അനസ്തേഷ്യ നല്‍കിയതിനു പിന്നാലെ  യുവതി മരിച്ചു; ആശുപത്രിക്കെതിരെ കേസെടുത്തു 

മഞ്ചേരി-അനസ്തേഷ്യ നല്‍കിയതിനു പിന്നാലെ യുവതി മരിച്ചതില്‍ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം. മഞ്ചേരി തിരുമണിക്കര സ്വദേശി ഷീബമോളാണ് മരിച്ചത്. അനസ്തേഷ്യ നല്‍കിയതിനു പിന്നാലെ ഷീബയുടെ ആരോഗ്യസ്ഥിതി മോശമായിട്ടും മണിക്കൂറുകളോളം കുടുംബത്തെ അറിയിച്ചില്ലെന്നാണ് ആരോപണം. സംഭവത്തില്‍ മലപ്പുറം പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു. രക്തസ്രാവത്തെ തുടര്‍ന്ന് ഈമാസം പതിനാറിനാണ് ഷീബയെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗര്‍ഭപാത്രം ഒഴിവാക്കണമെന്ന് നിര്‍ദേശിച്ച ഡോക്ടര്‍ ഓപ്പറേഷനായി അനസ്തേഷ്യ നല്‍കി. തൊട്ടുപിന്നാലെ അബോധവസ്ഥയിലായ ഷീബയുടെ ആരോഗ്യസ്ഥിതി വഷളായി. മണിക്കൂറുകള്‍ക്കു ശേഷമാണ് കുടുംബം ഈ വിവരം അറിഞ്ഞതെന്നാണ് പരാതി. ആശുപത്രിക്ക് സംഭവിച്ച വീഴ്ച്ചയാണ് മരണകാരണമെന്ന് സഹോദരി അനുഷ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
അതേസമയം, ചികിത്സാപിഴവ് സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രിയുടെ വിശദീകരണം. സംഭവത്തില്‍ മലപ്പുറം പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു. ആരോഗ്യവിദഗ്ധന്റെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

Latest News