തിരിച്ചുപിടിക്കണം... എ.കെ. ബാലനെ ആലത്തൂരില്‍ മത്സരിപ്പിക്കാന്‍ നീക്കം

പാലക്കാട്- ആലത്തൂര്‍ ലോകസഭാ മണ്ഡലം തിരിച്ചുപിടിക്കാന്‍ സി.പി.എമ്മിന്റെ മാസ്റ്റര്‍പ്ലാന്‍. പാര്‍ട്ടി കേന്ദ്രകമ്മിറ്റിയംഗം എ.കെ. ബാലനെ മണ്ഡലത്തില്‍ മല്‍സരിപ്പിക്കാനാണ് ആലോചന. ഇതുമായി ബന്ധപ്പെട്ട് സി.പി.എം ജില്ലാ കമ്മിറ്റി കീഴ്ഘടകങ്ങളുടെ അഭിപ്രായം തേടി. പാലക്കാട് ജില്ലയിലെ നാലും തൃശൂര്‍ ജില്ലയിലെ മൂന്നും നിയമസഭാ മണ്ഡലങ്ങളുമടങ്ങിയ ആലത്തൂര്‍ ലോകസഭാ മണ്ഡലത്തില്‍ കഴിഞ്ഞ തവണ ഒന്നര ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസിലെ രമ്യ ഹരിദാസ് വിജയിച്ചത്.
അടിത്തട്ടിലെ പ്രവര്‍ത്തകരുമായി ബന്ധം പുലര്‍ത്തുന്നതില്‍ അന്നത്തെ സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എം.പിയുമായിരുന്ന പി.കെ. ബിജുവിന് വന്ന വീഴ്ചയാണ് കനത്ത തോല്‍വിക്ക് കാരണങ്ങളിലൊന്ന് എന്നായിരുന്നു പിന്നീടുള്ള വിലയിരുത്തല്‍. അതിനു ചുവടു പിടിച്ചാണ് സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുന്നതിന് കീഴ്ഘടകങ്ങളോട് അഭിപ്രായം തേടുന്നത്. മണ്ഡലത്തില്‍ നിന്നുള്ള നേതാവായ മന്ത്രി കെ.രാധാകൃഷ്ണനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന അഭിപ്രായത്തിനാണ് പ്രവര്‍ത്തകര്‍ക്കിടയില്‍ മുന്‍തൂക്കം.
രാധാകൃഷ്ണന്‍ നിലവില്‍ മന്ത്രിയായതിനാല്‍ അത് അംഗീകരിക്കപ്പെടാനിടയില്ല. ഈ സാഹചര്യത്തിലാണ് മറ്റൊരു മുതിര്‍ന്ന നേതാവായ എ.കെ.ബാലന്റെ പേര് ഉയര്‍ന്നു വന്നിരിക്കുന്നത്. ആലത്തൂര്‍ മണ്ഡലത്തിന്റെ ഭാഗമായ തരൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് ദീര്‍ഘകാലം എം.എല്‍.എ ആയിരുന്നു എ.കെ.ബാലന്‍. ഇത്തവണ മുതിര്‍ന്ന നേതാക്കളെ കൂടുതലായി കളത്തിലിറക്കണമെന്ന സി.പി.എം തീരുമാനവും ബാലന് തുണയാകും.
കോണ്‍ഗ്രസുമായി ഇടഞ്ഞു നില്‍ക്കുന്ന മുതിര്‍ന്ന നേതാവ് എ.വി.ഗോപിനാഥുമായുള്ള വ്യക്തിബന്ധവും എ.കെ.ബാലന് അനുകൂലമായ ഘടകമാണ്. പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്തില്‍ ശക്തമായ സ്വാധീനമുള്ള ഗോപിനാഥ് സി.പി.എമ്മിനൊപ്പം ചേരുമെന്ന് പറഞ്ഞിട്ടില്ലെങ്കിലും ബാലന്‍ സ്ഥാനാര്‍ത്ഥിയായി വന്നാല്‍ അദ്ദേഹത്തിന്റെ പിന്തുണ ലഭിക്കുമെന്നാണ് എല്‍.ഡി.എഫിന്റെ കണക്കുകൂട്ടല്‍. ബാലനുമായുള്ള വ്യക്തിബന്ധത്തെക്കുറിച്ച് ഗോപിനാഥ് തന്നെ പല തവണ വാര്‍ത്താ സമ്മേളനങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ആലത്തൂര്‍ മണ്ഡലത്തില്‍ ഇക്കുറി അദ്ദേഹത്തിന്റെ നിലപാട് നിര്‍ണ്ണായകമാവും. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി വീണ്ടും രംഗത്തിറങ്ങുമെന്ന് കരുതപ്പെടുന്ന സിറ്റിംഗ് എം.പി രമ്യ ഹരിദാസ് കഴിഞ്ഞ ഒരു മാസത്തിനിടയില്‍ രണ്ടു തവണയാണ് ഗോപിനാഥിനെ സന്ദര്‍ശിച്ചത്. അദ്ദേഹം ഒരു ഉറപ്പും നല്‍കിയിട്ടില്ലെന്നാണ് സൂചന.

 

Latest News