സോഷ്യല്‍ മീഡിയ കീഴടക്കി വീണ്ടും സാനിയ മിര്‍സ

ഹൈദരാബാദ്- വിവാഹ മോചന വാര്‍ത്തകള്‍ക്കു പിന്നാലെ ഹൈദരാബാദില്‍ തിരിച്ചെത്തിയ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ പങ്കുവെച്ച ഫോട്ടോ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു. ലൈഫ്‌ലൈന്‍സ് എന്ന അടിക്കുറിപ്പോടെയാണ് സാനിയ ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ ഷെയര്‍ ചെയ്തത്.
രണ്ട് കൊച്ചുകുട്ടികളുമൊത്തുള്ള ചിത്രമാണ് അവര്‍  പോസ്റ്റ് ചെയ്തത്. തന്റെ മകന്‍  ഇസാന്‍ മിര്‍സ മാലികും അനം മിര്‍സയുടെ മകള്‍ ദുഅയും
പാക് ക്രിക്കറ്റ് താരം ശുഐബ് മാലിക്കുമായുള്ള വിവാഹമോചനത്തെ തുടര്‍ന്ന് വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ച സാനിയക്ക് ഇന്ത്യയിലേയും പാകിസ്ഥാനിലേയും ആരാധകര്‍ വലിയ പിന്തുണയാണ് നല്‍കിയത്. ശുഐബ് മാലിക് സന ജാവേദുമായുള്ള വിവാഹ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തതോടെയാണ് സാനിയയുമായുള്ള വേര്‍പെടല്‍ സ്ഥിരീകരിച്ചത്. അതവുരെ വിവാഹ മോചനം ചെയ്യുകയാണെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചതല്ലാതെ ഇരുവരും സ്ഥിരീകരിച്ചിരുന്നില്ല.
പ്രശ്‌നങ്ങളോട് സാനിയ സ്വീകരിക്കുന്ന പോസിറ്റീവ് വീക്ഷണമാണ് ഇന്ത്യയിലേയും പാകിസ്ഥാനിലേയും ആരാധകരില്‍ നിന്ന് അവര്‍ക്ക് വ്യാപകമായ പിന്തുണ നേടിക്കൊടുത്തത്.  ഇന്‍സ്റ്റാഗ്രാമില്‍ ഇടക്കിടെ മോട്ടിവേഷണല്‍ സന്ദേശങ്ങള്‍ പങ്കുവെക്കാറുള്ള സാനിയ സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്. വളരെയധികം ഫോളോവേഴ്‌സുമുണ്ട്. വെല്ലുവിളി നിറഞ്ഞ സമയം സംയമനത്തോടെ കൈകാര്യം ചെയ്യുന്ന സാനിയക്ക് ആരാധകര്‍ സ്‌നേഹം ചൊരിയുകയാണെന്നു പറയാം.
പിഞ്ചുകുഞ്ഞുങ്ങളെ സ്‌നേഹപൂര്‍വ്വം ആശ്ലേഷിച്ചുകൊണ്ട് ലൈഫ്‌ലൈനുകള്‍ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ഫോട്ടോ സാനിയ ഹൈദരാബാദിലെ തന്റെ വീട്ടില്‍ നിന്നെടുത്തതാണ്.  
സാനിയ മിര്‍സയും ശുഐബ് മാലിക്കും 2010ലാണ് വിവാഹിതരായത്. 2018ല്‍ മകന്‍ ഇസാന്‍ ജനിച്ചു.

 

Latest News