കുവൈത്ത് സിറ്റി-ദേശീയ അസംബ്ലി നാളെ ആരംഭിക്കാനിരിക്കെ രാജ്യത്ത് താമസനിയമത്തിൽ പരിഷ്‌കരണമുണ്ടാകുമെന്ന പ്രതീക്ഷയിൽ പ്രവാസികൾ. പ്രവാസികളുടെ രാജ്യത്തേക്കുള്ള പ്രവേശനം,താമസം എന്നിവ ഉൾക്കൊള്ളുന്ന പുതിയ താമസനിയമംഇന്നും നാളെയുമായി നടക്കുന്നദേശീയ അസംബ്ലി ചർച്ചചെയ്യുമെന്നാണ് സൂചനകൾ. സമ്മേളന അജണ്ടയിൽ പ്രവാസികളുടെ താമസം സംബന്ധിച്ച കരട് നിയമം ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ താമസ നിയമത്തിന് കഴിഞ്ഞ സർക്കാർ അന്തിമ രൂപം നൽകിയിട്ടുണ്ട്. ഇതിൽ ദേശീയ അസംബ്ലിയിലെ നിർദേശങ്ങൾ കൂടി പരിഗണിച്ചാവും പുതിയ നിയമം പ്രാബല്യത്തിൽ വരിക.
കുടുംബവിസ, കുടുംബ സന്ദർശക വിസ എന്നിവയിൽ പുതിയ നിയമത്തിൽ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.ദീർഘകാലമായി നിർത്തിവെച്ച കുടുംബവിസ അടുത്തിടെയാണ് പുനരാരംഭിച്ചത്. എന്നാൽ നിബന്ധനകൾ പ്രവാസികൾക്ക് തിരിച്ചടിയായിരുന്നു. 800 ദീനാർ പ്രതിമാസ ശമ്പളവും ബിരുദവും അപേക്ഷകന് നിർബന്ധമാക്കിയിരുന്നു. ഇത് മധ്യവർഗത്തിലുള്ള പ്രവാസികളെ ബാധിച്ചിരുന്നു.കുടുംബ സന്ദർശന വിസ പുനരാരംഭിക്കുമോ എന്നതും പ്രവാസികൾക്ക് പ്രധാനമാണ്. അതേസമയം, റസിഡൻസി പെർമിറ്റുകൾക്കും പുതുക്കലുകൾക്കും എൻട്രി വിസക്കും പുതിയ ഫീസ് നിരക്ക് വന്നേക്കുമെന്നും റിപ്പോർട്ടുണ്ട്.






