Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പാടിപ്പാടി അഭിനയത്തിലെത്തിയ അഭയ ഹിരൺമയി

പേരു പോലെ ജീവിതത്തോട് ഭയമില്ലാത്തവളാണ് അഭയ ഹിരൺമയി. ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകൾ. പ്രവൃത്തികളിലുമുണ്ട് ഈ ആത്മവിശ്വാസം. മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തിലെ പുന്നാരകാട്ടിലെ പൂവനത്തിൽ... എന്ന ഗാനത്തിലൂടെ ശ്രോതാക്കളുടെ മനസ്സിൽ വീണ്ടും പൂമഴ വർഷിക്കുകയാണ് ഈ ഗായിക. ആദ്യമായാണ് ഒരു മോഹൻലാൽ ചിത്രത്തിൽ പാടാൻ അവസരം ലഭിക്കുന്നതെന്ന സന്തോഷവും ആ മുഖത്തുണ്ട്. ഖൽബിലെ തേനൊഴുകണ കോഴിക്കോട്... കടലമ്മ മുത്തണ കര കോയിക്കോട്... എന്ന ഗാനത്തിലൂടെ ശ്രോതാക്കളുടെ ഹൃദയത്തിലിടം പിടിച്ച ഈ അനന്തപുരിക്കാരി അഭിനയ രംഗത്തേയ്ക്കും ചുവടു വെയ്ക്കുകയാണ്. വേറിട്ട ആലാപന ശൈലിയിലൂടെ സംഗീതരംഗത്ത് നിലയുറപ്പിച്ച ഈ ഗായികയെ ഇനി ബിഗ് സ്‌ക്രീനിലും കാണാനാകും. നടൻ ജോജു ജോർജിന്റെ ആദ്യസംവിധാന സംരംഭമായ പണി എന്ന ചിത്രത്തിലൂടെയാണ് ഈ ഗായിക അഭിനയ രംഗത്ത് ഹരിശ്രീ കുറിക്കുന്നത്. പാട്ടും അഭിനയവും ഇഴചേർന്ന ജീവിത വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് ഈ കലാകാരി.

മലൈക്കോട്ടൈ വാലിബനിലെ ഗായിക
സത്യത്തിൽ ഈ പാട്ട് പാടിയതിനു ശേഷമാണ് മലൈക്കോട്ടൈയിലെ പാട്ടാണ് എന്നറിഞ്ഞത്. പ്രശാന്ത് പിള്ള ഈണം പകർന്ന ഈ ഗാനം പാടാൻ ക്ഷണിച്ചപ്പോൾ പോയി പാടി എന്നല്ലാതെ മറ്റൊന്നും അറിഞ്ഞിരുന്നില്ല. ഒരാൾ പാടാൻ വിളിക്കുമ്പോൾ ഏതു സിനിമയിലേയ്ക്കാണ്, ആരാണ് സംവിധായകൻ എന്നൊന്നും അന്വേഷിക്കാറില്ല. പിന്നീട് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയാണ് ഈ പാട്ട് തന്റെ ചിത്രത്തിലേയ്ക്കു വേണ്ടിയാണെന്ന് പറഞ്ഞത്. ഒരു വർഷം മുൻപായിരുന്നു ആ ഗാനം ആലപിച്ചത്. ആമേൻ തുടങ്ങിയ ചിത്രങ്ങളിലെ പാട്ടുകൾക്ക് ഈണം നൽകിയ പ്രശാന്തിനെ എനിക്ക് വലിയ ഇഷ്ടമായിരുന്നു. അങ്ങനെയാണ് അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചത്. പാട്ടു പാടിയപ്പോൾ ഒരു നാടകഗാനം പോലെ തോന്നിച്ചു. അച്ഛനും അമ്മാവനുമെല്ലാം അരങ്ങുമായി ബന്ധപ്പെട്ടവരായതുകൊണ്ടു തന്നെ നാടകഗാനങ്ങൾ എന്നും  ഇഷ്ടമായിരുന്നു. പാട്ടിന് എന്റേതായ ഭാവുകത്വം നൽകിയാണ് പാടിയത്. ലിജോ ജോസ് പെല്ലിശ്ശേരി വിളിച്ചപ്പോൾ പോയതും പാട്ടുപാടാനായിരുന്നു. എന്നാൽ അദ്ദേഹം ചിത്രത്തിലെ ഒരു കഥാപാത്രത്തിന് ഡബ്ബ് ചെയ്യാനായിരുന്നു വിളിച്ചത്. ഡബ്ബ് ചെയ്യാൻ അറിയില്ലെന്നു പറഞ്ഞെങ്കിലും ശ്രമിച്ചു നോക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം നിരാകരിച്ചില്ല. പഴയ ബാലെ സ്‌റ്റൈലിലുള്ള ഡബ്ബിംഗായിരുന്നു വേണ്ടിയിരുന്നത്. അതൊട്ടും ശരിയായതുമില്ല. ലിജോയ്ക്കും സംഗതി മനസ്സിലായി. അപ്പോഴാണ് അഭയ പാടിയ പാട്ട് കേൾക്കേണ്ടേ എന്നു ചോദിച്ചത്. എപ്പോഴാണ്് പാടിയതെന്നു ചോദിച്ചപ്പോൾ ആ പാട്ട് കേൾപ്പിച്ചു തന്നു. സന്തോഷം കൊണ്ട് ഒന്നും പറയാനാവാത്ത അവസ്ഥ. ചിത്രത്തിൽ ഉൾപ്പെടുത്തുമോ എന്നറിയില്ലെന്നും അങ്ങനെയെങ്കിൽ അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു. കുറച്ചു ദിവസങ്ങൾക്കു മുൻപ് പ്രശാന്തിന്റെ അസിസ്റ്റന്റാണ് പാട്ട് ചിത്രത്തിലുൾപ്പെടുത്തിയ കാര്യം വിളിച്ചു പറഞ്ഞത്. മറ്റു ഭാഷകളിൽ കൂടി ഈ പാട്ട് പാടണമെന്നും പറഞ്ഞു. തമിഴിലും തെലുങ്കിലും പാടി. തമിഴിൽ പാടിയപ്പോൾ വലിയ ബുദ്ധിമുട്ട് തോന്നിയില്ല. എന്നാൽ ഭാഷ അറിയാത്തതിനാൽ തെലുങ്കിൽ ശരിക്കും ബുദ്ധിമുട്ടു തോന്നി. ഭാഷ അറിയില്ലെങ്കിൽ പാട്ടിന്റെ ഭാവം ശരിയാകില്ല. എങ്കിലും സംഗീത സംവിധായകനും രചയിതാവുമെല്ലാം അടുത്തിരുന്ന് അർഥം പറഞ്ഞുതന്നതിനാൽ ഏറെ ബുദ്ധിമുട്ടില്ലാതെ പാടാൻ കഴിഞ്ഞു.



പ്രേക്ഷക പ്രതികരണം
മികച്ച പ്രതികരണമാണ് പാട്ടിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. വ്യക്തമായ ആലാപന ശൈലിയെന്നാണ് പലരും പറഞ്ഞത്. വ്യത്യസ്തമായ ശബ്ദവും ഭാവവും കൂടിയായപ്പോൾ ഈ പാട്ട് അനുയോജ്യമായിട്ടുണ്ടെന്നും പറഞ്ഞു. നല്ല വാക്കുകൾ കേൾക്കുമ്പോൾ എല്ലാവരോടും നന്ദിയും സ്‌നേഹവുമാണ് തോന്നുന്നത്.

ശ്രോതാക്കൾ തിരിച്ചറിഞ്ഞു തുടങ്ങിയത്
കോഴിക്കോട്ടുകാരുടെ സ്‌നേഹവും സംഗീതാഭിരുചിയും ഭക്ഷണ പ്രിയവുമെല്ലാം നിറഞ്ഞൊഴുകുന്ന ഖൽബിലെ തേനൊഴുകണ കോഴിക്കോട് എന്ന ഗാനത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ധ്യാൻ ശ്രീനിവാസന്റെ തിരക്കഥയിൽ തോമസ് കെ. സെബാസ്റ്റിയൻ സംവിധാനം ചെയ്ത ഗൂഢാലോചന എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ഹരിനാരായണന്റെ വരികൾക്ക് ഗോപിസുന്ദറാണ് സംഗീതം നൽകിയത്. കോഴിക്കോടിന്റെ നാട്ടുഭാഷയിൽ രൂപംകൊണ്ട ഈ ഗാനം സോഷ്യൽ മീഡിയയിൽ ട്രെൻഡായിരുന്നു. കൊച്ചിയിൽ വെച്ചായിരുന്നു റെക്കോർഡിംഗ്. പാട്ടു കേട്ടപ്പോൾ ശ്രമിച്ചുനോക്കാമെന്നു കരുതി. കോഴിക്കോട്ട് ഒരുപാട് സുഹൃത്തുക്കളുണ്ട്. അവരുടെ സംസാര ശൈലി അറിയാമായിരുന്നതിനാൽ നന്നായി പാടാൻ കഴിഞ്ഞു.

സംഗീതാഭിരുചി
സംഗീത കുടുംബത്തിലാണ് ജനിച്ചത്. സംഗീതത്തിൽ ബിരുദാനന്തര ബിരുദധാരിണിയും പ്രൊഫ. നെയ്യാറ്റിൻകര എം.കെ. മോഹനചന്ദ്രന്റെ ശിഷ്യയുമായ അമ്മ ലതികയിൽനിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്. പിന്നീട് പിതൃസഹോദരന്റെ കീഴിലും സംഗീതം അഭ്യസിച്ചു. സ്വാതി തിരുനാൾ സംഗീത കോളേജിൽ പ്രൊഫസറായിരുന്നു അദ്ദേഹം. അച്ഛൻ മോഹനാകട്ടെ, തിരുവനന്തപുരം ദൂരദർശനിൽ പ്രോഗ്രാം പ്രൊഡ്യൂസറായിരുന്നു. കാർമൽ സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. എൻജിനീയറിംഗിന് ചേർന്നെങ്കിലും സംഗീതം കൂട്ടിനെത്തിയപ്പോൾ പഠനം പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോഴും സംഗീതം അഭ്യസിച്ചുകൊണ്ടിരിക്കുകയാണ്.

ആലാപന വഴിയിലെ തുടക്കം
സംഗീത സംവിധായകൻ ഗോപീ സുന്ദറാണ് ആലാപന രംഗത്തേയ്ക്കു നയിച്ചത്. അവിചാരിതമായി അദ്ദേഹം എന്റെ പാട്ടു കേൾക്കുകയും വ്യത്യസ്തമായ സ്വരമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. നാക്കു പെന്റ നാക്കു ടെക്ക എന്ന ചിത്രത്തിലായിരുന്നു തുടക്കം. ചിത്രത്തിൽ ആഫ്രിക്കൻ ഭാഷയിലുള്ള ഒരു പാട്ടായിരുന്നു പാടിച്ചത്. ദിലീപും മമത മോഹൻദാസും ഒന്നിച്ച ടു കൺട്രീസ് എന്ന ചിത്രത്തിലെ തിരയുന്നു പെണ്ണേ... എന്ന ഗാനം പാടി. പൃഥ്വിരാജും വേദികയും അഭിനയിച്ച ജെയിംസ് ആന്റ് ആലീസിലെ മഴയെ... മഴയെ... എന്ന ഗാനമായിരുന്നു അടുത്തത്. ജയറാമിന്റെ സത്യ എന്ന ചിത്രത്തിലെ ഞാൻ നിന്നെ തേടിവരും, തെലുങ്കു ചിത്രമായ മല്ലി മല്ലി ഇഡി റാണി രാജു എന്ന ചിത്രത്തിലെ ചോട്ടി സിന്ദഗി... എന്ന ഗാനവും ആലപിച്ചു. തുടർന്നായിരുന്നു കോഴിക്കോടൻ ഗാനം ആലപിച്ചത്.

അഭിനേത്രി എന്ന നിലയിൽ
നല്ല അവസരങ്ങൾ ലഭിക്കുകയാണെങ്കിൽ അഭിനയിക്കാൻ മടിയില്ല. അഭിനയ രംഗത്തേയ്ക്ക് പലരും ക്ഷണിക്കാറുണ്ട്. എന്നാൽ നല്ല കഥാപാത്രമാണെങ്കിൽ അതും പരീക്ഷിക്കാൻ തന്നെയാണ് തീരുമാനം. ആദ്യപരിഗണന സംഗീതത്തിനു തന്നെയാണ്. സംഗീതം കഴിഞ്ഞു മാത്രമേ മറ്റു കാര്യങ്ങൾക്കായി സമയം ചെലവഴിക്കുകയുളളൂ. സംഗീതത്തെ ബാധിക്കാത്ത തരത്തിലുള്ള അഭിനയമാണെങ്കിൽ ശ്രമിക്കും. നടൻ ജോജു ജോർജ് രചനയും സംവിധാനവും നിർവഹിക്കുന്ന പണി എന്ന ചിത്രത്തിൽ അഭിനയിച്ചു കഴിഞ്ഞു. തൃശൂരിലെ രണ്ട് ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള മത്സരത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ഒരു ത്രില്ലറാണിത്. ചിത്രത്തിൽ ജോജുവിന്റെ നായികയായാണ് വേഷമിടുന്നത്. ചിത്രത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാനാവില്ല.

പാട്ടുകളുടെ തെരഞ്ഞെടുപ്പ്
എല്ലാ പാട്ടുകളും ഇഷ്ടമാണ്. ക്ലാസിക്കലും വെസ്റ്റേണുമെല്ലാം പാടാറുണ്ട്. കർണാട്ടിക് സംഗീതമാണ് കൂടുതൽ കേട്ടു ശീലിച്ചത്. അതുകൊണ്ടാകണം, കൂടുതൽ വഴങ്ങുന്നതും അത്തരം പാട്ടുകളാണ്. കർണാട്ടിക് സംഗീതം ആലപിക്കാനാണ് ശബ്ദത്തെ പാകപ്പെടുത്തിയിരിക്കുന്നത്. എങ്കിലും എല്ലാത്തരം പാട്ടുകളും പാടാൻ ഇഷ്ടമാണ്. പ്രത്യേക ജോണറിലുള്ള പാട്ടുകൾ മാത്രമേ പാടൂ എന്ന നിബന്ധനയൊന്നുമില്ല.

പുതിയ പ്രോജക്ടുകൾ
സ്‌റ്റേജ് ഷോകളും സ്വന്തം പാട്ടുകളുമായി കഴിയുകയാണിപ്പോൾ. സിനിമയിലെ പാട്ടുകൾ എപ്പോഴും കേൾക്കാനാവും. എന്നാൽ സ്‌റ്റേജിൽ പാടുകൾ പ്രേക്ഷകരുടെ പ്രതികരണങ്ങൾ നേരിട്ട് കണ്ടുകൊണ്ട് പാടാനാവും. സ്‌റ്റേജിൽ പാടുമ്പോൾ ഏതുതരം പാട്ടുകളും പാടാനാവും. അതിനുള്ള സ്വാതന്ത്ര്യവുമുണ്ട്. അതുകൊണ്ടു തന്നെ വേദിയിൽ പാടാൻ ഏറെയിഷ്ടമാണ്. നല്ല ഊർജമാണ് സ്‌റ്റേജിൽ നിന്നും ലഭിക്കുന്നത്. പ്രേക്ഷകരുടെ ആവേശം കൂടി കാണുമ്പോൾ അത് ഇരട്ടിയാകും.

Latest News