നായികയായാലും പ്രതിനായികയായാലും കഥാപാത്രത്തിന്റെ വലിപ്പച്ചെറുപ്പമൊന്നും ആർഷയെ അലോസരപ്പെടുത്തുന്നില്ല. കാമ്പുള്ള കഥാപാത്രങ്ങളാണ് ലക്ഷ്യം. അതിനൽപം കാത്തിരുന്നാലും വിഷമമില്ല. ആവറേജ് അമ്പിളി എന്ന വെബ് സീരീസിലെ അമ്പിളിയെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകമനസ്സ് കീഴടക്കിയ ആർഷ ചാന്ദ്‌നി ബൈജുവിന്റെ വേഷങ്ങളൊന്നും മോശമായിരുന്നില്ല. പോയ വർഷം ആദ്യം പുറത്തിറങ്ങിയ മുകുന്ദനുണ്ണി അസോസിയേറ്റ്‌സിലെ തികച്ചും നെഗറ്റീവ് ഷേഡുള്ള വേഷവും ആർഷയിൽ ഭദ്രമായിരുന്നു. ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തുന്നതിന്റെ സന്തോഷത്തിലാണ് ഈ അഭിനേത്രി.
മധുരമനോഹര മോഹത്തിലെ പൊട്ടിത്തെറിച്ച പെണ്ണായ ശലഭയും കോമഡി ട്രാക്കിലുള്ള രാമചന്ദ്രബോസ് ആന്റ് കോയിലെ ജെസിയുമെല്ലാം ഒന്നിനൊന്നു വ്യത്യസ്ത വേഷങ്ങളായിരുന്നു. ബോസ് അഭിനയിച്ചതിനു ശേഷമായിരുന്നു മികച്ച കഥാപാത്രങ്ങൾക്കായി കാത്തിരിക്കാമെന്ന് കരുതിയത്. വിടർന്ന കണ്ണുകളുമായി ഏതോ സ്വപ്‌നത്തിന്റെ തേരിലേറിയുള്ള സഞ്ചാരം.
ഇനിയും അഭിനയിക്കാൻ മനസ്സിൽ ഒരുപാട് കഥാപാത്രങ്ങളുണ്ട്. ചെറുപ്പം മുതൽ നൃത്തം പരിശീലിക്കുന്നതുകൊണ്ടാകാം ഒരു നർത്തകിയായുള്ള കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന മോഹം ഏറെക്കാലമായുള്ളതാണ്. ശോഭന ചേച്ചിയും ഉർവ്വശി ചേച്ചിയുമെല്ലാം അവതരിപ്പിച്ച കഥാപാത്രങ്ങളോട് എന്നും ഒരു ഒരിഷ്ടക്കൂടുതലുണ്ടായിരുന്നു.
കാസ്റ്റിംഗ് കോൾ കണ്ടാണ് ഓരോ സിനിമയിലും എത്തുന്നത്. അപേക്ഷ അയയ്ക്കും. ഒഡീഷനും പോകും. പതിനെട്ടാം പടിയിൽ എത്തിയതും അങ്ങനെത്തന്നെയായിരുന്നു. ഒരുപാട് സിനിമകളിലൊന്നും അഭിനയിച്ചിട്ടില്ല. തമിഴ് ഉൾപ്പെടെ ആറു ചിത്രങ്ങളിൽ അഭിനയിച്ചുകഴിഞ്ഞു. കരിക്ക് ഫ്ലിക്കിലൂടെ റിലീസ് ചെയ്ത ആവറേജ് അമ്പിളിയാണ് സിനിമയിൽ നല്ല അവസരങ്ങൾക്കായി വാതിൽ തുറന്നുതന്നത്.
സിനിമയിലെ ഒഴിവുകാലം പഠനത്തിനായാണ് മാറ്റിെവച്ചത്. ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എയെടുത്തു. കൂടാതെ കണ്ടന്റ് റൈറ്റിംഗ് കോഴ്‌സും പഠിച്ചു. അച്ഛൻ ബൈജുവും അമ്മ ചാന്ദ്‌നിയും വിദ്യാഭ്യാസ മേഖലയിലായതുകൊണ്ട് പഠനം തുടരുന്നതിൽ ബുദ്ധിമുട്ടില്ല. അവരും ഹാപ്പി. വായനയും പാചകവും പഠനവും സിനിമ കാണലുമായി കുറേ നാളുകൾ. വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തുന്നതിന്റെ സന്തോഷം ആ കണ്ണുകളിലുണ്ട്.
ഷെയ്ൻ നിഗവും ആർഷയും പ്രണയ ജോഡികളായി എത്തുന്ന ഖുർബാനിയാണ് ഉടൻ പുറത്തിറങ്ങുന്നത്. ജിയോ വി രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ ചിത്രം ഒരു പ്രണയ ചിത്രമാണ്. ഏറെക്കാലം മുമ്പേ ചിത്രീകരണം ആരംഭിച്ചിരുന്നെങ്കിലും ഷെയ്‌നുമായി ബന്ധപ്പെട്ട ചില വിവാദങ്ങളിൽപെട്ട് ചിത്രീകരണം നീണ്ടു. കൂടാതെ അജിത് കുമാർ സംവിധാനം ചെയ്യുന്ന മുഗൈ എന്ന തമിഴ് ചിത്രത്തിൽ കിഷോർ കുമാറിന്റെ നായികയായും ആർഷയെത്തുന്നുണ്ട്.
കുട്ടിക്കാലം തൊട്ടേ ക്ലാസിക്കൽ നൃത്തവും ശാസ്ത്രീയ സംഗീതവും അഭ്യസിച്ചിരുന്നു. സ്‌കൂൾ കലോത്സവങ്ങളിലും പങ്കെടുത്തിരുന്നു. കുട്ടിക്കാലത്ത് ഡോക്ടറാകാനായിരുന്നു ആഗ്രഹിച്ചതെങ്കിലും പിന്നീട് ഒരു നർത്തകിയായി പ്രശസ്തയാകണമെന്നായി മോഹം. മുതിർന്നപ്പോൾ സിനിമയിൽ അഭിനയിക്കണമെന്നായി ആഗ്രഹം. പ്ലസ് ടു കഴിഞ്ഞ സമയത്തായിരുന്നു പതിനെട്ടാം പടിയിലേയ്ക്കുള്ള കാസ്റ്റിംഗ് കോൾ കണ്ടത്. ഒഡീഷനിലൂടെ സെലക്ഷനും ലഭിച്ചു. അങ്ങനെയാണ് ശങ്കർ രാമകൃഷ്ണൻ സാറിന്റെ പതിനെട്ടാം പടി എന്ന ചിത്രത്തിൽ വേഷമിടുന്നത്. ഒരു കുടുംബ സുഹൃത്തിന്റെ മീനാക്ഷി എന്നൊരു സംഗീത ആൽബത്തിലും വേഷമിട്ടു. തുടർന്നാണ് ആവറേജ് അമ്പിളി എന്ന വെബ് സീരീസിൽ വേഷമിടുന്നത്. ആവറേജ് അമ്പിളിയിലെ വേഷമാണ് മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിലേയ്ക്കു വഴിയൊരുക്കിയത്. ആവറേജ് അമ്പിളി കണ്ട സംവിധായകൻ അഭിനവ് സുന്ദർ നായിക് എന്നെ ഒഡീഷന് ക്ഷണിക്കുകയായിരുന്നു. ഒഡീഷനിലൂടെയാണ് ചിത്രത്തിലെത്തിയത്. ഒഡീഷൻ പാസായപ്പോൾ തിരക്കഥ വായിക്കാൻ പറഞ്ഞു. ഒടുവിൽ സമ്മതം മൂളുകയായിരുന്നു. നായകൻ വിനീതേട്ടനാണെന്ന് അറിഞ്ഞപ്പോൾ ഏറെ സന്തോഷം തോന്നി. ഒരു തുടക്കക്കാരിയായ എനിക്ക് അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാനാവുന്നത് എനിക്കു ലഭിച്ച നല്ല അവസരമായി തോന്നി. അദ്ദേഹത്തിൽനിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. ചിത്രത്തിലെ കഥാപാത്രങ്ങളിൽ രസകരമായ വേഷമായിരുന്നു മീനാക്ഷിയുടേത്. തികച്ചും നെഗറ്റീവ് ഷേഡുള്ള വേഷം. എങ്കിലും നന്നായി പെർഫോം ചെയ്യാൻ കഴിഞ്ഞു എന്നാണ് വിശ്വാസം.
മുകുന്ദനുണ്ണിയുടെ തിരക്കഥയുടെ ശക്തി സിനിമയിലുണ്ടാകണമെന്ന് സംവിധായകൻ അഭിനവ് സാറിന് നിർബന്ധമുണ്ടായിരുന്നു. സംഭാഷണങ്ങളെല്ലാം നന്നായി പഠിക്കണമെന്നു പറഞ്ഞിരുന്നു. ആദ്യസീനുകളെല്ലാം ചെയ്യുമ്പോൾ നല്ല ഭയമുണ്ടായിരുന്നു. എങ്കിലും സീൻ കഴിയുമ്പോൾ സംവിധായകൻ ഓകെ പറയുമ്പോഴാണ് സമാധാനമായത്. പിന്നീട് ആത്മവിശ്വാസം കൂടി. മീനാക്ഷിയെ അവതരിപ്പിക്കുന്നത് രസകരമായി തോന്നി. മുകുന്ദനും മീനാക്ഷിയും വില്ലനും വില്ലത്തിയുമായി മാറുകയായിരുന്നു. കോളേജ് വിദ്യാർഥികളുടെ ബസ് മറിഞ്ഞ് അപകടമുണ്ടായപ്പോൾ ഇത് രണ്ടര കോടിയുടെ മുതലുണ്ടല്ലോ എന്ന് ഭർത്താവായ മുകുന്ദൻ വക്കീലിനോട് പറയാൻ മീനാക്ഷിക്ക് മടിയില്ല. കാരണം അവർ അത്രയും ക്രൂരയായിരുന്നു. മീനാക്ഷിക്ക് അവളുടെ ജീവിതം സുരക്ഷിതമാക്കുകയായിരുന്നു ലക്ഷ്യം. രാഷ്ട്രീയക്കാരും ലോകനേതാക്കളുമെല്ലാം വിജയിക്കുന്നത് ആത്മാർപ്പണം കൊണ്ടു മാത്രമല്ലെന്നും തന്ത്രങ്ങളിലൂടെയും കള്ളത്തരങ്ങളിലൂടെയുമാണെന്നും അവൾ മറ്റൊരു വക്കീലിനോടു പറയുന്നതും മറ്റൊന്നും കൊണ്ടല്ല. ഡയലോഗ് പറയുമ്പോൾ ആളുകൾ തെറ്റിദ്ധരിക്കുമോ എന്ന ഭയമുണ്ടായിരുന്നു. എന്നാൽ ഇത്തരത്തിലുള്ള ആളുകളും ഇവിടെയുണ്ടെന്ന് കാണിച്ചുകൊടുക്കലാണ് നമ്മുടെ ലക്ഷ്യമെന്ന് സംവിധായകൻ പറഞ്ഞുതരികയായിരുന്നു.
ആലപ്പുഴ ജില്ലയിലെ മാന്നാറാണ് സ്വദേശം. അച്ഛനും അമ്മയും ചേട്ടനും അപ്പൂപ്പനുമടങ്ങുന്ന കുടുംബം. അച്ഛനും അമ്മയും സ്‌കൂൾ അധ്യാപകരായിരുന്നു. അച്ഛൻ റേഡിയോ ക്ലബ്ബിൽ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അമ്മ നന്നായി പാടുമായിരുന്നു. ചേട്ടൻ അരവിന്ദ് സംഗീത സംവിധാനം ചെയ്യാറുണ്ട്. കലയെ ഇഷ്ടപ്പെടുന്നവരായിരുന്നു എല്ലാവരും. മാസത്തിൽ രണ്ടു തവണയെങ്കിലും തിയേറ്ററിൽ പോയി സിനിമ കാണുമായിരുന്നു. കലയോടൊപ്പം പഠനവും കൊണ്ടുപോകണമെന്നായിരുന്നു മാതാപിതാക്കളുടെ നിർദേശം. ഒരു ജോലി സമ്പാദിക്കുക എന്നൊരു ലക്ഷ്യവുമുണ്ട്.