ജിദ്ദ - അഞ്ചു വര്‍ഷത്തിനിടെ സൗദിയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ 2667 ശതമാനം തോതില്‍ വര്‍ധിച്ചതായി കണക്ക്. 2017 ല്‍ രാജ്യത്തെത്തിയ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ 4 ബില്യണ്‍ റിയാലായിരുന്നു. 2022 ല്‍ ഇത് 105 ബില്യണ്‍ റിയാലായി ഉയര്‍ന്നു. 2021 നെ അപേക്ഷിച്ച് 2022 ല്‍ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ 21.4 ശതമാനം തോതില്‍ വര്‍ധിച്ചു. 2022 ല്‍ ആഗോള തലത്തില്‍ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ 12 ശതമാനം തോതില്‍ കുറഞ്ഞെങ്കിലും സൗദിയില്‍ വലിയ വളര്‍ച്ച രേഖപ്പെടുത്തി. സൗദി അറേബ്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വര്‍ഷത്തിനിടെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ ഇത്രയും ഉയരുന്നത്. നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തിയതിന്റെയും സ്വകാര്യ മേഖലയെ ശാക്തീകരിച്ചതിന്റെയും ഫലമായാണ് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്.
2003 മുതല്‍ സൗദിയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ തുടര്‍ച്ചയായി വര്‍ധിച്ചുവരികയാണ്. 2022 അവസാനത്തോടെ രാജ്യത്തെ ആകെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ 762 ബില്യണ്‍ റിയാലായി. 2021 നെ അപേക്ഷിച്ച് 2022 ല്‍ ആകെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ 15.6 ശതമാനം തോതിലും 2017 നെ അപേക്ഷിച്ച് 51.8 ശതമാനം തോതിലും വര്‍ധിച്ചു.
സൗദിയില്‍ വിദേശ നിക്ഷേപങ്ങള്‍ക്ക് നേരിടുന്ന പ്രതിബന്ധങ്ങള്‍ ഇല്ലാതാക്കാനും നിക്ഷേപ സാഹര്യം മെച്ചപ്പെടുത്താനും ബഹുരാഷ്ട്ര കമ്പനികളെ ആകര്‍ഷിക്കാനും സര്‍ക്കാര്‍ വലിയ ശ്രമങ്ങളാണ് നടത്തുന്നത്. ബഹുരാഷ്ട്ര കമ്പനികള്‍ക്ക് സര്‍ക്കാര്‍ പദ്ധതി കരാറുകള്‍ അനുവദിക്കാന്‍ ബാധകമാക്കിയ പുതിയ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ സൗദിയില്‍ റീജ്യനല്‍ ആസ്ഥാനങ്ങള്‍ തുറക്കാന്‍ തീരുമാനിച്ച ബഹുരാഷ്ട്ര കമ്പനികളുടെ എണ്ണം മുന്നൂറോളം ആയി ഉയര്‍ന്നിട്ടുണ്ട്. വിഷന്‍ 2030 പദ്ധതി പശ്ചാത്തലത്തില്‍ സൗദിയില്‍ ഭീമമായ നിക്ഷേപാവസരങ്ങള്‍ ലഭ്യമാണ്. നിരവധി മേഖലകള്‍ സ്വകാര്യവല്‍ക്കരിച്ചതും നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ വലിയ തോതില്‍ ഉയരാന്‍ സഹായിച്ച ഘടകമാണ്.
2022 ല്‍ ആകെ 123 ബില്യണ്‍ റിയാലിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ രാജ്യത്തെത്തി. 18 ബില്യണ്‍ റിയാലിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ രാജ്യത്തു നിന്ന് പുറത്തുപോവുകയും ചെയ്തു. 2022 ല്‍ ആകെ രാജ്യത്തെത്തിയ വിദേശ നിക്ഷേപങ്ങളില്‍ 121.8 ബില്യണ്‍ റിയാലും അഞ്ചു പ്രവിശ്യകളിലാണ് എത്തിയത്. ഏറ്റവുമധികം വിദേശ നിക്ഷേപങ്ങള്‍ എത്തിയത് കിഴക്കന്‍ പ്രവിശ്യയിലാണ്. ഇവിടെ 90.7 ബില്യണ്‍ റിയാലിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ എത്തി. രണ്ടാം സ്ഥാനത്തുള്ള റിയാദില്‍ 22.4 ബില്യണ്‍ റിയാലിന്റെയും മൂന്നാം സ്ഥാനത്തുള്ള മക്ക പ്രവിശ്യയില്‍ 6.6 ബില്യണ്‍ റിയാലിന്റെയും നാലാം സ്ഥാനത്തുള്ള മദീനയില്‍ രണ്ടു ബില്യണ്‍ റിയാലിന്റെയും അഞ്ചാം സ്ഥാനത്തുള്ള ഉത്തര അതിര്‍ത്തി പ്രവിശ്യയില്‍ 68.5 കോടി റിയാലിന്റെയും നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ എത്തി.
ഓഫീസില്‍ ഉറക്കം തൂങ്ങുന്നു; ഉറങ്ങാൻ കിടക്കുംമുമ്പ് വീട്ടിലേക്ക് വിളിക്കരുതെന്ന് പ്രവാസിയോട് ഡോക്ടര്‍
സൗദിയില്‍ വ്യക്തികള്‍ക്കായി സേവിംഗ്‌സ് ബോണ്ട് ആരംഭിച്ചു, പ്രവാസികള്‍ക്കും വാങ്ങാം
2022 ല്‍ രാജ്യത്തെത്തിയ വിദേശ നിക്ഷേപങ്ങളില്‍ 66 ശതമാനവും യൂറോപ്പില്‍ നിന്നായിരുന്നു. യൂറോപ്പില്‍ നിന്ന് 81.2 ബില്യണ്‍ റിയാലിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ സൗദിയിലെത്തി. രണ്ടാം സ്ഥാനത്തുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഒഴികെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് 13.5 ബില്യണ്‍ റിയാലിന്റെയും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് 11.1 ബില്യണ്‍ റിയാലിന്റെയും നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ രാജ്യത്തെത്തി. ഗതാഗത, സംഭരണ മേഖലയിലാണ് ഏറ്റവുമധികം വിദേശ നിക്ഷേപങ്ങള്‍ എത്തിയത്. 2022 ല്‍ ഈ മേഖലയില്‍ 51.2 ബില്യണ്‍ റിയാലിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ എത്തി. രണ്ടാം സ്ഥാനത്തുള്ള വ്യവസായ മേഖലയില്‍ 41.2 ബില്യണ്‍ റിയാലിന്റെയും മൂന്നാം സ്ഥാനത്തുള്ള മൊത്ത, ചില്ലറ വ്യാപാര മേഖലയില്‍ 8.8 ബില്യണ്‍ റിയാലിന്റെയും ഖനന മേഖലയില്‍ 4.8 ബില്യണ്‍ റിയാലിന്റെയും നിര്‍മാണ മേഖലയില്‍ 4.2 ബില്യണ്‍ റിയാലിന്റെയും നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ എത്തി.