പ്രസവിക്കാന്‍ ലേബര്‍ റൂമില്‍  പ്രവേശിപ്പിച്ച യുവതിയെ കാണാനില്ല

തിരുവനന്തപുരം- ഉള്ളൂര്‍ എസ്.എ.ടി ആശുപത്രിയിലെ ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ചിരുന്ന രോഗി സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് പുറത്തുകടന്നത് പരിഭ്രാന്തി പരത്തി. ഇക്കഴിഞ്ഞ ദിവസമാണ് ഉത്തരേന്ത്യക്കാരിയായ ഇവര്‍ ആശുപത്രിയില്‍ നിന്നു രക്ഷപ്പെട്ടത്. മണിക്കൂറുകള്‍ക്കു ശേഷമാണ് രോഗി കാണാതായ വിവരം ആശുപത്രി ജീവനക്കാര്‍ അറിയുന്നത്. ഗര്‍ഭിണിയെ തിരക്കി ജീവനക്കാര്‍ ആശുപത്രി മുഴുവന്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ വെള്ളറടയിലെ വീട്ടില്‍ എത്തിയെന്ന വിവരം ലഭിച്ചതോടെയാണ് ജീവനക്കാര്‍ക്ക് ആശ്വാസമായത്. കര്‍ശന നിയന്ത്രണങ്ങള്‍ നിലവിലുള്ള ആശുപത്രിയില്‍ നിന്ന് രോഗി പുറത്തുകടന്നത് വന്‍ സുരക്ഷാവീഴ്ചയായാണ് കണക്കാക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒ.പി വിഭാഗത്തില്‍ ഗര്‍ഭിണിയെന്ന് ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ച് ചികിത്സയ്ക്ക് എത്തിയ യുവതി ബന്ധുക്കളെയും സുരക്ഷാജീവനക്കാരെയും വെട്ടിച്ച് പുറത്തുകടന്നത് പരിഭ്രാന്തി പരത്തിയിരുന്നു. മൂന്ന് ദിവസത്തിനു ശേഷമാണ് മെഡിക്കല്‍ കോളേജ് പോലീസിനെ വട്ടം കറക്കിയ യുവതിയെ കണ്ടെത്താനായത്. ചികിത്സാപ്പിഴവും മറ്റും ആരോപിച്ച് ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ള രോഗികള്‍ ഇറങ്ങിപ്പോകുന്നത് പതിവായിട്ടും പ്രശ്‌നപരിഹാരത്തിന് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
 

Latest News