ദുബായ്- നഗരത്തിലെ ഗതാഗത സൗകര്യങ്ങളെ വിപുലപ്പെടുത്താൻ ലക്ഷ്യമിട്ട് ദുബായിൽ പുതിയ പാലം വരുന്നു. നഗരത്തിലെ പ്രധാന പാതയായ ശൈഖ് സായിദ് റോഡിനെയും ദുബായ് ഹാർബറിനെയും ബന്ധിപ്പിച്ചാണ് 1500 മീറ്റർ നീളത്തിൽ പുതിയ പാലം നിർമിക്കുന്നത്. ദുബായ് ഹാർബറിലേക്ക് വേഗത്തൽ എത്താൻ ഈ പാത സഹായകമാകും. രണ്ട് ലൈനുകളിലായി മണിക്കൂറിൽ 6000 വാഹനങ്ങൾക്ക് കടന്നുപോകാവുന്ന തരത്തിലുള്ളതാണ് പാലം. അമേരിക്കൻ യൂനിവേഴ്‌സിറ്റിക്ക് സമീപത്തെ ശൈഖ് സായിദ് റോഡിലെ ഫിഫ്ത്ത് ജങ്ഷൻ മുതൽ ഹാർബർ സ്ട്രീറ്റ് വരെയാണ് പാലമുണ്ടാവുക.
പാലം നിർമിക്കുന്നതിന് ശമൽ ഹോൾഡിങ് കമ്പനിയുമായി ആർ.ടി.എ കരാർ ഒപ്പുവെച്ചു. പദ്ധതി പൂർത്തിയാകുമ്പോൾ മേഖലയിൽ ഗതാഗതം മെച്ചപ്പെടുകയും യാത്രാസമയം 12 മിനിറ്റിൽനിന്ന് മൂന്നു മിനിറ്റായി കുറയുകയും ചെയ്യുമെന്ന് ആർ.ടി.എ ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു.






