കൊച്ചി-മലയാളി സോഷ്യല്‍ മീഡിയയിലെങ്ങും വ്യാപകമായി പ്രചരിക്കുന്ന ട്രോളിന്റെ തലവാചകമാണ് താജ് മഹല്‍ കാണണോ, ബാങ്ക് ലോണെടുത്തെങ്കിലും വേഗം പോയി കണ്ടോളൂ എന്നത്. ഫേസ്ബുക്കിലും വാട്ട്സപ്പിലും ഇത് കറങ്ങി നടക്കുകയാണ്. വാരാണസി പള്ളിയില്‍ ഒറ്റ രാവിനിടയ്ക്ക് പൂജ അനുവദിച്ച കോടതി വിധിയാണ് ആശങ്കയ്ക്കാധാരം. മുഗള്‍ കാല ഘട്ടത്തിലെ പ്രസിദ്ധ നിര്‍മിതികളും ഹൈദരാബാദ് നിസാമിന്റേയും ടിപ്പു സുല്‍ത്താന്റെ സ്മാരകങ്ങളുടെയെല്ലാം ചിത്രങ്ങളും ഉള്‍പ്പെടുത്തി ഇതെല്ലാം വേഗം സന്ദര്‍ശിക്കൂവെന്ന് ഉപദേശിക്കുന്നവരുമുണ്ട്. അയോധ്യയിലെ ബാബരി മസ്ജിദ് പൊളിക്കാന്‍ നടത്തിയത് പോലെ നീണ്ട പ്രയത്നങ്ങളും രഥയാത്രയും കലാപങ്ങളൊന്നുമില്ലാതെയാണ് പിറ്റേന്ന് റിട്ടയര്‍ ചെയ്യാനിരിക്കുന്ന ജഡ്ജിയുടെ വിധിയിലൂടെ വാരാണസി പള്ളിയുടെ ചിത്രം മാറിയത്.
താജ് മഹലിന്റെ ഭാവി സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് താജ് മഹലില്‍ ഉറൂസ് നടത്തുന്നതിനെതിരെ ഹര്‍ജിയുമായി ഹിന്ദു മഹാസഭ രംഗത്തെത്തിയത്. ഉറൂസിനെ സാധാരണ എതിര്‍ക്കാറുള്ള വിഭാഗങ്ങളൊന്നുമല്ല ഇതിനെതിരെ പ്രചാരവുമായി വന്നത്. അഖില ഭാരത് ഹിന്ദു മഹാസഭയാണ് ആഗ്ര കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. താജ് മഹലില്‍ ഉറൂസ് നടത്തുന്നത് തടയണമെന്നാണ് ആവശ്യം. ഫെബ്രുവരി ആറിനും എട്ടിനും ഇടയിലാണ് ഇത്തവണ ഉറൂസ് ആചരിക്കുന്നത്. അന്നേദിവസങ്ങളില്‍ താജ് മഹലിലേയ്ക്കുള്ള സൗജന്യ പ്രവേശനം തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. അഖില ഭാരത് ഹിന്ദു മഹാസഭയുടെ ജില്ലാ പ്രസിഡന്റായ സൗരഭ് ശര്‍മയാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി പരിഗണിച്ച കോടതി വാദം കേള്‍ക്കുന്നത് മാര്‍ച്ച് നാലിലേയ്ക്ക് മാറ്റി.
താജ് മഹലിനുള്ളില്‍ ഉറൂസ് നടത്തുന്നത് ബ്രിട്ടീഷുകാരോ മുഗളന്മാരോ അനുവദിച്ചിരുന്നില്ലെന്ന് ഹിന്ദു മഹാസഭയുടെ വക്താവ് സഞ്ജയ് ജാട്ട് അവകാശപ്പെടുന്നു. വിവരാവകാശപ്രകാരമുള്ള ചോദ്യത്തിന് ലഭിച്ച മറുപടിയുടെ അടിസ്ഥാനത്തിലാണ് സംഘടന ഹര്‍ജി ഫയല്‍ ചെയ്തതെന്നും ജാട്ട് വ്യക്തമാക്കി.
ആഗ്രയില്‍ പ്രവര്‍ത്തിക്കുന്ന ചരിത്രകാരനായ രാജ് കിഷോര്‍ രാജെ ആണ് ആര്‍ടിഐ സമര്‍പ്പിച്ചത്. താജ് മഹലില്‍ ഉറൂസും നമാസും ആരാണ് അനുവദിച്ചത് എന്നായിരുന്നു ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് (എഎസ്ഐ) ആര്‍ടിഐ പ്രകാരം ചോദിച്ചത്. മുഗളന്മാരോ ബ്രിട്ടീഷ് സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ താജ് മഹലിനുള്ളില്‍ ഉറൂസ് നടത്താന്‍ അനുമതി നല്‍കിയിരുന്നില്ലെന്നായിരുന്നു എഎസ്ഐ മറുപടി നല്‍കിയത്. ഇതുപ്രകാരമാണ് ഹര്‍ജി സമര്‍പ്പിച്ചതെന്നാണ് ഹിന്ദു മഹാസഭ പറയുന്നത്. താജ് മഹലിനടിയില് നിന്ന് എന്തോ കിട്ടിയെന്ന് പറഞ്ഞ് ആരെങ്കിലും ജില്ലാ തല കോടതികളെ സമീപിച്ചാല്‍ എന്താവുമെന്ന് ആശങ്ക പ്രകടിപ്പിക്കുന്നവരും സമൂഹ മാധ്യമങ്ങളിലുണ്ട്.






