ജീവിതം കൊണ്ട് കവിത രചിക്കുന്ന പ്രവാസി കലാകാരനാണ് ഷാജു തളിക്കുളം. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി ഖത്തർ പ്രവാസിയായ അദ്ദേഹം പ്രവാസത്തിന്റെ ഒഴിവ് വേളകളെ ധന്യമാക്കുന്നത് സർഗ സഞ്ചാരത്തിന്റെ വേറിട്ട വഴികളിലൂടെയാണ് . മാപ്പിളപ്പാട്ടുകളായും അല്ലാത്ത ഗാനങ്ങളായും നിരവധിയെഴുതിയ ഈ അനുഗൃഹീത കലാകാരന്റെ പാട്ടുകൾ പ്രശസ്ത ഗായകരായ എരഞ്ഞോളി മൂസ, കണ്ണൂർ ഷരീഫ്, അഫ്സൽ, ഫ്രാങ്കോ, ആബിദ് കണ്ണൂർ, കൊല്ലം ഷാഫി, നിസാർ വയനാട് , എടപ്പാൾ വിശ്വൻ, ജിൻസ് ഗോപിനാഥ്,ഷമീർ ചാവക്കാട് തുടങ്ങിയ നിരവധി പേർ ആലപിച്ചിട്ടുണ്ട്. ഷാജുവിന്റെ ഒട്ടേറെ ഗാനങ്ങൾക്ക് സംഗീതം നൽകിയത് പ്രശസ്ത സംഗീത സംവിധായകൻ ശ്യാം ധർമനാണ് .
തളിക്കുളം കൈതക്കൽ മദാർ ഉസ്മാൻ-നബീസ ദമ്പതികളുടെ മകനായാണ് ഷാജു ജനിച്ചത്. സ്‌കൂൾ കാലത്ത് ചെറിയ തോതിൽ കഥകളൊക്കെ എഴുതാറുണ്ടായിരുന്നു. ചെറുപ്പം മുതലേ പാട്ടുകളും കവിതകളുമൊക്കെ ഏറെ ഇഷ്ടപ്പെട്ടിരുന്നെങ്കിലും പ്രവാസ ലോകത്തെത്തിയ ശേഷമാണ് ഗാനരചന രംഗത്തേക്ക് തിരിഞ്ഞത്. പ്രവാസത്തിന്റെ ഗൃഹാതുരമായ നൊമ്പരങ്ങളും വൈകാരിക തലങ്ങളും ഷാജുവിന്റെ ഗാനങ്ങളെ കൂടുതൽ സ്വീകാര്യമാക്കി. അൻഷാദ് തൃശൂർ, അബു വാടാനപ്പള്ളി, മുഹ് സിൻ തളിക്കുളം, ഹിബ ബദറുദ്ധീൻ തുടങ്ങിവരും ഷാജുവിന്റെ പാട്ടുകൾ ആലപിച്ചിട്ടുണ്ട്.
ദോഹയിൽ സഹമുറിയരായിരുന്ന റഫീഖ്, നൗഷാദ് , ഫൈസൽ, ജലീൽ എന്നിവർ ചേർന്നാണ് ഷൈജുവിന്റെ ആദ്യ ആൽബം പുറത്തിറക്കിയത്. പ്രശസ്ത സംഗീത സംവിധായകനായ ശ്യാം ധർമനാണ് ആൽബത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്. എട്ട് പാട്ടുകളും സഹൃദയ ലോകം ഇരുകൈകളും നീട്ടി സ്വീകരിച്ചതോടെ കൂടുതൽ ആവേശത്തോടെ പാട്ടുകൾ രചിക്കാൻ തുടങ്ങി.
രണ്ടാമത്തെ ആൽബത്തിലും എട്ട് പാട്ടുകളാണുണ്ടായിരുന്നത്. പ്രമോദ് ശ്രീധരൻ എന്ന സുഹൃത്താണ് സംഗീതം നിർവഹിച്ചത്. പാട്ടെഴുത്തു വഴികളിലും വലിയ പ്രോൽസാഹനവും വഴികാട്ടിയുമായിരുന്നു പ്രമോദ്. സഹോദര പുത്രൻ അനു അഷ്റഫും അവന്റെ സഹോദരൻ നിഷാദ് മുറ്റിച്ചൂരും ചേർന്നാണ് ഈ ആൽബം പ്രൊഡ്യൂസ് ചെയ്തത്. കുടുംബത്തിൽ നിന്നും മികച്ച പിന്തുണയും പ്രോൽസാഹനവും ലഭിച്ചത് ഷാജുവിന്റെ പാട്ടെഴുത്തിനെ കൂടുതൽ ശക്തമാക്കി. ഷാജു പ്രവാസിയായതിനാലും റിക്കോർഡിംഗ് നടക്കുന്നത് നാട്ടിലായതിനാലും പാട്ട് റിക്കോർഡിംഗിനും മറ്റുമൊക്കെ ഷാജുവിന്റെ സഹോദരങ്ങളായ അഷ്‌റഫ്, സിറാജ് എന്നിവരും സുഹൃത്ത് ഷാജി അല്ലുക്കയുമൊക്കെയാണ് ഓടി നടന്നത്. കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും സ്നേഹ വാൽസല്യങ്ങളും പിന്തുണയും ഷൈജുവിലെ ഗാനരചയിതാവിനെ കൂടുതൽ രചനാത്മകമാക്കി.
ഉമ്മയെക്കുറിച്ച് ഷാജു എഴുതിയ വികാരതീവ്രമായ വരികൾ പല വേദികളിലും ആലപിക്കപ്പെടുമ്പോൾ ആസ്വാദകരുടെ കണ്ണുനിറയുന്ന അനുഭവം ഗാന രചയിതാവ് എന്ന നിലക്കും ഏറെ അനുഭൂതി നൽകിയ മുഹൂർത്തങ്ങളാണ് .ഓരോ മനുഷ്യന്റേയും ജീവതാളം നിയന്ത്രിക്കുന്ന പ്രധാന ശക്തിയായ ഉമ്മയെക്കുറിച്ച് ആദ്യമായി പ്രവാസ ലോകത്തെത്തിയപ്പോഴുളള തന്റെ അനുഭവങ്ങളെ വരികളിലേക്ക് പകർത്തി ഗാനമായവതരിപ്പിച്ചപ്പോൾ അത് ഓരോരുത്തരുടേയും കണ്ണുനനയിപ്പിക്കുന്നതായി മാറുകയായിരുന്നു. ജീവിതത്തിലെ ഏറ്റവും അമൂല്യമായ ഉമ്മയുടെ പരിലാളനകളും സംരക്ഷണവും ഏത് പ്രായത്തിലും ആരും കൊതിക്കുമെന്നും പ്രവാസത്തിന്റെ തിരക്കുകളിലെ ഏറ്റവും വലിയ നഷ്ടം അതാകുമെന്നും ഗാനം ഓർമിപ്പിക്കുന്നു.
കൈരളി പട്ടുറുമാലിൽ രണ്ട് വർഷത്തോളംം ഈ ഗാനം പലവുരു ആവർത്തിച്ചതും ഏറെ അഭിമാനവും ആനന്ദവും നൽകിയ കാര്യമാണെന്ന് ഷാജു പറഞ്ഞു. മാപ്പിളപ്പാട്ടുകളായും അല്ലാതെയും നൂറിലധികം ഗാനങ്ങളാണ് ഷാജുവിന്റെ അനുഗൃഹീത തൂലികയിലൂടെ പുറത്തു വന്നത്.
ഖത്തറിലെ അൽ സുവൈദ് ഗ്രൂപ്പ് ഡയറക്ടർ ഫൈസൽ റസാഖ് തന്റെ മകൾ സല്ലക്കായി സമർപ്പിക്കുന്ന കന്നി പൂവേ എന്ന ആൽബത്തിന്റെ വരികളിലൂടെയാണ് ഇപ്പോൾ ഷാജു ശ്രദ്ധിക്കപ്പെട്ടത്. പ്രശസ്ത സംഗീത സംവിധായകൻ ശ്യാം ധർമൻ സംഗീതം നൽകി എസ്സാർ മീഡിയയിലൂടെ ഉടൻ പുറത്തിറക്കുന്ന ആൽബത്തിലെ വരികൾ ഇതിനകം തന്നെ സഹൃദയ ശ്രദ്ധ നേടിക്കഴിഞ്ഞു. പിതൃസ്നേഹത്തിന്റെ എല്ലാ വൈകാരിക തലങ്ങളുമുൾകൊണ്ട് ഫൈസൽ ആ ഗാനമാലപിക്കുമ്പോൾ കന്നി പൂവേ സഹൃദയ മനസുകളെ കൂടുതൽ തരളിതമാക്കും.
പ്രവാസ ജീവിതത്തിന്റെ ഓരോ അനുഭവങ്ങളും കവിതകളാക്കി ജീവിതം കൊണ്ട് കവിത രചിക്കുന്ന കലാകാരനായി ഷാജു മാറുകയായിരുന്നു. ഖത്തറിലെ മാപ്പിള കല അക്കാദമിയും സുഹൃത്തുക്കളും നൽകിയ പിന്തുണയും പ്രോൽസാഹനവും കൈമുതലാക്കിയാണ് ഈ കലാകാരൻ തന്റെ സർഗയാത്രകളെ മനോഹരമാക്കുന്നത്. ജീവിതാനുഭവങ്ങളെ ലളിതമായ ഭാഷയിലും താളത്തിലും കവിതകളാക്കുന്നുവെന്നതാണ് ഷാജുവിന്റെ എഴുത്തുകളുടെ പ്രത്യേകത.
പഠിച്ച തളിക്കുളം ഹൈസ്‌കൂളിലെ 85 ബാച്ചിന് വേണ്ടി ഷാജു എഴുതി ട്യൂൺ ചെയ്ത സ്നേഹക്കൂട്ട് എന്ന പാട്ട് അടുത്തിടെയാണ് പുറത്തിറങ്ങിയത് .എഴുതി വെച്ച കുറച്ചു പാട്ടുകളുടെ വർക്കുകൾ ഇനിയും പൂർത്തിയായിട്ടില്ല. കന്നിപ്പൂവേ..., അരികിൽ നീ..അരികിൽ എന്നിവയാണ് അടുത്ത് റിലീസ് ആകാനുള്ള ആൽബങ്ങൾ .കന്നിപ്പൂവേ.. ആലപിച്ചത്
ഫൈസൽ റസാഖും അരികിൽ നീ അരികിൽ ആലപിച്ചത് അബു വാടാനപ്പള്ളിയുമാണ്. റഹ്മത്തുന്നിസയാണ് ഭാര്യ. റുമൈസ മകളും അഹമദ് യാസീൻ മകനുമാണ് . സംഗീതം ആസ്വദിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നവരെന്ന നിലക്കാണ് ഇവർ ഷാജുവിന്റെ സർഗസപര്യയെ പിന്തുണക്കുന്നത്.