ശരീരസൗന്ദര്യമൽസരത്തിൽ തുടർച്ചയായി രണ്ടു വർഷം മിസ്റ്റർ കാലിക്കറ്റ് ബഹുമതി നേടിയ ലക്ഷ്മൺ, പ്രശസ്ത മിമിക്രി ആർടിസ്റ്റ് അനിൽ ബേബിയുടേയും ഷീബയുടേയും മകനാണ്. ആരോഗ്യകാര്യത്തിൽ അതീവനിഷ്‌കർഷ പുലർത്തുന്ന ലക്ഷ്മൺ, ഈ രംഗത്ത് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനുള്ള യത്‌നത്തിലാണ്. സ്ഥിരോൽസാഹത്തോടെയുള്ള പരിശീലനവും പ്രതിബദ്ധതയോടെയുള്ള
കായികപ്രേമവും ഭക്ഷണത്തിലുള്ള മിതത്വവും അച്ചടക്കപൂർണമായ ജീവിതശൈലിയുമാണ് മിസ്റ്റർ ഇന്ത്യയെന്ന ലക്ഷ്യത്തിലേക്കുള്ള കുതിപ്പിന് തയാറെടുക്കുന്ന ലക്ഷ്മൺ തന്റെ ടൈംടേബിളിലുൾപ്പെടുത്തിയിട്ടുള്ളത്. ബോഡി ബിൽഡിംഗിൽ പ്രശസ്തരായ മിസ്റ്റർ ഇന്ത്യ സുമേഷ് റാവുവും അനിൽകുമാറുമാണ് ലക്ഷ്മണെ പരിശീലിപ്പിക്കുന്നത്്.
കാലിക്കറ്റ് അത്‌ലറ്റ് ഫിസിക് അലയൻസ് ഏർപ്പെടുത്തിയ മിസ്റ്റർ കാലിക്കറ്റ്- 2024 മൽസരത്തിലാണ് ലക്ഷ്മൺ കിരീടം ചൂടിയത്. കഴിഞ്ഞ വർഷവും ഈ ബഹുമതിയുടെ ഉടമ ലക്ഷ്മൺ തന്നെയായിരുന്നു. ജൂനിയർ വിഭാഗത്തിലെ ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ് പദവിയാണ് ഇത്തവണയും ലക്ഷ്മണെ തേടിയെത്തിയത്. കോഴിക്കോട് അരക്കിണർ സ്വദേശിയാണ് ലക്ഷ്മൺ. സഹോദരി പാർവതി ചെന്നൈയിലെ അഡയാർ കലാക്ഷേത്രയിലെ ഭരതനാട്യം വിദ്യാർഥിനിയാണ്.