രാംചരണിനെ നായകനാക്കി 450 കോടി രൂപ ബജറ്റിൽ ഷങ്കർ സംവിധാനം ചെയ്യുന്ന ഗെയിം ചെയ്ഞ്ചർ ഈ വർഷം സെപ്റ്റംബറിൽ റിലീസ് ചെയ്യും. ചിത്രത്തിൽ നായികയായി ബോളിവുഡ് താരം കിയാര അദ്വാനിയും. തെലുങ്ക് താരം അഞ്ജലിയും നായികാ വേഷത്തിലുണ്ട്. ചിത്രത്തിന്റെ ക്യാമറ മലയാളിയായ ഷമീർ മുഹമ്മദാണ്. മലയാളി താരം ജയറാം, തമിഴ് താരം നാസർ, സമുദ്രക്കനി, എസ്.ജെ. സൂര്യ, ശ്രീകാന്ത് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽരാജുവും, ശ്രീരിഷും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയതും സംവിധായകൻ ഷങ്കർ തന്നെ. കാർത്തിക് സുബ്ബരാജിന്റേതാണ് കഥ. ശ്രീമഹാദേവ് ബുർറ, ഫർഹാദ് സാംജി, ശ്രീവേങ്കടേശൻ, വിവേക് എന്നിവർ ചേർന്നാണ് സംഭാഷണം എഴുതിയത്. സംഗീതം എസ്. തമൻ, എഡിറ്റിംഗ് ടിറു.
ഒരേ സമയം രണ്ട് ബ്രഹ്മാണ്ഡ ചിത്രങ്ങൾ ഒരുക്കുകയാണ് സംവിധായകൻ ഷങ്കർ. കമലഹാസൻ നായകനായ ഇന്ത്യൻ 2 സംവിധാനം ചെയ്യുന്നതും ഷങ്കറാണ്.
2021 ഒക്ടോബറിൽ ഗെയിം ചെയ്ഞ്ചറിന്റെ ചിത്രീകരണം ആരംഭിച്ചെങ്കിലും ഇപ്പോഴും 60 ശതമാനം മാത്രമേ പൂർത്തിയായിട്ടുള്ളൂ. ചിത്രത്തിനു വേണ്ടി രാമോജി ഫിലിം സിറ്റിയിൽ സെറ്റിട്ട് ഒരു ഗാനം ഷൂട്ട് ചെയ്തതിന് 23 കോടിയാണ് ചെലവായതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. വിദേശ നർത്തകരടക്കമുള്ള ഗാന ചിത്രീകരണത്തിന് പത്ത് ദിവസം വേണ്ടിവന്നു. ആ ഷെഡ്യൂളിൽ തന്നെ ചിത്രത്തിൽ ഏഴ് മിനിറ്റ് ദൈർഘ്യമുള്ള ആക്ഷൻ സീൻ ചിത്രീകരിക്കാൻ 70 കോടിയും മുടക്കി.
ഇതാദ്യമായാണ് കിയാര അദ്വാനി തെലുങ്ക് സൂപ്പർ താരം രാംചരണിന്റെ നായികയാവുന്നത്. കിയാരയുടെ മൂന്നാമത്തെ തെലുങ്ക് ചിത്രമാണ് ഗെയിം ചെയ്ഞ്ചർ. 2018 ൽ പുറത്തിറങ്ങിയ ഭരത് ആനെ നേനു വൻ വിജയമായിരുന്നെങ്കിലും തൊട്ടടുത്ത വർഷം ഇറങ്ങിയ വിനയ വിധേയ രാമ ശരാശരി വിജയം മാത്രമേ നേടിയുള്ളൂ.