Sorry, you need to enable JavaScript to visit this website.

നമ്മളറിയാതെ കാന്‍സറിനെ വിളിച്ചുവരുത്തുന്ന ശീലങ്ങളെ തിരിച്ചറിയാം

ഞാന്‍ ചികിത്സിച്ച അനേകായിരം ആളുകള്‍ എന്നോട് ചോദിച്ചിട്ടുള്ള ഒരു ചോദ്യമാണ്  സര്‍ എന്തുകൊണ്ടാണ് എനിക്കീ രോഗം വന്നത്?. എന്തെങ്കിലും കാര്യത്തില്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ എനിക്കിത് ഒഴിവാക്കാന്‍ സാധിക്കുമായിരുന്നോ? എന്നൊക്കെ
അപ്പോള്‍ ഞാന്‍ ചിന്തിക്കും ഈ മേഖലയില്‍ ഇന്ന് നമുക്കുള്ള അറിവുകള്‍ നേരത്തെ സ്വായത്തമാക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ കഴിഞ്ഞ രണ്ടോ മൂന്നോ പതിറ്റാണ്ടിനിടെ നമ്മെ ബാധിച്ച നിരവധി രോഗങ്ങളെ നമുക്ക് പ്രതിരോധിക്കാന്‍ കഴിയുമായിരുന്നു. നാം ജീവിക്കുന്ന ചുറ്റുപാടില്‍, കഴിക്കുന്ന ഭക്ഷണത്തില്‍ ചെറിയ ശ്രദ്ധ പുലര്‍ത്താന്‍ സാധിച്ചാല്‍ ചിലപ്പോള്‍ നമുക്ക് വലിയ അപകടങ്ങളില്‍നിന്നും രക്ഷനേടാന്‍ സാധിക്കും.
ഓരോ വര്‍ഷവും രണ്ട് കോടിയിലധികം മനുഷ്യരെയാണ് അര്‍ബുദം പിടികൂടുന്നത്. അതില്‍ പകുതിയിലേറെപ്പേരും മരണപ്പെടുന്നു എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. ചര്‍മം, ശ്വാസകോശം, വായ, കുടല്‍, കരള്‍, രക്തം, സ്തനം, ഗര്‍ഭപാത്രം, തലച്ചോര്‍ എന്നിവയുള്‍പ്പെടെ ശരീരത്തില്‍ എവിടെയും അര്‍ബുദം ബാധിക്കാം. കാന്‍സറിന് കാരണമാകുന്ന ചില കാര്യങ്ങള്‍ ഏതൊക്കെയാണെന്ന് ലോകാരോഗ്യ സംഘടന കൃത്യമായി നിര്‍ണയിച്ചിട്ടുണ്ട്. അതില്‍ ചിലത് നമ്മുടെ നിയന്ത്രണത്തിലുള്ളതും അല്ലാത്തതുമാണ്.

ഡോ. കെ. വി ഗംഗാധരന്‍

കാന്‍സറിന്റെ പ്രധാന കാരണങ്ങള്‍

പുകവലി
കാന്‍സര്‍ എന്ന് കേള്‍ക്കുമ്പോള്‍ ഏവരുടെയും മനസ്സില്‍ ആദ്യമോടിയെത്തുന്ന വില്ലന്‍ പുകവലിയാണ്. ഒരു സിഗരറ്റില്‍ ഏതാണ്ട് 70 കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. അതില്‍ മിക്കവയും കാന്‍സറിന് കാരണമാകുന്നവയാണ്. മറ്റൊരാള്‍ വലിച്ചുവിടുന്ന പുക ശ്വസിക്കാനിടയായാല്‍ നേരിട്ട് പുകവലിക്കാത്തയാള്‍ക്കും അപകടസാധ്യതയുണ്ട്. വീട്ടില്‍ ഒരാള്‍ പുകവലിച്ചാല്‍ പോലും മറ്റെല്ലാ അംഗങ്ങള്‍ക്കും അര്‍ബുദമുണ്ടാകാന്‍ സാധ്യതയുണ്ട്. അമിതമായി പ്ലാസ്റ്റിക് കത്തിക്കുന്ന പുക ശ്വസിക്കുന്നതും കാന്‍സറിന് കാരണമാകുന്നു.

പ്രോസസ് ചെയ്ത മാംസാഹാരം
അധികനാള്‍ കേടുകൂടാതെ സൂക്ഷിക്കാനായി വിവിധ കെമിക്കലുകള്‍ ചേര്‍ത്ത് രൂപാന്തരപ്പെടുത്തി എടുക്കുന്ന മാംസം അമിതമായി കഴിക്കുന്നത് കാന്‍സറിന് കാരണമാകും. മാംസാഹാരം അറവുശാലയില്‍ നിന്ന് നേരിട്ട് വാങ്ങി രണ്ട് ദിവസത്തിനുള്ളില്‍ കഴിക്കുന്നതാണ് ഉത്തമം. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ കിട്ടുന്ന മാംസം മാസങ്ങളോളം കേടാകാതെ ഫ്രീസറില്‍ സൂക്ഷിക്കാന്‍ കഴിയുന്നത് അത് പ്രോസസ് ചെയ്‌തെടുത്തത് കൊണ്ടാണ്. ഫാസ്റ്റ് ഫുഡുകളിലും വ്യാപകമായി പ്രോസസ് ചെയ്ത മാംസം ഉപയോഗിക്കാറുണ്ട്.

ചില അണുബാധകള്‍
എച്ച്. പൈലോറി, ഹ്യൂമന്‍ പാപ്പിലോമാ വൈറസ് (ഒജഢ), ഹെപ്പറ്റൈറ്റിസ് ബി,  ഹെപ്പറ്റൈറ്റിസ് സി, എയ്ഡ്‌സ്, എന്നീ അണുബാധകള്‍ അര്‍ബുദത്തിന് കാരണമാകാം. ഇതില്‍ മിക്കവയും പ്രതിരോധിക്കാന്‍ കഴിയും.

രാസപദാര്‍ത്ഥങ്ങള്‍
ആസ്ബറ്റോസ്, ആഴ്‌സനിക്, വിനൈല്‍ ക്ലോറൈഡ്, ആസിഡ് മിസ്റ്റ് എന്നീ കെമിക്കലുകള്‍ നമ്മുടെ ശരീരത്തിനുള്ളില്‍ കടന്നാല്‍ അര്‍ബുദത്തിന് സാധ്യതയുണ്ട്. തൊഴിലിടത്തോ വീട്ടിലോ ഇത്തരം കെമിക്കലുകള്‍ ഉണ്ടെങ്കില്‍ വളരെ സൂക്ഷ്മതയോടെ മാത്രമേ കൈകാര്യം ചെയ്യാന്‍ പാടുള്ളു.

റേഡിയേഷന്‍
മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ അര്‍ബുദത്തിന് കാരണമാകുന്നില്ല. എന്നാല്‍ നട്ടുച്ചസമയത്തെ വെയില്‍ ദീര്‍ഘകാലം അമിതമായി കൊള്ളുകയാണെങ്കില്‍ ചര്‍മത്തില്‍ അര്‍ബുദത്തിന് സാധ്യതയുണ്ട്. വിറ്റാമിന്‍ ഡി കിട്ടാന്‍ പരമാവധി 20 മിനുട്ട് മാത്രം വെയിലേറ്റാല്‍ മതിയാകും. ദിവസവും മണിക്കൂറുകളോളം പുറത്തെ വെയിലില്‍ ചിലവഴിക്കുന്നവര്‍ സൂക്ഷിക്കണം. അനാവശ്യമായി എക്‌സ്‌റേ, സിറ്റി തുടങ്ങിയ സ്‌കാനിങ്ങുകള്‍ക്ക് വിധേയരാകുന്നതും നല്ലതല്ല. ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ ഇവ ചെയ്യാന്‍ പാടുള്ളു. സ്‌കാനിങ് കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്നവര്‍ കാന്‍സറിനെ പ്രതിരോധിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ നിര്‍ബന്ധമായും സ്വീകരിച്ചിരിക്കണം.

മദ്യപാനം
ലോകാരോഗ്യ സംഘടനയുടെ പട്ടികയില്‍ അര്‍ബുദത്തിനിടയാക്കുന്ന ഏറ്റവും വലിയ കാരണങ്ങളിലൊന്നാണ് മദ്യപാനം. വ്യത്യസ്തമായ നിരവധി അര്‍ബുദങ്ങള്‍ക്ക് മദ്യപാനശീലം കാരണമായേക്കാം.

ഹോര്‍മോണ്‍ ചികിത്സകള്‍
ആര്‍ത്തവവിരാമത്തിന്റെ ഘട്ടത്തില്‍ സ്ത്രീകള്‍ പല മാനസികസംഘര്‍ഷങ്ങളും നേരിടാറുണ്ട്. ഈ സമയം ഈസ്ട്രജന്‍ തെറാപ്പി പോലെയുള്ള ഹോര്‍മോണ്‍ ചികിത്സകളെ പലരും ആശ്രയിക്കുന്നു. ഇവ കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതിനാല്‍ ഡോക്ടര്‍മാര്‍ ഇവ നിര്‍ദേശിക്കാറില്ല. എന്നാല്‍ പലരും ഇത്തരം ചികിത്സകള്‍ ചോദിച്ചുവാങ്ങുകയോ അംഗീകാരമില്ലാത്ത ഇടങ്ങളില്‍ നിന്ന് സ്വീകരിക്കുകയോ ചെയ്യാറുണ്ട്.

കരിഞ്ഞ ആഹാരസാധനങ്ങള്‍
ഗ്രില്‍ ചെയ്ത മാംസാഹാരം ഇന്ന് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഉയര്‍ന്ന ചൂടില്‍ മാംസം നിര്‍ത്തിപ്പൊരിച്ചും എണ്ണയില്‍ വറുത്തെടുത്തും ദിവസവും കഴിക്കുന്നത് പതിവാണ് പലരും. പലരും ചെറിയ രീതിയിലെങ്കിലും മാംസം കരിച്ചെടുത്ത് കഴിക്കാറുണ്ട്. സ്‌മോക്കഡ് ചിക്കന്‍, ചാര്‍ക്കോള്‍ ബീഫ് എന്നിവ അതില്‍ ചിലതാണ്. മാംസം കരിച്ചു കഴിക്കുന്നത് ക്യാന്‍സറിനെ ക്ഷണിച്ചുവരുത്തുന്ന ഒരു ശീലമാണ്. പലരും മീനും മാംസവും പൊരിക്കുമ്പോള്‍ എണ്ണയില്‍ അവശേഷിക്കുന്ന കറുത്ത പൊടിയും കോരിയെടുത്ത് കഴിക്കാറുണ്ട്. അതും കാന്‍സറിന് കാരണമാണ്. തവിട്ടുനിറമാകുന്നത് വരെ ഇവ പാകം ചെയ്യുന്നതില്‍ തെറ്റില്ല. എന്നാല്‍ കൊടുംതവിട്ട് നിറമോ കറുപ്പോ ആയാല്‍ അവ പൂര്‍ണമായും ഒഴിവാക്കുന്നതാണ് നല്ലത്.

ഭക്ഷണത്തില്‍ ചേര്‍ക്കുന്ന കൃത്രിമനിറം  
അനുവദനീയമായ കളറിംഗ് ഏജന്റുകള്‍ ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് സുരക്ഷിതമാണ്. എന്നാല്‍ പലരും അനുവദനീയമായതിലും കൂടിയ അളവില്‍ ഇവ ഉപയോഗിക്കാറുണ്ട്. നിയമവിരുദ്ധമായ കൃത്രിമനിറങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്ന പ്രവണതയുമുണ്ട്. ഇത്തരം കൃത്രിമനിറങ്ങള്‍ അടങ്ങിയ ഭക്ഷണം നിരന്തരം കഴിക്കുന്നത് കാന്‍സറിനെ ക്ഷണിച്ചുവരുത്തും.

ലോഹങ്ങള്‍ ചൂടാകുമ്പോള്‍ ഉയരുന്ന പുക
ലോഹങ്ങള്‍ വിളക്കിച്ചേര്‍ക്കുമ്പോള്‍ ഉയരുന്ന പുക ശ്വസിക്കുന്നത് അര്‍ബുദത്തിന് കാരണമായേക്കാം. വെല്‍ഡിങ് പണിക്ക് പോകുന്നവര്‍ തീര്‍ച്ചയായും ഇത് അറിഞ്ഞിരിക്കണം.

ഫംഗസ് ബാധിച്ച ഭക്ഷണം
ബ്രെഡ്, ബണ്‍, കേക്ക്, ചോളം, ഗോതമ്പ്, അരി, ധാന്യങ്ങള്‍, നട്ട്‌സ്, അച്ചാര്‍ തുടങ്ങിയ ഭക്ഷണങ്ങള്‍ അധികനാള്‍ പുറത്തിരുന്നാല്‍ അതില്‍ ഫംഗസ് രൂപപ്പെടാറുണ്ട്. ഫംഗസുകള്‍ നിരവധിയുണ്ടെങ്കിലും അഫ്‌ലാടോക്‌സിന്‍ എന്ന ഫംഗസ് ക്യാന്‍സര്‍ ഉണ്ടാക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് ഫംഗസ് ശ്രദ്ധയില്‍പ്പെട്ടാല്‍ ആ ഭക്ഷണം പിന്നെ കഴിക്കരുത്.

സ്ത്രീകളിലെ അര്‍ബുദം

കേരളത്തില്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അര്‍ബുദങ്ങളില്‍ ഒന്നാണ് സ്തനാര്‍ബുദം. അറുപത് കഴിഞ്ഞ സ്ത്രീകളിലാണ് സ്തനാര്‍ബുദം കൂടുതലായി കണ്ടുവരുന്നത്. കുടുംബത്തില്‍ അടുത്ത ബന്ധുക്കളില്‍ ആര്‍ക്കെങ്കിലും മുന്‍പ് സ്തനാര്‍ബുദം വന്നിട്ടുണ്ടെങ്കിലും കരുതല്‍ ആവശ്യമാണ്. ഇനിപ്പറയുന്ന പ്രത്യേകതകളുള്ള സ്ത്രീകളില്‍ സ്തനാര്‍ബുദത്തിന് സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു.
12 വയസ് തികയുന്നതിന് മുന്‍പ് ആര്‍ത്തവം തുടങ്ങിയവര്‍
55 വയസിന് ശേഷവും ആര്‍ത്തവം തുടരുന്നവര്‍
35 വയസിന് ശേഷം ഗര്‍ഭം ധരിക്കുന്നവര്‍
കുട്ടികളില്ലാത്തവര്‍
കട്ടിയുള്ള സ്തനങ്ങള്‍ ഉള്ളവര്‍
പുകവലിക്കുകയും മദ്യപിക്കുകയും ചെയ്യുന്നവര്‍
ഗര്‍ഭനിരോധന ഗുളികകള്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍

രണ്ട് വയസുവരെ കുട്ടികള്‍ക്ക് മുലപ്പാല്‍ നല്‍കിയിട്ടുള്ള അമ്മമാരില്‍ സ്തനാര്‍ബുദം കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.  

ഭക്ഷണശീലങ്ങളില്‍ ശ്രദ്ധിക്കേണ്ടത്

ഫംഗസ് ബാധയുള്ള ഭക്ഷണങ്ങളും കരിച്ചെടുക്കുന്ന ഭക്ഷണവും പ്രോസസ് ചെയ്ത മാംസവും കാന്‍സറിന് കാരണമാകുമെന്ന് നമ്മള്‍ പറഞ്ഞുകഴിഞ്ഞു. എന്നാല്‍ അധികമാരും അറിയാത്ത മറ്റൊരു വില്ലനാണ് റിഫൈന്‍ഡ് കാര്‍ബോഹൈഡ്രേറ്റ്‌സ്. കഴിക്കുമ്പോള്‍ ശരീരത്തിനുള്ളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന ഭക്ഷണങ്ങളാണ് ഇവ. അമിതമായ അളവില്‍ ദിവസവും തുടര്‍ച്ചയായി കഴിച്ചാല്‍ ഇവ കാന്‍സര്‍ ഉണ്ടാക്കും. തവിടുകളഞ്ഞ അരി, പ്രോസസ് ചെയ്ത മാംസം (ടിന്നിലും പാക്കറ്റിലും വരുന്ന മാംസങ്ങള്‍, ഹാം, ബേക്കണ്‍, സോസേജ് തുടങ്ങിയവ), ചുവന്ന മാംസം (ബീഫ്, മട്ടണ്‍, പോര്‍ക്ക്), മദ്യം,
വല്ലപ്പോഴും ഇവ ആസ്വദിക്കുന്നതില്‍ തെറ്റില്ല. ആഴ്ചയില്‍ 100  150 ഗ്രാം വരെ സുരക്ഷിതമാണ്. എന്നാല്‍ നിരന്തരം കഴിച്ചാല്‍ ഇവ കുടലില്‍ അര്‍ബുദത്തിന് കാരണമാകും. മദ്യപാനമാണ് ഇക്കൂട്ടത്തില്‍ ഏറ്റവും അപകടകാരി. വായിലും അന്നനാളത്തിലും കരളിലും കുടലിലും ആമാശയത്തിലും പാന്‍ക്രിയാസിലും മലധ്വാരത്തിലും തുടങ്ങി നിരവധി അവയവങ്ങളില്‍ മദ്യം കാന്‍സറിന് ഇടയാക്കുന്നു.
അമിതമായി ഭക്ഷണം കഴിച്ച് ശരീരഭാരം കൂടാതെ നോക്കേണ്ടത് അത്യാവശ്യമാണ്. അമിതഭാരമുണ്ടെങ്കില്‍ പച്ചക്കറികളും ഇലകളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയും വ്യായാമം ഒരു ശീലമാക്കിയും കാന്‍സറിനെ പ്രതിരോധിക്കണം.ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും വ്യായാമം ചെയ്യണം. ഇതില്‍ രണ്ടുദിവസം ഭാരമുപയോഗിച്ചു കൊണ്ടുള്ള വ്യായാമങ്ങള്‍ ഉള്‍പ്പെടുത്താം. പഞ്ചസാരയുടെ അമിതമായ ഉപയോഗം കുറച്ചും മാനസിക സമ്മര്‍ദ്ദം ഒഴിവാക്കിയും നന്നായി ഉറങ്ങിയും കാന്‍സറിനെ പ്രതിരോധിക്കാന്‍ നമുക്ക് സാധിക്കും. ദിവസവും അരമണിക്കൂറെങ്കിലും നടത്തം ഒരു ശീലമാക്കാം.

(കാലിക്കറ്റ് ആസ്റ്റര്‍ മിംസിൽ കണ്‍സള്‍ട്ടന്റ് ആന്‍ഡ് മെഡിക്കല്‍ ഓങ്കോളജി മേധാവിയാണ് ലേഖകൻ)

 

Latest News