സ്വത്തു തര്‍ക്കം: യുവാവ് അച്ഛന്റെ കണ്ണ് കൈകൊണ്ട് പിഴുതെടുത്തു

ബംഗളുരു- സ്വത്തവകാശ തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് 65കാരനായ അച്ഛന്റെ കണ്ണ് വെറും കൈ കൊണ്ട് ചൂഴന്നെടുത്തു. ബംഗളുരുവില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. 40കാരനായ അഭിഷേക് ചേതന്‍ ജെ.പി നഗറിലെ വീട് അവകാശം തന്റെ പേരിലെഴുതിത്തരാന്‍ അച്ഛനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അച്ഛന്‍ പരമേശ്വര്‍ ഈ സ്വത്ത് അഭിഷേകിനും സഹോദരിക്കുമായി വിഹിതം വയ്ക്കാന്‍ തീരുമാനിച്ചതാണ് ഇയാളെ പ്രകോപിപ്പിച്ചത്. സ്വത്ത് തന്റെ പേരില്‍ മാത്രമായി എഴുതിത്തരണമെന്നാവശ്യപ്പെട്ട് അച്ഛനുമായി അഭിഷേക് തര്‍ക്കത്തിലായിരുന്നു. വഴക്ക് മൂത്തതോടെ ഇയാള്‍ അച്ഛന്റെ കണ്ണ് പിഴുതെടുക്കുകയായിരുന്നു. അച്ഛന്‍ വേദന കൊണ്ട് പുളയുന്നത് കണ്ട ഇയാള്‍ പിന്നീട് ഓടി രക്ഷപ്പെട്ടെങ്കിലും പോലീസ് പിന്തുടര്‍ന്ന് പിടികൂടി അറസ്റ്റ് ചെയ്തു. പരമേശ്വറിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെങ്കിലും ഒരു കണ്ണ് പൂര്‍ണമായും നഷ്ടമായതായി പോലീസ് പറഞ്ഞു.

അഭിഷേക് മയക്കു മരുന്നിന് അടിമയാണെന്നും സ്വന്തമായി ജോലിയും മറ്റു വരുമാനങ്ങളുമില്ലെന്നും പോലീസ് പറഞ്ഞു. അമ്മയുടെ മരണ ശേഷമാണ് സ്വത്ത് തന്റെ പേരിലാക്കിത്തരണമെന്നാവശ്യപ്പെട്ട് ഇയാള്‍ അച്ഛനുമായി ഇടക്കിടെ വഴക്കിടാന്‍ തുടങ്ങിയത്.
 

Latest News