Sorry, you need to enable JavaScript to visit this website.

ഹൈറിച്ചിന് പിന്നാലെ തൃശൂരിൽ മറ്റൊരു കമ്പനിക്കു കൂടി പിടിവീണു; നിക്ഷേപ തട്ടിപ്പിന് ഗിവ് എൻ ടേക്കിന് എതിരെ നടപടി, സ്വത്ത് കണ്ടുകെട്ടും

തൃശൂർ - മണിചെയിൻ മോഡൽ തട്ടിപ്പിന് ഹൈറിച്ച് കമ്പനിയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതിന് പിന്നാലെ തൃശുരിലെ തന്നെ ഗിവ് എൻ ടേക്ക് വേൾഡ് എന്ന കമ്പനിക്കെതിരെയും ബഡ്‌സ് ആക്ട് പ്രകാരം നടപടി. 
 പ്രശാന്ത് പനച്ചിക്കൽ മാർക്കറ്റിങ് പ്രൈവറ്റ് ലിമിറ്റഡ് (ഗിവ് എൻ ടേക്ക് വേൾഡ്), ടി.എൻ.ടി ചിറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെയും ഉടമകളുടെയും പേരിലുള്ള സ്വത്തുക്കളാണ് തൃശൂർ ജില്ല കലക്ടർ കണ്ടുകെട്ടാൻ ഉത്തരവിട്ടത്. അമിത പലിശ വാഗ്ദാനം ചെയ്ത് പൊതുജനങ്ങളിൽ നിന്ന് നിക്ഷേപം സ്വീകരിക്കുകയും പണം ആവശ്യപ്പെട്ടിട്ടും തിരികെ നല്കാതെ വഞ്ചിക്കുകയും ചെയ്തതിനാണ് നടപടി. ജപ്തി സ്ഥിരമാക്കാൻ ബന്ധപ്പെട്ട കോടതി മുഖേന ഹരജി ഫയൽ ചെയ്യാനും കലക്ടറുടെ ഉത്തരവിൽ നിർദേശിച്ചു. പ്രതികളുടെ സ്ഥാവര സ്വത്തുകളുടെ വിശദ വിവരങ്ങൾ തയ്യാറാക്കാൻ തഹസിൽദാർമാർക്കും വിൽപന നടപടികൾ മരവിപ്പിക്കാൻ സബ് രജിസ്ട്രാർ ഓഫിസർമാർക്കും അടിയന്തര നിർദേശം നൽകിയിട്ടുണ്ട്.
  പ്രതികളുടെ പേരില് ജില്ലയിലുള്ള വാഹനങ്ങളുടെ പട്ടിക തയ്യാറാക്കി കലക്ടറേറ്റിലേക്കും ജില്ല പോലീസ് മേധാവിക്കും കൈമാറാൻ തൃശൂർ റീജ്യണൽ ട്രാൻസ്‌പോർട്ട് ഓഫിസർക്കും നിർദേശം നൽകി. പ്രതികളുടെ പേരിലുള്ള അക്കൗണ്ടുകളും സ്ഥിര നിക്ഷേപങ്ങളും മരവിപ്പിക്കാൻ ലീഡ് ബാങ്ക് മാനേജർമാർക്ക് നിർദേശം നൽകി. തൃശൂർ സിറ്റി, റൂറൽ ജില്ല പോലീസ് മേധാവികൾ, തൃശൂർ, ഇരിങ്ങാലക്കുട റവന്യൂ ഡിവിഷനൽ ഓഫിസർ എന്നിവർക്കാണ് ഉത്തരവ് നടപ്പാക്കേണ്ട ചുമതല. കണ്ടുകെട്ടൽ സംബന്ധിച്ച നടപടി വിശദാംശങ്ങളുടെ റിപോർട്ട് അടിയന്തരമായി ലഭ്യമാക്കണമെന്നും കലക്ടർ ഉത്തരവിൽ വ്യക്തമാക്കി.
പ്രൈസ് ചിറ്റ്‌സ് ആൻഡ് മണി സർക്കുലേഷൻ സ്‌കീംസ് (ബാനിങ്) ആക്ടിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി ഓൺലൈൻ മണി ചെയിൻ ബിസിനസ് നടത്തിയതിനാണ് ഗിവ് എൻ ടേക്ക് വേൾഡ് എന്ന സ്ഥാപനത്തിനെതിരേ നടപടി സ്വീകരിച്ചത്. അമിത പലിശ വാഗ്ദാനംചെയ്ത് ഒട്ടേറെ പേരിൽനിന്ന് നിക്ഷേപം സ്വീകരിച്ച കമ്പനി പണം ആവശ്യപ്പെട്ടിട്ടും തിരികെ നല്കാതെ വഞ്ചിക്കുകയായിരുന്നു.
 

Latest News