ദുബായ്- രാജ്യം സന്ദര്‍ശിക്കുന്ന മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് യു.എ.ഇയില്‍ മൂന്ന് മാസത്തേക്ക് പ്രാക്ടീസ് ചെയ്യാന്‍ അനുമതി. ഇതിനായി ത്രിമാസ പരിശീലന അനുമതി സംവിധാനം ആരംഭിച്ചതായി ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡി.എച്ച്.എ) ബുധനാഴ്ച നടന്ന അറബ് ഹെല്‍ത്ത് കോണ്‍ഗ്രസ് 2024ല്‍ പ്രഖ്യാപിച്ചു.
അടിയന്തര സാഹചര്യം, ദുരന്തങ്ങള്‍, പ്രതിസന്ധികള്‍ എന്നിവ കൈകാര്യം ചെയ്യാന്‍ പ്രാദേശിക ആരോഗ്യ സംരക്ഷണ മേഖലയെ സജ്ജരാക്കുന്നതില്‍ ഈ സംരംഭം സഹായകമാകുമെന്ന് ഡി.എച്ച്.എ പറഞ്ഞു.
രാജ്യം സന്ദര്‍ശിക്കുന്ന മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് അനുയോജ്യമായ തൊഴില്‍ അന്തരീക്ഷം സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടുള്ള താല്‍ക്കാലിക പെര്‍മിറ്റ്, എമിറേറ്റിലെ ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകള്‍ക്കുള്ള ആവശ്യം നിറവേറ്റുന്നതിനും പ്രത്യേക മേഖലകളില്‍ മെഡിക്കല്‍ വൈദഗ്ധ്യം നേടുന്നതിനും പ്രാപ്തമാക്കുമെന്ന് ഡി.എച്ച്.എ കൂട്ടിച്ചേര്‍ത്തു.
പെര്‍മിറ്റിനായി പ്രത്യേക അപേക്ഷ നല്‍കണമെന്ന് ഡി.എച്ച്.എ പറഞ്ഞു. യു.എ.ഇയില്‍ താമസിക്കുന്ന പ്രൊഫഷണലുകള്‍ക്ക് സേവനത്തിനായി നേരിട്ട് അപേക്ഷിക്കാന്‍ കഴിയില്ല.
അപേക്ഷാ പ്രക്രിയ ലളിതമാണെന്നും ഇലക്ട്രോണിക് സംവിധാനമായ 'ഷെര്‍യാന്‍' വഴി ഒരു ദിവസത്തിനകം പെര്‍മിറ്റ് സ്വന്തമാക്കാമെന്നും അധികൃതര്‍ പറഞ്ഞു. ലൈസന്‍സുള്ള ആരോഗ്യ സംരക്ഷണ കേന്ദ്രത്തിന്റെ മെഡിക്കല്‍ ഡയറക്ടറുടെ അക്കൗണ്ട് വഴിയാണ് സമര്‍പ്പിക്കേണ്ടത്.