ദുരിതബാധിതര്‍ക്കുള്ള സാധനങ്ങള്‍ മോഷ്ടിച്ച ബി.ജെ.പി പ്രവര്‍ത്തകന്‍ റിമാന്റില്‍

അമ്പലപ്പുഴ- പ്രളയ ദുരിത ബാധിതര്‍ക്കായി സൂക്ഷിച്ച സാധനങ്ങള്‍ മോഷ്ടിച്ച ബി.ജെ.പി പ്രവര്‍ത്തകനെ പോലീസ് അറസ്റ്റു ചെയ്തു. അമ്പലപ്പുഴ കോമന കൃഷ്ണ കൃപയില്‍ രാജീവ് പൈയെയാണ് അമ്പലപ്പുഴ എസ്.ഐ എം പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.
പുറക്കാട് പഞ്ചായത്തിലെ ക്യാമ്പില്‍ വിതരണം ചെയ്യുന്നതിന് കലക്ടറേറ്റില്‍ നിന്നെത്തിച്ച സാധനങ്ങളില്‍നിന്ന് അഞ്ച് ചാക്ക് അരി, ഒരു ചാക്ക് ചെറുപയര്‍, ഒരു ചാക്ക് ഉഴുന്ന്, ഒരു ചാക്ക് പാല്‍പ്പൊടി എന്നിവയും സ്‌റ്റേഷനറി സാധനങ്ങളുമാണ്  ഇയാള്‍ ബുധനാഴ്ച രാത്രി കടത്തിയത്.
പുറക്കാട്ടെ ശ്രീ വേണുഗോപാല ദേവസ്വം മാനേജര്‍ കൂടിയായ ഇയാള്‍ ദേവസ്വത്തിന്റെ കെട്ടിടത്തിലെ രണ്ട് മുറികള്‍ ക്യാമ്പിലേക്കുള്ള സാധനങ്ങള്‍ സൂക്ഷിക്കാനായി വിട്ടു നല്‍കിയിരുന്നു. ഇതില്‍ ഒരു മുറിയില്‍ വസ്ത്രങ്ങളും മറ്റൊന്നില്‍ അരിയുള്‍പ്പടെയുള്ള സാധനങ്ങളുമാണ് സൂക്ഷിച്ചിരുന്നത്. ഇവിടെ നിന്ന് ക്ഷേത്രത്തില്‍ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ സഹായത്തോടെ രാജീവ് പൈ സമീപത്തെ ബന്ധുവിന്റെ വീട്ടിലേക്കു സാധനങ്ങള്‍ തലച്ചുമടായി മാറ്റുകയായിരുന്നു. സംശയം തോന്നിയ നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ ദേവസ്വത്തിന്റെ സാധനങ്ങളാണന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. കൂടുതല്‍ നാട്ടുകാരും പോലിസും എത്തിയതോടെ പുറക്കാട് വില്ലേജിലെ ജീവനക്കാരന്റെ അറിവോടെയാണ് സാധനങ്ങള്‍ മോഷ്ടിച്ചതെന്ന് ഇയാള്‍ സമ്മതിച്ചു.
വില്ലേജിലെ ഫീല്‍ഡ് അസിസ്റ്റന്റും തകഴി സ്വദേശിയുമായ സന്തോഷിനെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.  ഇതിനു മുമ്പും ഇവിടെനിന്ന്  സാധനങ്ങള്‍ കടത്തിയതായി നാട്ടുകാര്‍ പറയുന്നുണ്ട്. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പെട്ടിട്ടുണ്ടോയെന്ന് അന്വഷിക്കുമെന്നും എസ്.ഐ പറഞ്ഞു.

 

Latest News