കണ്ണൂരില്‍ പാചക വാതക ടാങ്കര്‍ ലോറി  മറിഞ്ഞു, ആറു പേര്‍ക്ക് പരിക്കേറ്റു

കണ്ണൂര്‍ - കണ്ണൂരില്‍ പഴയങ്ങാടി പാലത്തില്‍ പാചക വാതക ടാങ്കര്‍ ലോറി മറിഞ്ഞു. മൂന്ന് വാഹനങ്ങളില്‍ ഇടിച്ചാണ് അപകടം. ആറു പേര്‍ക്ക് പരിക്കേറ്റു.ആരുടെയും പരിക്ക് ഗുരുതരമല്ല.കണ്ണൂര്‍ പഴയങ്ങാടിയില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. മംഗലാപുരത്തുനിന്ന് കോഴിക്കോടേയ്ക്ക് വരികയായിരുന്ന പാചക വാതക ടാങ്കര്‍ മൂന്ന് വാഹനങ്ങളില്‍ ഇടിച്ച് മറിയുകയായിരുന്നു. 
ടാങ്കറില്‍ നിന്ന് വാതക ചോര്‍ച്ചയില്ലെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെത്തുടര്‍ന്ന് പഴയങ്ങാടി പാലം വഴിയുള്ള ഗതാഗതം പൂര്‍ണമായും തടഞ്ഞു. 
അമിത വേഗത്തിലെത്തിയ ലോറി ആദ്യം ട്രാവലറില്‍ ഇടിക്കുകയായിരുന്നു. കോഴിക്കോട് ബന്ധുവീട്ടില്‍ പോയതിനുശേഷം തിരിച്ചുവരികയായിരുന്ന കാഞ്ഞങ്ങാട് സ്വദേശികളാണ് ട്രാവലറിയിലുണ്ടായിരുന്നത്. ലോറിയുടെ അമിതവേഗത്തിലെത്തിലെ വരവുകണ്ട് പാലത്തിന് അരികിലേയ്ക്ക് ട്രാവലര്‍ പരമാവധി അടുപ്പിച്ചതുകൊണ്ട് വന്‍ അപകടം ഒഴിവായി. ട്രാവലറില്‍ ഇടിച്ചതിനുശേഷം രണ്ട് കാറുകളില്‍ കൂടി ഇടിച്ചതിനുശേഷമാണ് ലോറി നിന്നത്. അപകടത്തില്‍ ട്രാവലറില്‍ ഉണ്ടായിരുന്ന എട്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരെ പരിയാരം മെഡിക്കല്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല. ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍ കൊല്ലം സ്വദേശി പ്രശാന്ത് കുമാറിനും പരിക്കേറ്റു. ഇയാളും മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലോറിയില്‍ നിന്ന് പാചകവാതകം റീഫില്‍ ചെയ്തതിനുശേഷം മാത്രമേ അവിടെനിന്ന് മാറ്റാന്‍ സാധിക്കുകയുള്ളൂ. ഇതിനുശേഷം മാത്രമേ ഗതാഗതം പുനസ്ഥാപിക്കുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.

Latest News