Sorry, you need to enable JavaScript to visit this website.

ദോഹ ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ ക്യാമ്പ് 9 ന് ഏഷ്യന്‍ ടൗണില്‍

ദോഹ - ഇന്ത്യന്‍ എംബസി ഐസിബിഎഫുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സ്‌പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് ഫെബ്രുവരി 9 ന്ഏഷ്യന്‍ ടൗണില്‍ നടക്കും. ഏഷ്യന്‍ ടൗണിലുള്ള ഇമാറ ഹെല്‍ത്ത് കെയറിലാണ് ക്യാമ്പ് നടക്കുക.
പാസ്‌പോര്‍ട്ട് പുതുക്കല്‍, അറ്റസ്‌റ്റേഷന്‍ മറ്റ് എംബസി സേവനങ്ങള്‍ എന്നിവക്ക് സൗകര്യമുണ്ടാകും. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലും, ഏഷ്യന്‍ ടൗണിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് ദോഹയില്‍ വരാനും ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനുമുള്ള പ്രയാസം പരിഗണിച്ചാണ് ഏഷ്യന്‍ ടൗണില്‍ കോണ്‍സുലാര്‍ ക്യാമ്പൊരുക്കുന്നത്.

വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ 11 വരെയാണ് ക്യാമ്പെങ്കിലും രാവിലെ 8 മണി മുതല്‍ തന്നെ ഓണ്‍ലൈനില്‍ അപേക്ഷ പൂരിപ്പിക്കുന്നതിനുള്ള സഹായം ലഭ്യമായിരിക്കുമെന്നും സേവനം ആവശ്യമുള്ളവര്‍ ആവശ്യമായ രേഖകളുടെ പകര്‍പ്പുകള്‍ കൊണ്ടുവരണമെന്നും ഐസിബിഎഫ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഫീസ് പണമായി മാത്രമേ സ്വീകരിക്കുകയുള്ളൂ. ഐസിബിഎഫ് ഇന്‍ഷ്യൂറന്‍സ് ഡെസ്‌കും ക്യാമ്പില്‍ പ്രവര്‍ത്തിക്കും. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും സൗകര്യമുണ്ടാകും.
പുതുക്കിയ പാസ്‌പോര്‍ട്ടുകള്‍ ഫെബ്രുവരി 16 ന് രാവിലെ 9 മണി മുതല്‍ 10 മണി വരെ അതേ സ്ഥലത്ത് തന്നെ വിതരണം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് 70462114, 66100744 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

 

Latest News