യുവതികളെ വശീകരിച്ച് സ്വര്‍ണവും പണവും തട്ടുന്ന വിരുതന്‍ പിടിയില്‍

പ്രതി അന്‍സാര്‍

പെരിന്തല്‍മണ്ണ- പ്രണയം നടിച്ച് യുവതിയെ പീഡിപ്പിക്കുകയും സ്വര്‍ണവും പണവും തട്ടുകയും ചെയ്ത  യുവാവ് പോലിസ് പിടിയിലായി. കാസര്‍കോട് മൂളിയാര്‍ സ്വദേശി സുല്‍ത്താന്‍ മന്‍സില്‍ മുഹമ്മദ് അന്‍സാറാണ് (24) പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.പി. മോഹനചന്ദ്രന്റെയും സംഘത്തിന്റെയും പിടിയിലായത്. മങ്കട പോലിസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട യുവതി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന യുവതീ യുവാക്കള്‍ക്ക്  ജോലി വാഗ്ദാനം ചെയ്തും തമിഴ്, തെലുങ്ക് സിനിമകളില്‍ അവസരം നല്‍കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചുമാണ് പണവും മറ്റും തട്ടുന്നതെന്ന് പോലിസ് പറഞ്ഞു. ഇരകളെ മോഹന വാഗ്ദാനങ്ങള്‍ നല്‍കി വിശ്വസിപ്പിച്ച് ഹൈദരാബാദ്, ബംഗ്ലൂരു ഉള്‍പ്പടെയുള്ള നഗരങ്ങളിലേക്ക് വിളിച്ചുവരുത്തും. തുടര്‍ന്ന്  ആഡംബര മുറിയെടുത്ത് തന്ത്രപൂര്‍വം പണം കൈക്കലാക്കിയശേഷം കടന്നുകളയും. സ്ത്രീകളുമായി അടുത്തിടപഴകി അവരുടെ സ്വര്‍ണവും മറ്റും അവരെക്കൊണ്ടുതന്നെ പണയംവെപ്പിച്ച് ലക്ഷങ്ങള്‍ കവര്‍ച്ച നടത്തിയിട്ടുണ്ട്.  പ്രതിയെ അന്വേഷണ സംഘം കൂടുതല്‍ ചോദ്യം ചെയ്തതില്‍  മുക്കം സ്വദേശികളായ  രണ്ടു യുവാക്കള്‍ക്ക് പ്രമുഖ തെലുങ്ക് നടന്റെ കൂടെ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന വാഗ്ദാനത്തില്‍ രണ്ടുലക്ഷത്തോളം രൂപ കൈപ്പറ്റിയതായും  ഇയാള്‍ പറഞ്ഞു. മക്കളെ ബാലതാരമാക്കാമെന്നു പറഞ്ഞ്  കോഴിക്കോടുള്ള രണ്ടു പേരില്‍ നിന്നായി പതിനായിരം രൂപവീതവും കൈക്കലാക്കി. മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, തൃശൂര്‍, കോട്ടയം, വയനാട്, എറണാംകുളം ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി ഇത്തരത്തില്‍ നിരവധിയാളുകളില്‍ നിന്നും ലക്ഷക്കണക്കിന് രൂപയും സ്വര്‍ണവും തട്ടിയതായും പ്രതി പോലിസിനോട് സമ്മതിച്ചു. അന്വേഷണത്തിന്റെ ഭാഗമായി പോലിസ് ഫെയ്‌സ്ബുക്ക് ചാറ്റിലൂടെ ജോലി ആവശ്യാര്‍ത്ഥമെന്ന വ്യാജേന ബന്ധം സ്ഥാപിച്ച് ഇയാളെ മൈസൂരിലേക്ക് വിളിച്ചുവരുത്തിയ ശേഷം പിന്നീട് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഈ സമയം കേരളത്തിലെ ഒരു സീരിയല്‍ താരം പ്രതിയോടൊപ്പമുണ്ടായിരുന്നു. സിനിമയില്‍ അവസരം നല്‍കാമെന്ന വാഗ്ദാനത്തില്‍ അവരില്‍ നിന്നും രണ്ടു  ലക്ഷത്തോളം രൂപ കൈപ്പറ്റാനുള്ള ശ്രമത്തിലായിരുന്നു ഇയാള്‍. ഇതിനായി പ്രമുഖ സിനിമാ താരങ്ങളോടൊപ്പം താന്‍ ഉള്‍പ്പെട്ട ഫോട്ടോ പ്രതി താരത്തിന് കൈമാറുകയും ചെയ്തിരുന്നു. ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ പോയി സിനിമാ സംവിധായകര്‍ക്കും നായകന്മാര്‍ക്കും കൂടെ നിന്നുള്ള സെല്‍ഫികളും ഇതിനായി ഇയാള്‍ എടുത്തിരുന്നു. എന്നാല്‍, താരത്തെ കബളിപ്പിച്ച് കടന്നുകളയാനുള്ള നീക്കത്തിനിടെ പോലിസ് ഇയാളെ തന്ത്രപരമായി വലയിലാക്കുകയായിരുന്നു. ഡിവൈഎസ്പിക്ക് പുറമെ എസ്‌ഐ ആന്റണി, അഡീഷനല്‍ എസ്‌ഐ സുബൈര്‍, ഉദ്യോഗസ്ഥരായ സതീശന്‍, ശശികുമാര്‍, പ്രതീപ്, എന്‍.ടി.കൃഷ്ണകുമാര്‍, എം.മനോജ്കുമാര്‍, രാമകൃഷണന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്ത് തുടരന്വേഷണം നടത്തുന്നത്.

 

 

 

Latest News