മുസ്ലിംകൾ ബഹിഷ്‌കരിച്ചു; മക്‌ഡൊണാൾഡിന്റെ വ്യാപാരം തകർന്നു

ലണ്ടൻ- ഗാസയിൽ ഇസ്രായിൽ നടത്തിയ ആക്രമണം തങ്ങളുടെ വ്യവസായത്തെ പ്രതികൂലമായി ബാധിച്ചതായി ഫാസ്റ്റ് ഫുഡ് ഭീമൻമാരായ മക്‌ഡൊണാൾഡ്. ഇസ്രായിലിനെ പിന്തുണച്ചതിനാൽ മുസ്ലീം രാജ്യങ്ങളിലെ ഉപഭോക്താക്കൾ മക്‌ഡൊണാൾഡ് ബഹിഷ്‌കരിച്ചതിനെ തുടർന്നാണ് നഷ്ടം ബാധിച്ചത്. 
ഗാസയിലെ യുദ്ധത്തിന്റെ തുടക്കം മുതൽ മിഡിൽ ഈസ്റ്റിലെ മക്‌ഡൊണാൾഡിന്റെ ബിസിനസ്സ് തകർന്നുവെന്ന് മക്‌ഡൊണാൾഡിന്റെ സി.ഇ.ഒ ക്രിസ് കെംപ്‌സിൻസ്‌കി പറഞ്ഞു. 
നാലു വർഷത്തിനിടെ ഇതാദ്യമായാണ്  മക്‌ഡൊണാൾഡിന് ഇത്രയധികം നഷ്ടം നേരിടുന്നത്. യുദ്ധം ഗൾഫിലെയും മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിലെയും വിൽപ്പനയിൽ നിരാശാജനകമായ സ്വാധീനം ചെലുത്തിയെന്നും ക്രിസ് കെംപ്‌സിൻസ്‌കി പറഞ്ഞു. യുദ്ധം അവസാനിക്കാത്ത കാലത്തോളം ഇതിൽ കാര്യമായ മാറ്റമുണ്ടാകാൻ സാധ്യതയില്ല. ഇതൊരു മാനുഷിക ദുരന്തമാണ്. അത് തങ്ങളുടേത് പോലുള്ള ബ്രാൻഡുകളെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
ഇസ്രായിൽ സൈനികർക്ക് സൗജന്യ ഭക്ഷണം നൽകാനുള്ള മക്‌ഡൊണാൾഡിന്റെ പ്രഖ്യാപനമാണ് മുസ്‌ലിം രാജ്യങ്ങളിലെ ഉപഭോക്താക്കൾ മക്‌ഡൊണാൾഡ് ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്യാൻ കാരണമായത്. 
സൗദി അറേബ്യ, ഒമാൻ, കുവൈറ്റ്,യു.എ.ഇ, ജോർദാൻ, ഈജിപ്ത്, ബഹ്‌റൈൻ, തുർക്കി എന്നിവിടങ്ങളിലെ മക്‌ഡൊണാൾഡിന്റെ ഫ്രാഞ്ചൈസികൾ ഗാസയിലെ ഫലസ്തീനികൾക്കായി ദശലക്ഷക്കണക്കിന് ഡോളർ സഹായം വാഗ്ദാനം ചെയ്‌തെങ്കിലും ഫലമുണ്ടായില്ല.

ചിക്കാഗോ ആസ്ഥാനമായുള്ള മക്‌ഡൊണാൾഡ്‌സ് ഏറ്റവും മികച്ച യു.എസ് ബ്രാൻഡുകളിലൊന്നായാണ് അറിയപ്പെടുന്നത്. എങ്കിലും അതിന്റെ മിക്ക റെസ്‌റ്റോറന്റുകളും പ്രാദേശിക ഉടമസ്ഥതയിലുള്ളതാണ്.
 


ഇതു കൂടി വായിക്കൂ, മൽബു  കഥ

രൂപയില്‍ കടം കൊടുക്കരുത്


 

Latest News