വയലൻസ് കൂടി 'അന്ധകാരാ'യ്ക്ക് എ സർട്ടിഫിക്കറ്റ്

വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലർ ചിത്രം 'അന്ധകാരാ'യ്ക്ക് എ സർട്ടിഫിക്കറ്റ്. ഏറെ വയലൻസ് രംഗങ്ങൾ ഉൾപ്പട്ടതുകൊണ്ടാണ് ചിത്രത്തിന് എ സർട്ടിഫിക്കറ്റ് നൽകിയതെന്നാണ് വിവരം. ഫെബ്രുവരി 16 ന് തിേയറ്ററുകളിലെത്തുന്ന ചിത്രം ഡ്രീം ബിഗ് ഫിലിംസാണ് പ്രദർശനത്തിന് എത്തിക്കുന്നത്.
പ്രിയം, ഗോഡ്‌സ് ഓൺ കൺട്രി, ഹയ തുടങ്ങിയ സിനിമകൾ ഒരുക്കിയ വാസുദേവ് സനലിന്റെ ത്രില്ലർ ചിത്രമാണ് അന്ധകാരാ. നടി ദിവ്യാ പിള്ള പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ചന്തുനാഥ്, ധീരജ് ഡെന്നി, വിനോദ് സാഗർ, ആന്റണി ഹെൻറി, മറീന മൈക്കൽ, അജിഷ പ്രഭാകരൻ, സുധീർ കരമന, കെ.ആർ. ഭരത് തുടങ്ങിയവരും അഭിനയിക്കുന്നു.
എയ്‌സ് ഓഫ് ഹാർട്‌സ് സിനി പ്രൊഡക്ഷന്റെ ബാനറിൽ സജീർ ഗഫൂർ ആണ് അന്ധകാരാ നിർമിക്കുന്നത്. അർജുൻ ശങ്കറും പ്രശാന്ത് നടേശനും ചേർന്നു തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ക്യാമറ മനോ വി. നാരായണൻ. എഡിറ്റിംഗ് അനന്തു വിജയ്.
ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം യൂട്യൂബിൽ പുറത്തിറങ്ങിയിരുന്നു. ഹരിത ഹരിബാബു എഴുതിയ വരികൾക്ക് അരുൺ മുരളീധരൻ സംഗീതം പകർന്ന് നിത്യ മാമനും ദീപക് നായരും ചേർന്നാലപിച്ച 'ആരീ നേരിൻ അകമറിയേ...' എന്നാരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോയാണ് റീലിസായത്.

Latest News