Sorry, you need to enable JavaScript to visit this website.

പിരമിഡിന് മുന്നില്‍ നിന്നുള്ള  ചിത്രവുമായി മോഹന്‍ലാല്‍

മെക്‌സിക്കോ-മെക്‌സിക്കോയിലെ അതിപുരാതനമായ പിരമിഡിന്റെ മുന്‍പില്‍ നിന്നുള്ള ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍. മെക്‌സിക്കോയിലെ പുരാതന നഗരമായ തിയോതിഹുവാക്കാനിലെ ഏറ്റവും വലിയ പിരമിഡായ 'പിരമിഡ് ഓഫ് സണ്‍' അഥവാ സൂര്യന്റെ പിരമിഡിന് മുന്‍പില്‍ നില്‍ക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്. മെക്‌സിക്കോയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണിത്.
മെറൂണ്‍ നിറമുള്ള ഷര്‍ട്ടും കൂളിങ് ഗ്ലാസുമണിഞ്ഞാണ് ചിത്രത്തില്‍ മോഹന്‍ലാലുള്ളത്. തിയോതിഹുവാക്കിനിന്റെ ഹൃദയഭാഗത്ത് പ്രശസ്തമായ പിരമിഡ് ഓഫ് മൂണിന്റെ സമീപത്തായാണ് പിരമിഡ് ഓഫ് സണ്‍ സ്ഥിതി ചെയ്യുന്നത്. വലുപ്പത്തില്‍ ലോകത്ത് മൂന്നാം സ്ഥാനത്തുള്ള ഈ പിരമിഡ് എ.ഡി 200-ല്‍ നിര്‍മിച്ചതായാണ് കരുതപ്പെടുന്നത്. ഭൂനിരപ്പില്‍ നിന്നും 216 അടി ഉയരത്തിലാണ് ഇതിന്റെ ഏറ്റവും ഉയര്‍ന്ന ഭാഗമുള്ളത്. ഏറ്റവും മുകളിലേക്ക് കയറാനായി 248 പടികളും ഇതിലുണ്ട്.
പ്രശസ്തമായ അവന്യൂ ഓഫ് ദ ഡെഡ് എന്ന റോഡ് പിരമിഡിനെ മറ്റ് പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നു. പിരമിഡ് എന്തിനാണ് നിര്‍മിച്ചതെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. പിരമിഡിന് മുകളില്‍ ഒരു ക്ഷേത്രം ഉണ്ടായിരുന്നതായി ഒരു വിഭാഗം ചരിത്ര ഗവേഷകര്‍ വിശ്വസിക്കുന്നു. അതിനാല്‍ തന്നെ ദൈവാരാധനയുമായി ബന്ധപ്പെട്ടാണ് പിരമിഡ് നിര്‍മിച്ചതെന്നാണ് കരുതപ്പെടുന്നത്. പിരമിഡില്‍ നടത്തിയ ഖനനത്തില്‍ മൃഗങ്ങളുടെയും കുട്ടികളുടെയും അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവ പിരമിഡ് നിര്‍മാണത്തിന്റെ സമയത്ത് ബലിനല്‍കിയതാവാം എന്നാണ് വിലയിരുത്തപ്പെടുന്നത്.
മെക്‌സികോയില്‍ നിന്ന് 50 കിലോമീറ്ററോളം അകലെയാണ് തിയോതിഹുവാക്കാന്‍ സ്ഥിതി ചെയ്യുന്നത്. 1987 ല്‍ ഇവിടം യുനസ്‌കോ വേള്‍ഡ് ഹെറിറ്റേജ് സൈറ്റായി തിരഞ്ഞെടുത്തു. ചരിത്രാന്വേഷികള്‍ക്കും സഞ്ചാരികള്‍ക്കുമായി മെക്‌സിക്കോ സിറ്റിയില്‍ നിന്ന് തിയോതിഹുവാക്കാന്‍ ടൂറുകള്‍ സംഘടിപ്പിക്കുന്നുണ്ട്. മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള സമയത്താണ് ഇവിടെ കൂടുതല്‍ സഞ്ചാരികളെത്തുന്നത്.

Latest News