രഞ്ജിത്ത് ശ്രീനിവാസ് വധക്കേസില്‍ വിധി പറഞ്ഞ ജഡ്ജിക്ക് ഭീഷണി, പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി

ആലപ്പുഴ - ബി ജെ പി നേതാവ് രഞ്ജിത്ത് ശ്രീനിവാസ് കൊല്ലപ്പെട്ട കേസില്‍ മുഴുവന്‍ പ്രതികള്‍ക്കും വധശിക്ഷ വിധിച്ച ജഡ്ജിക്ക് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. മാവേലിക്കര അഡീ. സെഷന്‍സ് ജഡ്ജ് വി ജി ശ്രീദേവിക്കാണ് പോലീസ് സുരക്ഷ ശക്തമാക്കിയത്. സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ ജഡ്ജിക്കെതിരെ ഭീഷണികളുയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് ക്വാര്‍ട്ടേഴ്സില്‍ സുരക്ഷ ഏര്‍പ്പെടുത്തിയത്. എസ് ഐ അടക്കം 5 പൊലീസുകാരുടെ കാവലാണുള്ളത്. അതേസമയം, രഞ്ജിത്ത് ശ്രീനിവാസ് വധക്കേസില്‍ രണ്ടാം ഘട്ട കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. 20 പ്രതികളാണ് രണ്ടാം ഘട്ടത്തിലുള്ളത്. തെളിവ് നശിപ്പിക്കല്‍, പ്രതികളെ ഒളിവില്‍ പാര്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതോടെ കേസിലെ ആകെ പ്രതികളുടെ എണ്ണം 35 ആകും. ആദ്യഘട്ട വിചാരണ നേരിട്ട 15 പ്രതികള്‍ക്കും കോടതി ഇന്നലെ വധശിക്ഷ വിധിച്ചിരുന്നു.

Latest News