Sorry, you need to enable JavaScript to visit this website.

അറബികളുടെ ഉശിരിന് പിന്നില്‍ കാവയും കാരക്കയുമൊന്നുമല്ല

അറബികളുടെ ഉശിരിന് പിന്നിലെ രഹസ്യം എന്താണ്?
കാവയും കാരക്കയും തന്നെയാണോ?
ഞാന്‍ ബഖാലയിലെ ( ഗ്രോസറി )കറങ്ങുന്ന കസേരയിലിരിക്കുകയാണ്. വയസ്സനായ  ഒരറബി വേച്ച് വേച്ച് കയറി വരുന്നു. വരവ് കാണുമ്പോള്‍ തന്നെ വിഷമം തോന്നുന്നുണ്ട്. അതിലേറ കഷ്ടം അയാള്‍ ആവശ്യപ്പെട്ട സാധനം കടയില്‍ ഇല്ല. തിരിച്ച് പോകുമ്പോള്‍ അയാള്‍ പറഞ്ഞ വാക്ക് എന്നെ വല്ലാതെ ചിന്തിപ്പിച്ചു.
ശുക്രന്‍ ( നന്ദി )..പ്രതികൂല സാഹചര്യത്തോടും ക്രിയാത്മക പ്രതികരണം.

മോശമായ സാഹചര്യങ്ങളേയും നന്മയിലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള കഴിവ്  മനുഷ്യന്റെ ഉള്ളിന്റെ ഉള്ളിലുള്ള നല്ല വികാരങ്ങളാണ്. ഈ വികാരങ്ങളാണ് എനര്‍ജിയുടെ ഉറവിടം.

അറബികള്‍ പറയുന്ന ശുക്രന്‍ ചന്ദ്രന്റെയും അപ്പുറത്തുള്ള ശുക്രനല്ല .
ഊര്‍ജ്ജ സ്രോതസ്സായ സൂര്യന്‍ തന്നെയാണ് ആ ശുക്രന്‍!
ഈത്തപ്പഴവും കാവയുമൊന്നുമല്ല അറബികളുടെ എനര്‍ജിസീക്രട്ട്. ഏത് സാഹചര്യത്തിലും നന്ദി പറയലും ഇന്‍ശാ അല്ലാഹ് യജീ ഖൈര്‍
(ദൈവാനുഗ്രഹത്താല്‍ ഗുണം വരും) എന്ന പ്രതീക്ഷയും കാത്തിരിപ്പുമാണ്.

അറേബ്യയില്‍ ഐശ്വര്യം വര്‍ദ്ധിക്കാനുള്ള കാരണം അവര്‍ക്ക് നിരന്തരം നന്ദി പറയുന്ന സ്വഭാവമുള്ളതാണ് (സൈക്കോളജിസ്റ്റ് ഡോ. വിജയന്‍).
പോസ്റ്റീവ് ചിന്തകളാല്‍ നമ്മുടെ മനസ്സ് നിറയാന്‍ സൈക്കോളജി പഠിപ്പിക്കുന്ന ഒരു ടിപ്പാണ്.അനുഗ്രഹങ്ങള്‍ ഓര്‍ക്കുക എന്നത്.
അതിന് കാരണമിതാണ് നമുക്ക് നല്‍കപ്പെട്ട അനുഗ്രഹങ്ങള്‍ എണ്ണിയാലൊടുങ്ങാത്തതാണ്. അവകള്‍ ഓര്‍ക്കാന്‍ നമ്മുടെ സമയം തികയുകയില്ലെന്ന് മാത്രമല്ല മനസ്സില്‍ സന്തോഷം നിറയുകയും  ദുരിതങ്ങളോര്‍ക്കാന്‍ സമയം കിട്ടാതെ വരികയും ചെയ്യും.
സഹപ്രവര്‍ത്തകര്‍ , ബോസ്, സുഹൃത്തുക്കള്‍, സഹധര്‍മ്മിണി തുടങ്ങിയവരില്‍ നിന്നുണ്ടായ അനിഷ്ടകാര്യങ്ങള്‍ക്ക് പകരം അവരിലൂടെ ലഭ്യമായ അനുഗ്രഹങ്ങള്‍ ഓര്‍ത്തു നോക്കൂ. മനസ്സില്‍ സന്തോഷം ഇരച്ചുവരും ചുണ്ടില്‍ ചിരിയും.
അപ്പോള്‍ കണ്ണാടിയില്‍ നോക്കിയാല്‍ പ്രപഞ്ചത്തിലെ ഏറ്റവും സൗന്ദ്യര്യമുള്ള വസ്തു കാണാന്‍ കഴിയും..
സൃഷ്ടാവിന്റെ അനുഗ്രഹങ്ങള്‍ ഓര്‍ക്കുവിന്‍. ഖുര്‍ആനിക് ടെക്‌നിക്കിനെ വെല്ലുന്ന വല്ല മന:ശാസ്ത്രവുമുണ്ടോ ?
'നിങ്ങള്‍ നന്ദിയുള്ളവരാണെങ്കില്‍ നിശ്ചയം ഞാന്‍ നിങ്ങള്‍ക്ക് കൂടുതല്‍ നല്‍കുക തന്നെചെയ്യും (വിശുദ്ധ ഖുര്‍ആന്‍).
അനുഗ്രങ്ങള്‍ ഓര്‍ക്കുന്നതിലൂടെ നമ്മില്‍ പോസ്റ്റീവ് എനര്‍ജി ഉണ്ടാകുന്നു അത് നമ്മെ സദാകര്‍മ്മനിരതരാക്കുകയും നാം പുരോഗതിയിലേക്ക് അടിവെച്ചടിവെച്ചടുക്കുകയും ചെയ്യുന്നു.
ഏറ്റവും ശ്രേഷ്ഠമായ പ്രാര്‍ത്ഥന 'സൃഷ്ടാവിന് സ്തുതി ' എന്ന വചനമാകുന്നു എന്ന് മുഹമ്മദ് നബി (സ) പറഞ്ഞതിന്റെ പൊരുളതാണ്.
മനുഷ്യര്‍ സദാസമയം പോസ്റ്റീവായിരിക്കണം എന്നതാണ് മതത്തിന്റെ താല്‍പര്യം.

 

 

Latest News