Sorry, you need to enable JavaScript to visit this website.

യു.എ.ഇ സർക്കാർ സ്ഥാപനങ്ങൾ ഒരു ദിവസം ചെറുക്കുന്നത് അര ലക്ഷം സൈബർ ആക്രമണങ്ങൾ

യു.എ.ഇയിൽ പൊതുമേഖലാ സ്ഥാപനങ്ങൾ പ്രതിദിനം ശരാശരി അര ലക്ഷം സൈബർ സുരക്ഷാ ആക്രമണങ്ങളെ നേരിടുകയും പരാജയപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. രാഷ്ട്രീയമടക്കമുള്ള പലവിധ പ്രശ്‌നങ്ങൾ കാരണം ഈ ആക്രമണങ്ങൾ  വർധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.
സ്‌കാനിംഗ്, ഇ-മെയിൽ ഫിഷിംഗ്, റാൻസംവെയർ എന്നിവ ഉൾപ്പെടെ സർക്കാർ സ്ഥാപനങ്ങളുടെ മുഴുവൻ ശൃംഖലയെയും ബാധിക്കുന്ന സൈബർ ഭീഷണികളാണ് നിലവിലുള്ളതെന്ന് യു.എ.ഇ ഗവൺമെന്റ് സൈബർ സെക്യൂരിറ്റി മേധാവി ഡോ. മുഹമ്മദ് അൽ കുവൈത്തി പറഞ്ഞു.ലോകമെമ്പാടുമുള്ള ജിയോപൊളിറ്റിക്കൽ സാഹചര്യങ്ങൾ സൈബർ സുരക്ഷാ ഭീഷണികളുടെ എണ്ണം വർധിക്കാനുള്ള പ്രധാന കാരണമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. 
സൈബർ ഭീഷണികൾ നേരിടാൻ പിഴയും തടവും ഉൾപ്പെടെയുള്ള കടുത്ത നടപടികളാണ് യു.എ.ഇ സ്വീകരിച്ചുവരുന്നത്. ഡിജിറ്റൽ കുറ്റകൃത്യങ്ങൾ അന്വേഷിക്കാനും ചെറുക്കാനുമുള്ള സൈബർ സുരക്ഷാ സാങ്കേതികവിദ്യ നിർമാതാക്കളായ ഗ്രൂപ്പ്-ഐബിയുമായി കഴിഞ്ഞ ഒക്ടോബറിൽ യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ ധാരണാപത്രം ഒപ്പുവെച്ചിരുന്നു.
മിഡിൽ ഈസ്റ്റ്, തുർക്കി, ആഫ്രിക്ക മേഖലകളെ ലക്ഷ്യമിട്ട് സൈബർ കുറ്റവാളികൾ ഉപയോഗിക്കുന്ന നൂതന തന്ത്രങ്ങളും സാങ്കേതിക വിദ്യകളും സംബന്ധിച്ച വിവരങ്ങൾ പങ്കിടാൻ കഴിയുന്ന സംവിധാനം സ്ഥാപിക്കാനാണ് ഗ്രൂപ്പ്-ഐബിയുമായുള്ള ധാരണ. പൊതുമേഖല നേരിടുന്ന സൈബർ ആക്രമണ ഭീഷണികളുടെ രണ്ടോ മൂന്നോ ഇരട്ടി സ്വകാര്യ മേഖലയും നേരിടുന്നുണ്ടെന്ന് യു.എ.ഇ സൈബർ സുരക്ഷാ മേധാവി പറഞ്ഞു. സൈബർ സുരക്ഷയിൽ കാര്യമായി ശ്രദ്ധിക്കുകയോ മുതൽ മുടക്കുകയോ ചെയ്യാത്തതു കാരണം കഴിഞ്ഞ രണ്ടു വർഷം യു.എ.ഇയിലെ 15 ശതമാനം സ്വകാര്യമേഖലാ കമ്പനികളും സൈബർ ആക്രമണങ്ങൾ അഭിമുഖീകരിച്ചുവന്ന് കാസ്‌പെർസ്‌കി അടുത്തിടെ നടത്തിയ പഠനം വെളിപ്പെടുത്തിയിരുന്നു.  
ഇത്തരം ഭീഷണികൾക്കെതിരെ മന്ത്രാലയങ്ങൾ സ്വകാര്യ മേഖലയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് ഡോ. മുഹമ്മദ് അൽ കുവൈത്തി പറഞ്ഞു. സാമ്പത്തിക മേഖലയാണ് ഏറ്റവും കൂടുതൽ സൈബർ സുരക്ഷാ ഭീഷണികൾ നേരിട്ടുകൊണ്ടിരിക്കുന്നത്.  നിയമങ്ങളും നയങ്ങളും നിലവിലുണ്ടെങ്കിലും ആക്രമണങ്ങൾ വർധിക്കുകയാണെന്നും യുഎഇ ബാങ്ക്‌സ് ഫെഡറേഷനും (യുബിഎഫ്) ഇപ്പോൾ കൂടുതൽ സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.  ബാങ്കുകളുമായി ചേർന്ന് പ്രവർത്തിക്കുന്നതൊടൊപ്പം അവർ സൈബർ മേഖലയിലെ പരിശീലനത്തിൽ പങ്കെടുക്കുന്നുമുണ്ട്. 
സൈബർ ഭീഷണികളെ പ്രതിരോധിക്കുന്നതിൽ മാത്രമല്ല, പൊതു,സ്വകാര്യ മേഖലയുടെ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി നിരവധി സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിലും നിർമിത ബുദ്ധിയുടെ പങ്ക് നിർണായകമാണ്. 
ഇപ്പോൾ  ഒട്ടുമിക്ക കമ്പനികളും എ.ഐ ഉപയോഗിക്കുന്നുണ്ട്.  ഓരോ സർക്കാർ സ്ഥാപനവും തങ്ങളുടെ ആവർത്തിച്ചുള്ള ജോലികൾ  കാര്യക്ഷമമായി നിറവേറ്റാൻ നിർമിത ബുദ്ധി ഉപയോഗിക്കാൻ മത്സരിക്കുകയാണെന്നു പറയാം. 
ഡിസൈനുകളും കോഡിംഗും ശരിയാണെന്ന് ഉറപ്പാക്കാനും സുരക്ഷ ശക്തമാക്കാനും യു.എ.ഇ സർക്കാരിന്റെ സൈബർ സുരക്ഷാ യൂനിറ്റ് പൊതുമേഖലാ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗതാഗതം മുതൽ ആരോഗ്യ സംരക്ഷണം വരെയുള്ള വിവിധ മേഖലകളിൽ പ്രതിഫലിക്കുന്ന എ.ഐ രാഷ്ട്രമായി യുഎഇയെ മാറ്റന്നതിനാണ് വിഷൻ 2071 എന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സൈബർ സുരക്ഷാ മേഖലയുടെ വലിപ്പം 1.5 ബില്യൺ ദിർഹമാണെന്നും അദ്ദേഹം പറഞ്ഞു. 
സൈബർ സുരക്ഷയുടെയും മറ്റ് ബിസിസുകളുടെയും കാര്യത്തിൽ എ.ഐ ഒരു ശക്തമായ ഉപകരണമാകാമെന്നാണ് കോർപറേറ്ററിന്റെ സ്ഥാപകനും സിഇഒയുമായ ടോർ ഇംഗെ വാഷസ് അഭിപ്രായപ്പെട്ടത്. അതേസമയം,  അപകട സാധ്യതകൾ ഉള്ളതിനാൽ അത് നിയന്ത്രിക്കേണ്ടതുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. 
നിർമിത ബുദ്ധിയുടെയും സൈബർ സുരക്ഷയുടെയും കാര്യത്തിൽ നിർവഹണം സുപ്രധാനമാണെന്ന് ഈ രംഗത്ത് ഡിജിറ്റൽ പരിഹാരങ്ങൾ നൽകുന്ന കോർപറേറ്ററിന്റെ ചീഫ് എക്‌സിക്യൂട്ടീവായ  ടോർ ഇംഗെ പറഞ്ഞു.

Latest News