Sorry, you need to enable JavaScript to visit this website.

ഓഫീസില്‍ ഉറക്കം തൂങ്ങുന്നു; ഉറങ്ങാൻ കിടക്കുംമുമ്പ് വീട്ടിലേക്ക് വിളിക്കരുതെന്ന് പ്രവാസിയോട് ഡോക്ടര്‍

ജിദ്ദ- കൃത്യമായ ഉറക്കം ലഭിക്കുന്നില്ലെന്ന പ്രശ്‌നവുമായി സമീപിക്കുന്ന പ്രവാസികള്‍ ധാരാളമുണ്ടെന്ന് ഡോക്ടര്‍മാര്‍. ഉറക്കക്കുറവ് ജോലിയെ ബാധിക്കുകയാണെന്നും അത് കണ്ടെത്താന്‍ കമ്പനി മേധാവികള്‍ ഇപ്പോള്‍ നിര്‍മിത ബുദ്ധിയെ ആശ്രയിക്കുകയാണെന്നും ചിലര്‍ പറയുന്നു. ജീവനക്കാരുടെ പെര്‍ഫോമന്‍സ് വിലയിരുത്താന്‍ കമ്പനി മേധാവികള്‍ ആധുനിക സങ്കേതങ്ങള്‍ ഉപയോഗിക്കുക സ്വാഭാവികമാണ്. ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള അനലിറ്റിക്‌സ് വഴി ജോലിക്കാരെ കൃത്യമായി വിലയിരുത്താന്‍ മനേജ്‌മെന്റിനും എച്ച്.ആര്‍ വിഭാഗത്തിനും സാധിക്കുകയും ചെയ്യും.

ഉറക്കം ശരിയാക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന പൊടിക്കൈകളിലൊന്നാണ് ബെഡിലേക്ക് പോകുമ്പോള്‍ മനസ്സ് ശാന്തമായിരിക്കണമെന്നത്. അതു കൊണ്ടാണ് അവര്‍ കുടുംബവുമായി താമസിക്കുന്നവരോട് കിടപ്പറയില്‍ സംഘര്‍ഷമുണ്ടാക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യരുതെന്നും ബാച്ചിലറായി താമസിക്കുന്നവരോട് ഉറങ്ങാന്‍ കിടക്കുന്നതിന് തൊട്ടുമുമ്പ് വീട്ടിലേക്ക് വിളിച്ച് മനസ്സ് അസ്വസ്ഥമാക്കരുതെന്നും നിര്‍ദേശിക്കുന്നത്.

ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ഓര്‍ത്തു കൊണ്ട് കിടക്കാതിരിക്കാനാണ് ഡോക്ടര്‍മാര്‍ ഇക്കാര്യം പറയുന്നത്. ഇവിടെ പങ്കാളികള്‍ ഉള്ളവരോടും ഡോക്ടര്‍മാര്‍ ഇതു തന്നെയാണ് പറയുന്നത്. ഉറങ്ങാന്‍ കിടക്കുംനേരം അനാവശ്യ പ്രശ്‌നങ്ങള്‍ വലിച്ചിട്ട് പരസ്പരം ചൊറിയരുത്.

ശാരീരികവും മാനസികവുമായ അധ്വാനത്തിന് ശേഷം ശരീരത്തിന് ആവശ്യമായ വിശ്രമം ഉറക്കത്തിലൂടെയാണ് ലഭിക്കുന്നത്. കൃത്യമായി വിശ്രമം ലഭിക്കാതിരിക്കുമ്പോള്‍ ദേഷ്യവും മാനസികസമ്മര്‍ദവും വര്‍ധിക്കുക സ്വാഭാവികമാണ്. ദൈനംദിന കാര്യങ്ങളെ പോലും സ്വാധീനിക്കുന്ന രീതിയില്‍ അത് കുടുംബത്തിലെയും ജോലി സ്ഥലത്തെയും സമാധാന അന്തരീക്ഷം തകിടംമറിക്കുകയും ചെയ്യും.
അസുഖമായി മാറുംമുമ്പ്  ഉറക്കക്കുറവിന് പരിഹാരം കാണാന്‍ ശ്രമിക്കണം. മനസ്സ് ശാന്തമാക്കിയാല്‍ മാത്രം പോരാ. ഫഌറ്റുകളില്‍ ഉറക്കത്തിന് അനുകൂലമായ സാഹചര്യം ഉറപ്പുവരുത്തുകയാണ് ആദ്യം വേണ്ടത്. ശുദ്ധവായു ലഭിക്കുന്ന, ഒരുപാട് ചൂടില്ലാത്ത മുറിയാണ് ഉറങ്ങാന്‍ തെരഞ്ഞെടുക്കേണ്ടത്. പ്രകാശം ഉറക്കത്തെ വിപരീതമായി ബാധിക്കും. ഉറക്കത്തിന് സഹായകമാകുന്ന മെലാടോണിന്‍ എന്ന രാസപദാര്‍ഥം ശരീരത്തില്‍ ഉത്പാദിപ്പിക്കുവാന്‍ പ്രകാശം തടസ്സമാകുന്നതിനാലാണിത്.  
ഉറങ്ങാന്‍ കിടക്കുന്നതിനു തൊട്ടുമുന്‍പ് വരെയുള്ള മൊബൈല്‍ ഫോണിന്റെ ഉപയോഗവും മെലാടോണിന്‍  ഉല്‍പാദനം കുറക്കും. ഉറങ്ങുന്നതിന് മുക്കാല്‍ മണിക്കൂര്‍ മുമ്പെങ്കിലും ഫോണ്‍ ഉപയോഗം അവസാനിപ്പിക്കണം. ഉറക്കം തടസ്സപ്പെടുത്തുമെന്നതിനാല്‍ ചായ, കാപ്പി, കോള തുടങ്ങിയ ഉത്തേജന സ്വഭാവമുള്ള പാനീയങ്ങള്‍ ഒഴിവാക്കണം. ഉറങ്ങുന്നതിന് തൊട്ടുമുന്‍പ് ധാരാളം വെള്ളം കുടിച്ച് വയറു നിറക്കരുത്. ഉറങ്ങുന്ന സമയത്ത് വൃക്കകള്‍ ആക്ടീവാകുകയും ഇടക്കിടെ മൂത്രം ഒഴിക്കേണ്ടി വരികയും  ഉറക്കം മുറിഞ്ഞു പോകാന്‍ കാരണമാകുകയും ചെയ്യും.
 
രാത്രി വയറുനിറയെ ഭക്ഷണം കഴിക്കാനും പാടില്ല.  ഉറങ്ങുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പ് അത്താഴമെന്ന ശീലം വളര്‍ത്തണം. പുളിച്ചുതികട്ടല്‍, അസിഡിറ്റി എന്നിവ മൂലം ഉറക്കം നഷ്ടപ്പെടാതിരിക്കാന്‍ ഇത് അനിവാര്യമാണ്. എളുപ്പത്തില്‍ ദഹിക്കുന്ന ലഘുവായ ആഹാരമാണ് അത്താഴത്തിന് തെരഞ്ഞെടുക്കേണ്ടത്.  വറുത്തതും, പൊരിച്ചതും, മസാല ചേര്‍ത്ത് അളവില്‍ കൂടുതലും, ദഹിക്കാന്‍ ബുദ്ധിമുട്ടുള്ളതുമായ ആഹാരം അത്താഴത്തിന് ഉപയോഗിക്കരുത്. തൈര്, ഓറഞ്ച്, മുസംബി, മുന്തിരി, പൈനാപ്പിള്‍, പപ്പടം, കോഴിമുട്ട, മത്സ്യം, മാംസം, അച്ചാര്‍, കിഴങ്ങുവര്‍ഗങ്ങള്‍ തുടങ്ങിയവ രാത്രി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താതിരിക്കുക.

ഓഫീസില്‍ ഉറക്കം തൂങ്ങുന്നു; ഉറങ്ങാൻ കിടക്കുംമുമ്പ് വീട്ടിലേക്ക് വിളിക്കരുതെന്ന് പ്രവാസിയോട് ഡോക്ടര്‍

Latest News