ഇരിട്ടിയില്‍ സ്‌ഫോടനം; ലീഗ് ഓഫീസില്‍നിന്ന് ആയുധങ്ങള്‍ പിടിച്ചു

ഇരിട്ടി - ഇരിട്ടിയില്‍ മുസ്‌ലിം ലീഗ് ഓഫീസില്‍നിന്ന് ബോംബുകളും മാരകായുധങ്ങളും കണ്ടെുത്തു. മൂന്നു നാടന്‍ ബോംബുകളും മൂന്നു വടിവാളുകളും ഇരുമ്പു ദണ്ഡുകളും ബോംബ് നിര്‍മാണ സാമഗ്രികളുമാണ് പിടിച്ചെടുത്തത്.
ഇന്നലെ വൈകുന്നേരത്തോടെ ഇരിട്ടി പോലീസും ബോംബ് സ്‌ക്വാഡും നടത്തിയ  റെയ്ഡിലാണ് ഇവ കണ്ടെടുത്തത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
ഇരിട്ടി ബസ് സ്റ്റാന്‍ഡിനു സമീപം ലീഗ് ഓഫീസിനോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍  ഉച്ചയോടെ സ്‌ഫോടനം നടന്നിരുന്നു. ഈ സ്‌ഫോടനത്തില്‍ കെട്ടിടത്തിനും സമീപത്തു നിര്‍ത്തിയിട്ടിരുന്ന മൂന്നു കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. തുടര്‍ന്നാണ് പോലീസ് സംഘം പരിശോധന നടത്തിയത്. പിടിച്ചെടുത്ത നാടന്‍ ബോംബുകള്‍ അടുത്തിടെ നിര്‍മ്മിച്ചവയാണ്. എന്നാല്‍ ആയുധങ്ങള്‍ തുരുമ്പെടുത്തവയാണ്.
സ്‌ഫോടനം നടന്നത് ലീഗ് ഓഫീസിലല്ലെന്ന് ഭാരവാഹികള്‍ അറിയിച്ചു. പോലീസ് അന്വേഷണം നടത്തി സാമൂഹ്യ ദ്രോഹികളെ കണ്ടെത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

 

Latest News