ട്രെയിനില്‍നിന്ന് വീണ് പരിക്കേറ്റ യുവാവ് പാളത്തിനരികില്‍ കിടന്നത് പന്ത്രണ്ടു മണിക്കൂര്‍

പയ്യന്നൂര്‍ - ട്രെയിനില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവ് പാളത്തിനരികില്‍ കിടന്നത് പന്ത്രണ്ടു മണിക്കൂര്‍. കൊല്ലം കരുനാഗപ്പള്ളിയിലെ തുണ്ടുവിള വീട്ടില്‍ ലിജോ (32)വിനെയാണ് ഗുരുതര പരിക്കുകളോടെ പരി യാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന യുവാവ് അപകടനില തരണം ചെയ്തിട്ടില്ല.
കഴിഞ്ഞ രാത്രി മാവേലി എക്‌സ്പ്രസില്‍ മംഗലാപുരത്ത് നിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്യവെ ട്രെയിനിന്റെ ഡോറിന് സമീപം ഇരുന്ന് യാത്രചെയ്യുന്നതിനിടെ ഉറങ്ങിപ്പോയ ലിജോ തൃക്കരിപ്പൂരിനും പയ്യന്നൂരിനും ഇടയിലാണ് താഴേക്ക് വീണത്. വിവരമറിഞ്ഞ് രാത്രി തന്നെ പോലീസും അഗ്‌നി രക്ഷാസേനയും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
പാളത്തിന് സമീപത്തെ വയലിലേക്ക് വീണ ലിജോ പുലരും വരെ അബോധാവസ്ഥയി
ലായിരുന്നു. രാവിലെ ബോധം വന്നപ്പോള്‍ നിരങ്ങി നീങ്ങി വയലിന് സമീപത്തെ ഒരു വീട്ടിലെത്തി കുടിവെള്ളം ചോദിച്ചപ്പോഴാണ് അവര്‍ പരിക്കേറ്റ ഇദ്ദേഹത്തെ കണ്ട് ഫയര്‍ഫോഴ്‌സിനെ അറിയിച്ചത്.
തൃക്കരിപ്പൂര്‍ അഗ്‌നിശമനനിലയത്തിലെ ഗ്രേഡ് അസി. സ്‌റ്റേഷന്‍ ഓഫീസര്‍ പി.പി.ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘം ആംബുലന്‍സില്‍ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ച ലിജോക്ക് തലക്കാണ് പരിക്ക്.
തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ലിജോയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

 

Latest News