Sorry, you need to enable JavaScript to visit this website.

VIDEO - യു.പിയിൽ ഒരു ദർഗയുടെ അവകാശം ഹിന്ദുക്കൾക്ക് നൽകാൻ കോടതി ഉത്തരവ്

മീററ്റ്- ഉത്തർപ്രദേശിൽ മുസ്ലിംകളുടെ അധീനതയിലുണ്ടായിരുന്ന ദർഗയുടെ ഉടമസ്ഥാവകാശം ഹിന്ദു വിഭാഗത്തിന് വിട്ടുനൽകാൻ കോടതി ഉത്തരവ്. സൂഫിവര്യൻ ബദറുദ്ദീൻ ഷായുടെ ദർഗയാണ് ഹിന്ദുക്കൾക്ക് നൽകാൻ കോടതി ഉത്തരവ്. യു.പിയിലെ ബാഗ്പത് ജൂനിയർ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതുമായി ബന്ധപ്പെട്ട് മുസ്ലിംകളും ഹിന്ദുക്കളും തമ്മിൽ 53 വർഷമായി നിയമപോരാട്ടത്തിൽ ആയിരുന്നു. ബാഗ്പത് ജില്ലയിലെ ബർണാവ ഗ്രാമത്തിലാണ് ദർഗ സ്ഥിതി ചെയ്യുന്നത്. ബദറുദ്ദീൻ ഷായുടെ ദർഗയും ശ്മശാനവും ഇവിടെയാണ്. തർക്കത്തെ തുടർന്ന് ഏതാനും വർഷങ്ങളായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ അധീനതയിലായിരുന്നു ഈ സ്ഥലം. 

1970-ലാണ് ദർഗ സംബന്ധിച്ച് തർക്കം ഉടലെടുത്തത്. ഭൂമിയിലേക്ക് ഹിന്ദുവിഭാഗം കടന്നുകയറി പ്രാർത്ഥന നടത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ദർഗയുടെ മുതവല്ലി(കാര്യസ്ഥൻ) മുഖീം ഖാൻ കോടതിയെ സമീപിച്ചു. പ്രാദേശിക പുരോഹിതൻ കൃഷ്ണദത്ത് മഹാരാജിന് എതിരെയായിരുന്നു പരാതി. എന്നാൽ, മഹാഭാരത കാലഘട്ടത്തിലെ ലക്ഷഗൃഹത്തിലെ 108 ബിഘ ഭൂമിയുടെ ഭാഗമാണ് ഇതെന്നും ഉടമസ്ഥാവകാശം വേണമെന്നും ഹിന്ദു പക്ഷവും ആവശ്യപ്പെട്ടു. നിയമപോരാട്ടങ്ങൾക്കിടെ ഹിന്ദു പക്ഷത്തിന് വേണ്ടി തെളിവുകൾ ഹാജരാക്കിയ കൃഷ്ണദത്ത് മഹാരാജും മുസ്ലീം പക്ഷത്തിന് വേണ്ടി കേസ് ഫയൽ ചെയ്ത മുക്കിം ഖാനും അന്തരിച്ചു.

32 പേജുള്ള കോടതി ഉത്തരവിൽ മുസ്ലിം പക്ഷത്തിന്റെ മുഴുവൻ അവകാശവാദങ്ങളും കോടതി നിരാകരിച്ചതായി ഹിന്ദു വിഭാഗത്തിന് വേണ്ടി ഹാജരായ രൺവീർ സിംഗ് തോമർ പറഞ്ഞു. സൂഫി വര്യൻ ബദറുദ്ദീൻ ഷായുടെ ദർഗക്ക് 600 വർഷത്തെ പഴക്കമുണ്ടെന്ന് മുസ്ലിം വിഭാഗം വാദിച്ചിരുന്നു. ഇത് വഖഫ് ഭൂമിയായും രജിസ്റ്റർ ചെയ്തിരുന്നു. അതേസമയം, സർക്കാർ രേഖകളിൽ ഇവിടെ ശ്മശാനമുണ്ട് എന്നതിന് തെളിവുണ്ടായിരുന്നില്ല. തുടർന്ന് ഭൂമിയുടെ ഉടമസ്ഥാവകാശം പൂർണമായും ഹിന്ദു പക്ഷത്തിനായിരിക്കുമെന്ന് കോടതി ഉത്തരവിട്ടു.  പാണ്ഡവ കാലഘട്ടത്തിലെ ഒരു തുരങ്കവും ഇവിടെയുണ്ടെന്ന് ഹിന്ദു പക്ഷം വാദിച്ചു. ലക്ഷഗൃഹത്തിൽനിന്ന് പാണ്ഡവർ രക്ഷപ്പെട്ടത് ഈ തുരങ്കത്തിലൂടെയാണെന്നാണ് വാദം. കേസിൽ ചരിത്രകാരന്മാരുടെ അഭിപ്രായവും കോടതി സ്വീകരിച്ചു. ഈ ഭൂമിയിലെ ഖനനത്തിൽ ആയിരക്കണക്കിന് വർഷം പഴക്കമുള്ള തെളിവുകൾ കണ്ടെത്തിയതായി ചരിത്രകാരൻ അമിത് റായ് പറഞ്ഞിരുന്നു. ഈ തെളിവുകളെല്ലാം ഹിന്ദു നാഗരികതയുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസിൽ പരാജയപ്പെട്ടുവെന്നും മേൽകോടതിയെ സമീപിക്കുമെന്നും മുസ്ലിം വിഭാഗത്തിന് വേണ്ടി ഹാജരായ അഡ്വ. ഷഹീദ് അലി പറഞ്ഞു.
 

Latest News