Sorry, you need to enable JavaScript to visit this website.

BREAKING: ലുലു ഗ്രൂപ്പ് ഓഹരി വിപണിയിലേക്ക്, 100 കോടി ഡോളര്‍ സമാഹരിക്കും

അബുദാബി- രാജ്യാന്തര റീട്ടെയ്ല്‍ വിതരണ ശൃംഖലയായ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഓഹരി വിപണിയിലേക്ക്. 100 കോടി ഡോളറിന്റെ ഓഹരികള്‍ വില്‍ക്കാനാണ് ഉദ്ദേശ്യമെന്ന് ബ്ലൂംബര്‍ഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2024 ന്റെ രണ്ടാം പകുതിയില്‍ റിയാദിലും അബുദാബിയിലും ഇരട്ട ലിസ്റ്റിംഗ് ആണ് കമ്പനി പരിഗണിക്കുന്നത്.

മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളില്‍ ഒന്നായ ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്, കുറഞ്ഞത് 100 കോടി ഡോളര്‍ സമാഹരിക്കാന്‍ സാധ്യതയുള്ള പബ്ലിക് ഓഫറിംഗിന്റെ നടത്തിപ്പിനായി ബാങ്കുകളെ ക്ഷണിച്ചതായാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നതിനാല്‍ പേരു വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയിലാണ് വിശ്വസനീയ വൃത്തങ്ങള്‍ ഇക്കാര്യം അറിയിച്ചതെന്നും റിയാദിലും അബുദാബിയിലും ഇരട്ട ലിസ്റ്റിംഗിനുള്ള പദ്ധതികളാണ് ഗ്രൂപ്പ് പരിഗണിക്കുന്നതെന്നും ബ്ലൂംബര്‍ഗ് പറഞ്ഞു.

ഈ മേഖലയിലെ ഐപിഒ വരുമാനം 2023ല്‍ 51 ശതമാനം ഇടിഞ്ഞ് 10.7 ബില്യണ്‍ ഡോളറായിരുന്നു. ഐപിഒ രണ്ടാം പകുതിയില്‍ നടക്കുമെന്നും ലുലു ഗ്രൂപ്പിന്റെ പ്രധാന ബിസിനസുകള്‍ ജിസിസിയില്‍ ഉള്‍പ്പെടുത്തുമെന്നും അവര്‍ പറഞ്ഞു. ലിസ്റ്റിംഗില്‍ ഉള്‍പ്പെടുത്തേണ്ട പ്രവര്‍ത്തനങ്ങളുടെ കൃത്യമായ വ്യാപ്തി ഇതുവരെ അന്തിമമായി തീരുമാനിച്ചിട്ടില്ല. ഇക്കാര്യത്തിലുള്ള ചോദ്യത്തോട് പ്രതികരിക്കാന്‍ ലുലുവിന്റെ പ്രതിനിധി വിസമ്മതിച്ചു.

അബുദാബി ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പ് ഐ.പി.ഒക്ക് മുന്നോടിയായി കടം റീഫിനാന്‍സ് ചെയ്യുന്നതിനായി 1000 കോടി  ദിര്‍ഹം (2.5 ബില്യണ്‍ ഡോളര്‍) സമാഹരിച്ചതായി ബ്ലൂംബര്‍ഗ് ന്യൂസ് ഓഗസ്റ്റില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഈ മേഖലയില്‍ ഇരട്ട ലിസ്റ്റിംഗുകള്‍ താരതമ്യേന വിരളമാണ്. 2022ല്‍, മിഡില്‍ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലുടനീളമുള്ള കെഎഫ്‌സി, പിസ്സ ഹട്ട് റെസ്‌റ്റോറന്റുകളുടെ ഓപ്പറേറ്ററായ അമേരിക്കാന ഗ്രൂപ്പ്  സൗദി അറേബ്യയിലും യുഎഇയിലും ഇത്തരമൊരു കരാര്‍ നടപ്പാക്കിയ ആദ്യത്തെ കമ്പനിയാണ്.

2020ല്‍ ഒരു അബുദാബി നിക്ഷേപ സ്ഥാപനം ഗ്രൂപ്പിലെ 100 കോടി ഡോളറിലധികം മൂല്യമുള്ള 20% ഓഹരികള്‍ വാങ്ങുന്ന സമയത്ത് ലുലുവിന് 500 കോടി ഡോളറിലധികം മൂല്യമുണ്ടായിരുന്നു.

1990 കളുടെ തുടക്കത്തില്‍ ഗള്‍ഫ് മേഖലയിലെ എണ്ണ കുതിച്ചുചാട്ടത്തിനിടയില്‍ ഇന്ത്യന്‍ വ്യവസായി യൂസഫലിയാണ് ലുലു സ്ഥാപിച്ചത്. ഏകദേശം 800 കോടി ഡോളര്‍ വാര്‍ഷിക വരുമാനമുള്ള ഗ്രൂപ്പില്‍ 70,000ത്തിലധികം ആളുകള്‍ ജോലി ചെയ്യുന്നു. മിഡില്‍ ഈസ്റ്റ്, ഏഷ്യ, യുനൈറ്റഡ് സ്‌റ്റേറ്റ്‌സ്, യൂറോപ്പ് എന്നിവിടങ്ങളില്‍ 26 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നു.

 

Latest News