ട് ആസ്വദിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു


 

Latest News